മലയാളത്തിൽ വകുപ്പുതല പരീക്ഷ എഴുതിയ 3000 സർക്കാർ ജീവനക്കാരെ പി.എസ്.സി ‘പുറത്താക്കി’
text_fieldsതിരുവനന്തപുരം: വകുപ്പുതല പരീക്ഷക്ക് മലയാളം ചോദ്യപേപ്പർ തെരഞ്ഞെടുത്ത് ഉത്തരമെഴുതിയ മൂവായിരത്തോളം സർക്കാർ, പൊതുമേഖല, അധ്യാപക ജീവനക്കാരുടെ മാർക്കുകൾ സാങ്കേതിക പ്രശ്നത്തെ തുടർന്ന് കേരള പബ്ലിക് സർവിസ് കമീഷൻ തടഞ്ഞുവെച്ചു.
മാർച്ചിൽ നടത്തിയ അക്കൗണ്ട് (ലോവർ) ഓൺലൈൻ പരീക്ഷക്ക് ചോദ്യപേപ്പർ മലയാളം തെരഞ്ഞെടുത്തവരുടെ മാർക്ക് ലിസ്റ്റാണ് ഇവർ പരീക്ഷക്ക് ‘ഹാജരായിട്ടില്ലെന്ന്’ രേഖപ്പെടുത്തി തടഞ്ഞത്. ഇംഗ്ലീഷിൽ പരീക്ഷ എഴുതിയവരുടെ ഫലം ബുധനാഴ്ച പുറത്തുവിട്ടു.
അട്ടിമറി ആരോപിച്ച് ജീവനക്കാരും സർവിസ് സംഘടനകളും പരാതിയുമായി സമീപിച്ചതോടെ സാങ്കേതിക തകരാർ പരിഹരിച്ച് വ്യാഴാഴ്ച ഉച്ചയോടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. മുൻവർഷങ്ങളിൽ ഒ.എം.ആർ രീതിയിലായിരുന്ന അക്കൗണ്ട് പരീക്ഷ ഈ വർഷമാണ് ഓൺലൈനിലേക്ക് മാറ്റിയത്. അക്കൗണ്ട് പരീക്ഷയിൽ ലോവർ നാല് പേപ്പറും ഹയർ നാല് പേപ്പറുമാണ്.
ലോവറിൽ വരുന്ന ദ കേരള ട്രഷറി കോഡ് (പേപ്പർ നാല്), ഇൻട്രൊഡക്ഷൻ ടു ദ ഇന്ത്യൻ ഗവൺമെന്റ് അക്കൗണ്ട്സ് ആൻഡ് ഓഡിറ്റ് ( പേപ്പർ മൂന്ന്), കേരള സർവിസ് റൂൾസ് ( പേപ്പർ ഒന്ന്), കേരള ഫിനാന്ഷ്യൽ കോഡ് (പേപ്പർ രണ്ട്) എന്നീ പരീക്ഷകൾക്ക് മലയാളത്തിലും ഇംഗ്ലീഷിലും ചോദ്യപേപ്പർ തെരഞ്ഞെടുക്കാൻ അവസരമുണ്ട്.
എന്നാൽ, ബുധനാഴ്ച ഫലം വന്നപ്പോൾ മലയാളത്തിൽ പരീക്ഷ എഴുതിയവരുടെ മാർക്ക് പി.എസ്.സി മാർക്ക് ലിസ്റ്റിൽ രേഖപ്പെടുത്തിയില്ല. ഇവർ പരീക്ഷക്ക് ഹാജരായിട്ടില്ലെന്ന വിശദീകരണമാണ് മാർക്ക് ലിസ്റ്റിൽ രേഖപ്പെടുത്തിയത്. ഇതിനെതിരെ എൻ.ജി.ഒ സെന്റർ അടക്കം സർവിസ് സംഘടനകളും ജീവനക്കാരും പി.എസ്.സിയെ സമീപിക്കുകയായിരുന്നു.
മലയാളത്തിലും ഇംഗ്ലീഷിലും ചോദ്യപേപ്പർ തെരഞ്ഞെടുക്കുന്നവർക്ക് രജിസ്റ്റർ നമ്പറിനൊപ്പം പ്രത്യേക നമ്പർ കൂടി പി.എസ്.സി നൽകാറുണ്ട്. ഈ നമ്പർ ഡീകോഡ് ചെയ്ത ശേഷമാണ് ഓൺലൈൻ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കുന്നത്.
എന്നാൽ, അക്കൗണ്ട് ലോവർ പരീക്ഷയിലെ നാലു പേപ്പറിലും മലയാളത്തിൽ ചോദ്യപേപ്പർ വാങ്ങിയവരുടെ രജിസ്റ്റർ നമ്പറിനൊപ്പമുള്ള ഈ പ്രത്യേക നമ്പർ ഡീകോഡ് ചെയ്യാൻ ജീവനക്കാർ വിട്ടുപോയി. ഇതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്ന് പി.എസ്.സി അറിയിച്ചു. തുടർന്ന് ഈ നമ്പർ ഡീകോഡ് ചെയ്ത് ഉച്ചയോടെ പുതിയ ഫലം പ്രസിദ്ധീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.