പി.എസ്.സി വിവരച്ചോർച്ച വാർത്ത: ‘മാധ്യമം’ ലേഖകന്റെ ഫോൺ പിടിച്ചെടുക്കാൻ ക്രൈംബ്രാഞ്ച് നീക്കം; വാർത്തക്ക് വിലങ്ങ്
text_fieldsതിരുവനന്തപുരം: പി.എസ്.സിയിൽ രജിസ്റ്റർ ചെയ്ത 65 ലക്ഷത്തോളം ഉദ്യോഗാർഥികളുടെ യൂസർ ഐ.ഡിയും പാസ്വേഡും ഡാർക്ക് വെബിൽ വിൽപനക്ക് വെച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ വാർത്തയാക്കിയതിന്റെ പേരിൽ ‘മാധ്യമം’ ലേഖകനോട് മൊബൈൽ ഫോൺ ഹാജരാക്കാൻ ക്രൈംബ്രാഞ്ച് നിർദേശം.
വാർത്തയുടെ ഉറവിടം വെളിപ്പെടുത്താൻ ആവശ്യപ്പെട്ടുള്ള വിചിത്ര നടപടിക്ക് പിന്നാലെയാണ് ‘മാധ്യമം’ തിരുവനന്തപുരം ബ്യൂറോ ലേഖകൻ അനിരു അശോകനോട് രണ്ട് ദിവസത്തിനുള്ളിൽ മൊബൈൽ ഫോൺ ഹാജരാക്കാൻ ക്രൈംബ്രാഞ്ച് തിരുവനന്തപുരം സെൻട്രൽ യൂനിറ്റ് -1 ഡിവൈ.എസ്.പി ജി. ബിനു നോട്ടീസ് നൽകിയത്. മൊബൈൽ ഫോൺ ഹാജരാകാത്തപക്ഷം മറ്റ് നിയമനടപടികളിലേക്ക് കടക്കുമെന്നും നോട്ടീസിൽ പറയുന്നു.
വാർത്തയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നോട്ടീസിനെ തുടർന്ന് ഇന്നലെ രാവിലെ 11ഓടെയാണ് പേട്ടയിലുള്ള ക്രൈംബ്രാഞ്ച് ഓഫിസിൽ അനിരു അശോകൻ ഹാജരായത്.
മൊഴിയെടുപ്പെന്ന പേരിൽ രണ്ട് മണിക്കൂർ നീണ്ട ചോദ്യംചെയ്യലിൽ പി.എസ്.സിയുടെ അതീവ രഹസ്യസ്വഭാവമുള്ള രേഖ എങ്ങനെ ലേഖകന് ലഭിച്ചുവെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർക്ക് അറിയേണ്ടിയിരുന്നത്. വാർത്ത കൈമാറിയവരുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് പ്രത്യേക ചോദ്യാവലി തയാറാക്കിയായിരുന്നു കാമറ സാന്നിധ്യത്തിലുള്ള ചോദ്യംചെയ്യൽ.
വാർത്തയുടെ ഉറവിടം വെളിപ്പെടുത്താൻ തയാറല്ലെന്നും ഇതുസംബന്ധിച്ച് ഭരണഘടന ഉറപ്പുനൽകുകയും ഹൈകോടതി ആവർത്തിച്ച് ശരിവെക്കുകയും ചെയ്ത സ്വാതന്ത്ര്യം തനിക്കുണ്ടെന്ന് ലേഖകൻ ആവർത്തിച്ച് പറഞ്ഞിട്ടും വിവരം കൈമാറിയേ പറ്റൂവെന്ന നിലപാടാണ് അന്വേഷണ ഉദ്യോഗസ്ഥർ സ്വീകരിച്ചത്. എന്നാൽ ഇതിന്റെ പേരിൽ തന്നെ പ്രതിയാക്കി കേസെടുത്താലും രേഖകൾ
ലഭിച്ചത് എങ്ങനെയാണെന്ന വിവരം പുറത്തുപറയില്ലെന്ന നിലപാട് ആവർത്തിച്ചതോടെയാണ് മൊബൈൽ ഫോൺ രണ്ട് ദിവസത്തിനുള്ളിൽ ഹാജരാക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. കേസിൽ പ്രതിയല്ലാത്ത തന്റെ ഫോൺ എന്തിന് ഹാജരാക്കണമെന്ന ലേഖകന്റെ ചോദ്യത്തോട് പ്രതികരിക്കാൻ ഉദ്യോഗസ്ഥർ തയാറായില്ല. മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ടെങ്കിലും കൈമാറിയില്ല.
പി.എസ്.സി വിവരച്ചോർച്ച സംബന്ധിച്ച വാർത്തയുടെ ഉറവിടം ഉൾപ്പെടെ വിവരങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെട്ട് ‘മാധ്യമം’ ചീഫ് എഡിറ്റർക്കും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു.
വാർത്തയുടെ തെളിവായി ‘മാധ്യമം’ പ്രസിദ്ധീകരിച്ച പി.എസ്.സി യോഗത്തിന്റെ അജണ്ടയുടെ ചിത്രം എങ്ങനെ ലഭിച്ചുവെന്ന വിവരവും വാർത്ത തയാറാക്കിയ റിപ്പോർട്ടറുടെ പേരും വിലാസവും ഫോൺ നമ്പറുകളും ഇ-മെയിൽ വിലാസവും തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫിസിൽ 48 മണിക്കൂറിനുള്ളിൽ ഹാജരാക്കണമെന്നായിരുന്നു നിർദേശം.
നിയമപരമായി നേരിടും -ചീഫ് എഡിറ്റർ
പി.എസ്.സി ഉദ്യോഗാർഥികളുടെ വിവരങ്ങൾ ഡാർക് വെബിൽ വിൽപനക്ക് എന്ന ഗുരുതരമായ സംഭവം പുറത്തുകൊണ്ടുവന്നതിന് മാധ്യമത്തിനും ലേഖകനുമെതിരെ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം മാധ്യമ സ്വാതന്ത്രത്തിന് എതിരും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ അടിച്ചമർത്താനുള്ള നീക്കവുമാണെന്ന് ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ.
അധികാരമുപയോഗിച്ച് ഉറവിടം വെളിപ്പെടുത്താനുള്ള പൊലീസ് ശ്രമം ഹീനവും ജനാധിപത്യവിരുദ്ധവുമാണ്. മാധ്യമം ഒരു കാരണവശാലും അതിന് വഴങ്ങുകയില്ലെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.