ഉദ്യോഗാർഥികൾക്കെതിരായ നടപടികളിൽനിന്ന് പി.എസ്.സി പിന്നോട്ട്
text_fieldsതിരുവനന്തപുരം: തൊഴിൽ നിഷേധത്തിനെതിരെ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ച ഉദ്യോഗാർഥികളെ തെരഞ്ഞെടുപ്പ് നടപടികളിൽനിന്ന് വിലക്കാനും അവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാനുമുള്ള തീരുമാനത്തിൽനിന്ന് പി.എസ്.സി പിന്നോട്ട്. ഉദ്യോഗാർഥികളെ വിലക്കാനോ ശിക്ഷാനടപടി സ്വീകരിക്കാനോ കമീഷൻ തീരുമാനിച്ചിട്ടില്ലെന്നും ആഭ്യന്തര വിജിലൻസ് അന്വേഷണത്തിനുശേഷം ഉദ്യോഗാർഥികളുടെ വാദം കേൾക്കുമെന്നും പി.എസ്.സി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കമീഷൻ അറിയാതെ ചെയർമാൻ എം.കെ. സക്കീർ നേരിട്ട് ഉദ്യോഗാർഥികളെ വിലക്കാൻ തീരുമാനിച്ചതിനെതിരെ കമീഷനുള്ളിൽതന്നെ ഒരുവിഭാഗം രംഗത്തുവന്ന പശ്ചാത്തലത്തിലാണ് 'തെറ്റുതിരുത്തൽ' നടപടി. കാസർകോട് ജില്ലയിലെ സ്റ്റാഫ് നഴ്സ്, ആരോഗ്യവകുപ്പിലെ ജനറൽ ഫിസിയോതെറപിസ്റ്റ്, ആയുർവേദ കോളജിലെ ഫിസിയോതെറപിസ്റ്റ് തസ്തികകളിലെ ഉദ്യോഗാർഥികളെയാണ് പി.എസ്.സി വിലക്കാൻ തീരുമാനിച്ചിരുന്നത്.
ഇതുസംബന്ധിച്ച് സെക്രട്ടറി സാജു ജോർജ് കമീഷൻ തീരുമാനമെന്ന നിലയിൽ ആഗസ്റ്റ് 25ന് പുറത്തിറക്കിയ വാർത്തകുറിപ്പ് വിവാദമായിരുന്നു. ഉദ്യോഗാർഥികൾക്കെതിരെ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിനായിരുന്നു കമീഷൻ ശിപാർശ ചെയ്തത്. എന്നാൽ ഇതുമറികടന്ന് ചെയർമാൻ നേരിട്ട് പി.എസ്.സി ചട്ടം 22 പ്രകാരം കാരണം കാണിക്കൽ നോട്ടീസുപോലും നൽകാതെ ഉദ്യോഗാർഥികൾക്കെതിരെ ശിക്ഷ നടപടി സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.
ചെയർമാെൻറ നടപടി ചട്ടവിരുദ്ധമാണെന്നും ഇത് നിയമനടപടികളിലേക്ക് ഭാവിയിൽ പി.എസ്.സിയെ വലിച്ചിഴച്ചേക്കാമെന്നും കമീഷൻ അംഗങ്ങൾതന്നെ മുന്നറിയിപ്പ് നൽകിയതോടെയാണ് ഉദ്യോഗാർഥികൾക്കെതിരെ ആദ്യഘട്ടത്തിൽ വിജിലൻസ് അന്വേഷണം മതിയെന്ന നിലപാടിലേക്ക് ചെയർമാൻ പിൻവാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.