പി.എസ്.സി വിവര ചോർച്ച; ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച്
text_fieldsതിരുവനന്തപുരം: പി.എസ്.സി സർവറിൽനിന്ന് 65 ലക്ഷത്തോളം ഉദ്യോഗാർഥികളുടെ ലോഗിൻ വിവരങ്ങൾ ഹാക്കർമാർ ചോർത്തി ഡാർക്ക് വെബിൽ വിൽപനക്ക് വെച്ചതുമായി ബന്ധപ്പെട്ട് പി.എസ്.സിയുടെ ഔദ്യോഗിക രഹസ്യരേഖ ‘മാധ്യമ’ത്തിന് ലഭിച്ചതിൽ പി.എസ്.സി ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം കടുപ്പിച്ച് ക്രൈംബ്രാഞ്ച്. പബ്ലിക് റിലേഷൻ ഓഫിസർ അടക്കം 20ഓളം പേരെ ചോദ്യംചെയ്ത ക്രൈംബ്രാഞ്ച്, ഇവരുടെ ഫോൺ വിവരങ്ങളും സൈബർ സെൽ മുഖേന ശേഖരിച്ചുതുടങ്ങി.
ഉദ്യോഗാർഥികളുടെ യൂസർ നെയിമും പാസ്വേഡും അടങ്ങിയ വിവരങ്ങൾ ഡാർക്ക് വെബിലുണ്ടെന്ന ‘മാധ്യമം’ വാർത്തയെ ആദ്യഘട്ടത്തിൽ വ്യാജവാർത്തയാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് പി.എസ്.സി ചെയർമാൻ ഡോ.എം.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ നടന്നത്. പൊതുജനങ്ങൾക്കിടയിലും ഉദ്യോഗാർഥികൾക്കിടയിലുമുള്ള പി.എസ്.സിയുടെ വിശ്വാസ്യത നിലനിർത്തുന്നതിന് ഔദ്യോഗിക വാർത്തകുറിപ്പിലൂടെ ‘മാധ്യമ’ത്തെ പൊതുസമൂഹത്തിന് മുന്നിൽ വ്യാജ ചാപ്പകുത്തി അവതരിപ്പിക്കുകയായിരുന്നു.
ചോർച്ച ചർച്ച ചെയ്യാൻ മേയ് 27ന് പി.എസ്.സി ചെയർമാന്റെ നേതൃത്വത്തിൽ ചേർന്ന കമീഷന്റെ അജണ്ട കുറിപ്പ് ‘മാധ്യമം’ പുറത്തുവിട്ടതോടെ പി.എസ്.സിയുടെ വാദങ്ങൾ പൊളിഞ്ഞു. തുടർന്ന് ചെയർമാന്റെ നിർദേശപ്രകാരം പി.എസ്.സി സെക്രട്ടറിയുടെ പരാതിയിൽ വഞ്ചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. നിലവിൽ ആരെയും പ്രതികളായി കേസിൽ ചേർത്തിട്ടില്ല.
മാധ്യമം വാർത്ത സമൂഹമാധ്യമങ്ങളിലും പി.എസ്.സി ജീവനക്കാരുടെ അനൗദ്യോഗിക വാട്സ്ആപ് ഗ്രൂപ്പുകളിലേക്കും പങ്കുവെച്ചവരെ ചോദ്യംചെയ്തുകഴിഞ്ഞു. കുറിപ്പ് തയാറാക്കിയ ജീവനക്കാരെയും വിവിധ സെക്ഷനുകളിലെ വനിതകളടക്കം ഉദ്യോഗസ്ഥരെയും ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തിയും പി.എസ്.സി ആസ്ഥാനത്തെത്തിയും ചോദ്യം ചെയ്തുവരികയാണ്. വാർത്ത നൽകിയ ‘മാധ്യമം’ ലേഖകൻ അനിരു അശോകന്റെ മൊഴി ശനിയാഴ്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജി. ബിനുവിന്റെ നേതൃത്വത്തിൽ രേഖപ്പെടുത്തിയിരുന്നു.
വാർത്തയുടെ ഉറവിടം വെളിപ്പെടുത്തണമെന്ന് ലേഖകനോട് ആവശ്യപ്പെട്ടെങ്കിലും വിവരം നൽകാൻ തയാറാകാത്തതിനെ തുടർന്ന് 48 മണിക്കൂറിനുള്ളിൽ മൊബൈൽ ഫോൺ ക്രൈംബ്രാഞ്ച് സെൻട്രൽ യൂനിറ്റിന് മുന്നിൽ ഹാജരാക്കണമെന്നാണ് നിർദേശം. വാർത്തയുടെ ഉറവിടം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ‘മാധ്യമം’ ചീഫ് എഡിറ്റർക്കും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.