ഉദ്യോഗാർഥികൾ അനിശ്ചിത കാല നിരാഹാരം തുടങ്ങി
text_fieldsതിരുവനന്തപുരം: കാത്തിരുന്നിട്ടും ഉത്തരവിറങ്ങിയില്ല, സെക്രേട്ടറിയറ്റ് നടയിൽ ഉദ്യോഗാർഥികൾ അനിശ്ചിത കാല നിരാഹാരം തുടങ്ങി. ശനിയാഴ്ച നടന്ന ഉദ്യോഗസ്ഥതല ചർച്ചയുടെ അടിസ്ഥാനത്തിൽ ആവശ്യങ്ങൾ അംഗീകരിച്ച് ഉത്തരവിറങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു തിങ്കളാഴ്ച വൈകീട്ട് വരെ ഉദ്യോഗാർഥികൾ. എന്നാൽ, അനുകൂല നടപടികളൊന്നും സർക്കാറിൽനിന്ന് ഉണ്ടാകാത്ത സാഹചര്യത്തിലാണ് എൽ.ജി.എസ് ഉദ്യോഗാർഥികൾ കടുത്ത സമരമുറയിലേക്ക് നീങ്ങിയത്.
റാങ്ക് ഹോൾഡർമാരായ മനു (ഇടുക്കി), ബിനീഷ് (കോഴിക്കോട്), റാങ്ക് ഹോൾഡറുടെ പ്രതിനിധി റിജു എന്നിവരാണ് നിരാഹാരത്തിലുള്ളത്. അനുകൂല ഉത്തരവ് ലഭിക്കുംവരെ സമരം തുടരാനാണ് തീരുമാനം.
കഴിഞ്ഞമാസം 26നാണ് സമരമാരംഭിച്ചത്. ഇത്രയും ദിവസത്തിനിടെ പലവിധ സമരമാർഗങ്ങളിലൂടെ തങ്ങളുടെ വിഷയം സർക്കാറിെൻറ ശ്രദ്ധയിൽപെടുത്താൻ ശ്രമിച്ചെന്നും ഇതുവരെയും നടപടിയുണ്ടായിട്ടില്ലെന്നും സമരക്കാർ ആരോപിച്ചു.
ആവശ്യങ്ങൾ സർക്കാറിനെ അറിയിച്ച് ഉടൻ അനുകൂല തീരുമാനമുണ്ടാക്കാമെന്നായിരുന്നു ഉദ്യോഗസ്ഥ ചർച്ചയിലെ ഉറപ്പ്. എന്നാൽ, തീരുമാനവും ഉത്തരവും അനിശ്ചിതമായി നീളുന്നതിൽ ഉദ്യോഗാർഥികൾ അസ്വസ്ഥരാണ്. നിരാഹാരസമരത്തിന് പിന്തണുയർപ്പിച്ച് വരും ദിവസങ്ങളിൽ കൂടുതൽ പേർ സമരത്തിനെത്തുമെന്നാണ് വിവരം.
നിയമനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ദേശീയ ഗെയിംസിലെ താരങ്ങൾ തിങ്കളാഴ്ച ശയനപ്രദക്ഷിണം നടത്തി. െഎക്യദാർഢ്യമർപ്പിച്ചെത്തുന്ന യുവജന-വിദ്യാർഥി സംഘടനകൾക്ക് കൈയടികളോടെ അഭിവാദ്യമേകി. പ്രതിഷേധത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട താരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നിയമനം സംബന്ധിച്ച ഫയൽ ധനകാര്യ വകുപ്പിൽനിന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയിട്ടും നടപടി ഉണ്ടായില്ലെന്ന് സമരക്കാർ ആരോപിച്ചു. ഇടത് സർക്കാറിെൻറ യുവജന വഞ്ചനക്കെതിരെ പി.എസ്.സി ഓഫിസ് മുതൽ സെക്രട്ടേറിയറ്റ് വരെ എ.ബി.വി.പി ലോങ് മാർച്ച് നടത്തി. മന്ത്രിമാരുടെ കോലം കത്തിച്ചശേഷമാണ് പ്രതിഷേധക്കാർ മടങ്ങിയത്.
കടകംപള്ളി ആക്ഷേപിച്ചെന്ന് ഉദ്യോഗാർഥികൾ
തിരുവനന്തപുരം: റാങ്ക് ലിസ്റ്റിലുള്ളവുടെ നിയമനകാര്യത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള കൂടിക്കാഴ്ചയിൽ മന്ത്രി തങ്ങളെ പരിഹസിച്ചതായി എൽ.ജി.എസ് ഉദ്യോഗാർഥികൾ. മന്ത്രിയെ കണ്ടപ്പോഴുണ്ടായ അനുഭവം ഞെട്ടിച്ചതായും അങ്ങേയറ്റം സങ്കടപ്പെടുത്തിയതായും ഉദ്യോഗാർഥികൾ പ്രതികരിച്ചു. 'റാങ്ക് ലിസ്റ്റിെൻറ കാലാവധി 10 വർഷം നീട്ടിയാലും 568ാം റാങ്കുകാരിയായ സഹോദരിക്ക് ജോലി കിട്ടില്ലേല്ലാ' എന്നായിരുന്നു മന്ത്രിയുടെ പരാമർശമെന്ന് ലയ രാജേഷ് പറഞ്ഞു. പിന്നെന്തിനാണ് സർക്കാറിനെ കരിവാരിത്തേക്കാൻ സമരം നടത്തുന്നതെന്നും മന്ത്രി ചോദിച്ചതായി അവർ വ്യക്തമാക്കി. അതേസമയം, ഉദ്യോഗാര്ഥികളോട് മോശമായി സംസാരിച്ചിട്ടില്ലെന്നും രാഷ്ട്രീയക്കാരുടെ കരുവായതിെൻറ കുറ്റബോധത്തിൽനിന്നാകും സമരക്കാര്ക്ക് സങ്കടവും കുറ്റബോധവുമുണ്ടായതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു.
