യോഗ്യതയില്ലെന്ന് പി.എസ്.സി; പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾ പുറത്ത്
text_fieldsകൊച്ചി: പരീക്ഷ എഴുതി റാങ്ക് ലിസ്റ്റ് കാത്തിരുന്ന ഉദ്യോഗാർഥികളെ യോഗ്യതയില്ലാത്തതിനാൽ ഒഴിവാക്കിയതായി പി.എസ്.സിയുടെ അറിയിപ്പ്. സർവേ ആൻഡ് ലാൻഡ് റെക്കോഡ് വകുപ്പിലെ സർവേയർ ഗ്രേഡ് 2 തസ്തികയിലേക്ക് പി.എസ്.സി പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരാണ് പരീക്ഷ എഴുതിയ ശേഷം ഒഴിവാക്കപ്പെട്ടത്.
ഇതിനെതിരെ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ് ഒരുകൂട്ടം ഉദ്യോഗാർഥികൾ. 2022 ഡിസംബർ 31ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ യോഗ്യതയായി പറഞ്ഞിരുന്നത് എസ്.എസ്.എൽ.സി വിജയം/ തത്തുല്യവും ഐ.ടി.ഐ (സർവേയർ ട്രേഡ്) സർട്ടിഫിക്കറ്റും അല്ലെങ്കിൽ സർവേയിങ് ആൻഡ് ലെവലിങ് (ഹയർ) വിജയം, ചെയിൻ സർവേ പരീക്ഷയോടെ എം.ജി.ടി.ഇ/കെ.ജി.ടി.ഇയുമാണ്.
ഇതിലെ രണ്ടാമത്തെ യോഗ്യതക്ക് തുല്യമായി കെ.ജി.സി.ഇ (സിവിൽ എൻജിനീയറിങ്) അംഗീകരിച്ച് കേരള അഡ്മിനിസ്ട്രേറ്റിവ് ടൈബ്ര്യൂണൽ 2019 ആഗസ്റ്റിൽ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെ ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ്, ഡിപ്ലോമ ഇൻ ക്വാണ്ടിറ്റി സർവേയിങ് ആൻഡ് കൺസ്ട്രഷൻ മാനേജ്മെന്റ് എന്നിവ ഐ.ടി.ഐ സർവേയർ യോഗ്യതയേക്കാൾ ഉയർന്നതായി കണക്കാക്കി സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ് വകുപ്പിലെ സർവേയർ തസ്തികക്ക് പരിഗണിക്കാൻ അനുമതി നൽകി 2021 ഫെബ്രുവരിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പും ഉത്തരവ് പുറപ്പെടുവിച്ചു. സിവിൽ എൻജിനീയറിങ് ബി.ടെക് സിവിൽ എൻജിനീയറിങ് ഡിപ്ലോമയുടെ ഉയർന്ന യോഗ്യതയാണെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവുമുണ്ട്. 22,704 പേർ എഴുതിയ സർവേയർ ഗ്രേഡ് രണ്ട് പരീക്ഷക്ക് അപേക്ഷിച്ചവരിൽ 75 ശതമാനവും ഡിപ്ലോമ/ ബി.ടെക് ബിരുദധാരികളാണ്. മതിയായ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി സെപ്റ്റംബർ 26ന് പ്രൊഫൈലിൽ ‘നിരസിച്ചു’ എന്ന സന്ദേശം വന്നപ്പോഴാണ് തങ്ങളെ ഒഴിവാക്കി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനുള്ള തീരുമാനം അറിഞ്ഞതെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
ഇതിനിടെ, സിവിൽ എൻജിനീയറിങ് ഡിപ്ലോമ സർവേയർ തസ്തികക്ക് പരിഗണിക്കാൻ അനുമതി നൽകിയ മുൻ ഉത്തരവ് ചില ഉദ്യോഗാർഥികൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഫെബ്രുവരി 20ന് റദ്ദാക്കി. എന്നാൽ, ഫെബ്രുവരി ഒന്നായിരുന്നു സർവേയർ പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന തീയതി. അപേക്ഷയോ കൺഫർമേഷനോ സമർപ്പിക്കുന്ന സമയത്ത് യോഗ്യതയിലെ പ്രശ്നം ചൂണ്ടിക്കാട്ടിയിരുന്നില്ലെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്. ഐ.ടി.ഐ അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ച തസ്തികകൾക്ക് ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കേണ്ടതില്ലെന്ന സർക്കാർ ഉത്തരവ് കഴിഞ്ഞ ജനുവരി 17ന് മുമ്പുള്ള വിജ്ഞാപനങ്ങൾക്ക് ബാധകമാക്കേണ്ടതില്ലെന്ന് ജനുവരി 23ന് ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചതുമാണ്.
ഐ.ടി.ഐ വിദ്യാർഥികളെ പഠിപ്പിക്കാൻ പി.എസ്.സി നിഷ്കർഷിക്കുന്ന യോഗ്യത ഡിപ്ലോമ/ ബി.ടെക് സിവിൽ എൻജിനീയറിങ് ആണെന്നും മറ്റ് വകുപ്പുകളിലെ സർവേയർ തസ്തികക്ക് ഡിപ്ലോമ/ബി.ടെക് ബിരുദധാരികളെ പരിഗണിക്കുന്നുണ്ടെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, പി.എസ്.സി ചെയർമാൻ, മനുഷ്യാവകാശ കമീഷൻ ചെയർമാൻ തുടങ്ങിയവർക്കും പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.