പി.എസ്.സി അംഗത്വ കോഴ വിവാദം; സഭയിൽ പോര്
text_fieldsതിരുവനന്തപുരം: പി.എസ്.സി അംഗത്വ നിയമനത്തിന് പാർട്ടി നേതാവ് കോഴ വാങ്ങിയെന്ന ആക്ഷേപത്തിൽ സി.പി.എം സംസ്ഥാന നേതൃത്വം കോഴിക്കോട് ജില്ല കമ്മിറ്റിയോട് വിശദീകരണം തേടി. വിഷയം വേണ്ടത്ര ഗൗരവത്തിൽ കൈകാര്യം ചെയ്തില്ലെന്ന് വിലയിരുത്തിയാണ് വിശദീകരണം ആവശ്യപ്പെട്ടത്. മന്ത്രി മുഹമ്മദ് റിയാസ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന് നൽകിയ പരാതിയിൽ ജില്ല കമ്മിറ്റി ഓഫിസ് കേന്ദ്രീകരിച്ച് കോക്കസ് പ്രവർത്തിക്കുന്നുവെന്നത് ഉൾപ്പെടെ ഗൗരവമായ കാര്യങ്ങളാണുള്ളത്.
തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിക്ക് മുമ്പാകെ വന്ന പരാതി പരിശോധനക്കായി സംസ്ഥാന സെക്രട്ടേറിയറ്റ് ജില്ല കമ്മിറ്റിക്ക് കൈമാറി. തുടർന്ന് ജില്ല തലത്തിൽ അന്വേഷണവും ടൗൺ ഏരിയ കമ്മിറ്റിയംഗം പ്രമോദ് കോട്ടൂളിക്കെതിരെ കണ്ടെത്തലുമൊക്കെ ഉണ്ടായെങ്കിലും പ്രശ്നം പരിഹരിക്കാൻ ജില്ല നേതൃത്വത്തിന് കഴിഞ്ഞില്ല. ജില്ല കമ്മിറ്റിയുടെ ഈ വീഴ്ചയാണ് പ്രമോദ് കോട്ടൂളിക്ക് പണം നൽകിയ ഡോക്ടർ ദമ്പതികളുടെ പരാതി പുറത്തുവരാനും വിഷയം ഇന്നത്തെ നിലയിലേക്ക് വളർത്തിയതെന്നുമാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്.
ജില്ല കമ്മിറ്റി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോപണവിധേയനെതിരായ നടപടിക്ക് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർദേശം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. മാത്രമല്ല, മന്ത്രി മുഹമ്മദ് റിയാസിന്റെ പരാതിയിൽ പ്രമോദ് കോട്ടൂളിയുമായി ബന്ധപ്പെട്ട പി.എസ്.സി കോഴ ആക്ഷേപം മാത്രമാണ് ജില്ല കമ്മിറ്റി അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.