'റാങ്ക്പട്ടിക പത്ത് വർഷം നീട്ടിയാലും ജോലി ലഭിക്കില്ല'; മന്ത്രി കടകംപള്ളിയുടെ പ്രതികരണം ഞെട്ടിച്ചെന്ന് ഉദ്യോഗാർഥികൾ
text_fieldsതിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചർച്ച നടത്തി. രാവിലെ 6.45ന് മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത്. ചീഫ് സെക്രട്ടറി തലത്തിൽ യോഗം വിളിക്കുന്നുണ്ടെന്നും ഒാരോ വകുപ്പിലെ സെക്രട്ടറിമാരുമായി ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചതായി ഉദ്യോഗാർഥികൾ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിയുടെ ഭാഗത്ത് നിന്ന് അനുകൂല സമീപനമല്ല ഉണ്ടായതെന്നും അദ്ദേഹത്തിന്‍റെ പ്രതികരണം ഞെട്ടിച്ചെന്നും ലയ ജയേഷ് ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കാര്യങ്ങൾ ധരിപ്പിക്കുന്നതിനിടയിൽ റാങ്ക് പട്ടികയിൽ എത്രാമതാണെന്ന് തന്നോട് ചോദിച്ചെന്നും റാങ്ക് പട്ടിക പത്ത് വർഷത്തേക്ക് നീട്ടുകയാണെങ്കിൽ പോലും താങ്കൾക്ക് ജോലി ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞതായും ലയ ജയേഷ് വ്യക്തമാക്കി. പിന്നെ എന്തിനാണ് സർക്കാറിനെ നാണംകെടുത്താൻ സമരവുമായി മുന്നോട്ടു പോകുന്നതെന്ന് തന്നോട് മന്ത്രി ചോദിച്ചതായും ലയ മാധ്യമങ്ങളോട് വിവരിച്ചു.
28 ദിവസമായി തുടരുന്ന സമരത്തിന്‍റെ യാഥാർഥ്യം ആർക്കും മനസിലായിട്ടില്ലെന്നാണ് മന്ത്രിയുടെ പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നത്. സമരം സംസ്ഥാന സർക്കാറിനെ കരിവാരിത്തേക്കാനാണെന്ന അർഥത്തിലാണ് മന്ത്രി പ്രതികരിച്ചത്. എന്നാൽ, സമരം സർക്കാറിനെതിരെ അല്ലെന്നും അനുകൂല സമീപനം ഉണ്ടായില്ലെങ്കിൽ വൈകീട്ട് മുതൽ നിരാഹാര സമരം ആരംഭിക്കുമെന്നും ഉദ്യോഗാർഥികൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.