ഒാൺലൈൻ പരീക്ഷയുടെ എണ്ണം കൂട്ടാനൊരുങ്ങി പി.എസ്.സി
text_fieldsതിരുവനന്തപുരം: ഒാൺലൈൻ പരീക്ഷകളുടെ എണ്ണം വർധിപ്പിക്കുന്നത് പി.എസ്.സിയുടെ പരിഗണയിൽ. പി.എസ്.സിയുടെ നിലവിലെ നാല് ഒാൺലൈൻ പരീക്ഷകേന്ദ്രങ്ങൾക്ക് പുറമെ സർക്കാർ മേഖലയിലെ എൻജിനീയറിങ് കോളജുകളിലെയും പോളിടെക്നിക്കുകളിലെയും കമ്പ്യൂട്ടർ ലാബുകളും ഇതിനായി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് നാഷനൽ ഇൻഫർമാറ്റിക്സ് സെൻററുമായി (എൻ.െഎ.സി) പി.എസ്.സി ചർച്ച നടത്തി. ഒാൺലൈൻ പരീക്ഷകൾ വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിനും നിർദേശം സമർപ്പിച്ചിട്ടുണ്ട്. പരീക്ഷ നടത്തിപ്പിലെ നവീകരണം ലക്ഷ്യമിട്ട് ഒേട്ടറെ പദ്ധതികളാണ് പി.എസ്.സി ലക്ഷ്യമിടുന്നത്. ഒാൺലൈൻ പരീക്ഷകളുടെ എണ്ണം വർധിപ്പിക്കുകയാണ് ഇതിൽ ഏറ്റവും പ്രധാനം.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് നിലവിൽ പി.എസ്.സിയുടെ ഒാൺലൈൻ പരീക്ഷ കേന്ദ്രമുള്ളത്. രണ്ടു ഷിഫ്റ്റുകളിലായി പരമാവധി 1700പേർക്കേ ഇൗ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാൻ കഴിയൂ. ഒന്നേകാൽ മണിക്കൂറുള്ള ഒാൺലൈൻ പരീക്ഷ മൂന്നു ഷിഫ്റ്റുകളിലാക്കുന്നതും ആലോചനയിലുണ്ട്. ഗവ. എൻജിനീയറിങ്, പോളിടെക്നിക്കുകളിലെ കമ്പ്യൂട്ടർ ലാബുകളും പി.എസ്.സി പരീക്ഷകൺട്രോളറുടെ ഒാഫിസും ബന്ധിപ്പിക്കുകയാണ് ഇതിന് വേണ്ടത്. പരീക്ഷ നടത്തിപ്പിനായി ലാബുകൾ രണ്ടു ദിവസം പി.എസ്.സി ഏറ്റെടുക്കും. ഈ രീതിയിൽ കൂടുതൽ പരീക്ഷകൾ ഒാൺലൈനാക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. പി.എസ്.സിക്ക് സ്വന്തം കെട്ടിടമുള്ള ജില്ലകളിൽ മുഴുവൻ ഒാൺലൈൻ കേന്ദ്രങ്ങൾ ഒരുക്കലും അജണ്ടയിലുണ്ട്.
മെഡിക്കൽ കോളജുകളിലെ അസി. പ്രഫസർ പോലെ 2000ൽ താഴെ അപേക്ഷകരുള്ള പരീക്ഷകൾക്കാണ് നിലവിൽ ഒാൺലൈൻ പരീക്ഷ നടത്തുന്നത്. ഒാൺലൈൻ പരീക്ഷകളുെട എണ്ണം കൂട്ടുന്നതും വെബ്സൈറ്റ് സേവനം വർധിപ്പിക്കുന്നതും സംബന്ധിച്ചാണ് എൻ.െഎ.സി അധികൃതരുമായി ചർച്ച നടത്തിയത്. ഇക്കാര്യത്തിൽ ഏറക്കുറെ ധാരണയായിട്ടുമുണ്ട്. ഇേതാടൊപ്പം ഒറ്റത്തവണ രജിസ്ട്രേഷന് കൂടുതൽ സൗകര്യവുമൊരുക്കും. സർക്കാറിന് നൽകിയ നിർദേശത്തിൽ അനുകൂല മറുപടിയാണ് പി.എസ്.സി പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.