വനിതാ പൊലീസ് റാങ്ക് പട്ടികയോട് അവഗണനയെന്ന്
തിരുവനന്തപുരം: വനിത പൊലീസ് സിവിൽ പൊലീസ് ഒാഫിസർ തസ്തിക റാങ്ക് പട്ടിക നിലവിൽ വന്ന് എട്ടുമാസം പിന്നിട്ടിട്ടും മതിയായ ഉദ്യോഗാർഥികൾക്ക് നിയമനം ലഭിച്ചില്ലെന്നും ആദ്യ ബാച്ച് പരിശീലനം ആരംഭിച്ചില്ലെന്നും റാങ്ക് ഹോൾഡേഴ്സ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
2018 ജൂലൈയിലാണ് പി.എസ്.സി പരീക്ഷ നടത്തിയത്. 2019ൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. 2020 ആഗസ്റ്റ് നാലിന് 2100ഒാളം പേരുടെ റാങ്ക് പട്ടികയും പ്രസിദ്ധീകരിച്ചു. പട്ടികയിൽനിന്ന് ഒരാൾ പോലും െട്രയിനിങ്ങിന് കയറിയിട്ടില്ല. ഇതേ സമയം തന്നെ സിവിൽ പൊലീസ് ഒാഫിസർ തസ്തികയിലേക്ക് പരീക്ഷ എഴുതിയവർ ട്രെയിനിങ് പൂർത്തിയാക്കി സർവിസിൽ കയറിയിട്ട് മാസങ്ങളായി.
തെരഞ്ഞെടുപ്പും പെരുമാറ്റച്ചട്ടവും പുതിയ സർക്കാർ വരുന്നതിനുള്ള സമയവും കൂടി പിന്നിടുേമ്പാൾ കൂടുതൽ പേർക്ക് നിയമനം നൽകാനുള്ള സാധ്യതയാണ് ഇല്ലാതാകുന്നത്. േകരള പൊലീസിൽ വനിതാ പ്രാതിനിധ്യം ഒമ്പത് ശതമാനത്തിൽനിന്ന് 25 ശതമാനമാക്കുമെന്ന സർക്കാർ വാഗ്ദാനം നടപ്പായില്ല. 15 ശതമാനമാക്കി ഉയർത്തിയാൽ തന്നെ കൂടുതൽ പേർക്ക് നിയമനം ലഭിക്കുമെന്നും ഉദ്യോഗാർഥികളായ രേവതി, മിനില, ആര്യ എന്നിവർ പറഞ്ഞു.
തലസ്ഥാനത്ത് പൊലീസും യുവമോർച്ച പ്രവർത്തകരും ഏറ്റുമുട്ടി
തിരുവനന്തപുരം: ഉദ്യോഗാർഥികളുടെ സമരത്തിന് െഎക്യദാർഢ്യവുമാെയത്തിയ യുവമോർച്ച മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡ് തകർക്കാർ ശ്രമിച്ച പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പലവട്ടം പൊലീസ് ജലപീരങ്കി പ്രയോഗിച്ചിട്ടും പിന്മാറിയില്ല. ജലപീരങ്കിക്ക് പിന്നാലെ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി നിലയുറപ്പിച്ചു. തുടക്കത്തിലേ തന്നെ പൊലീസിനുനേരെ വടിയേറും ചെരുപ്പേറുമുണ്ടായി. എന്തും സംഭവിക്കാമെന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെ പ്രവർത്തകരെ പിരിച്ചുവിടാൻ നാലുവട്ടം ഗ്രനേഡും പ്രയോഗിച്ചു. വടിയേറ് കൂടി രൂക്ഷമായതോടെ രണ്ട് കണ്ണീർവാതക ഷെല്ലും പൊട്ടിച്ചു.
ഇേതാടെ സെക്രേട്ടറിയറ്റ് പരിസരം പുകയിൽ മൂടി. പ്രവർത്തകർ പലഭാഗത്തേക്ക് ചിതറിേയാടി. ഏതാനും മിനിറ്റുകളുടെ ശാന്തതക്ക് ശേഷം പ്രവർത്തകർ വീണ്ടും സംഘടിക്കുകയും പൊലീസിന് നേരെ തിരിയുകയും ചെയ്തു. സമരഗേറ്റിന് പുറമേ സെക്രേട്ടറിയറ്റ് മതിലിൽ വിവിധ ഭാഗങ്ങളിൽ സുരക്ഷക്കായി വിന്യസിച്ച പൊലീസുകാർക്ക് നേരെ കല്ലേറുണ്ടായി. ഇതോടെയാണ് കാര്യങ്ങൾ ലാത്തിച്ചാർജിലേക്ക് വഴിമാറിയത്. പൊലീസിന് നേരെ തള്ളിക്കയറാൻ ശ്രമിച്ചവരെ തലങ്ങും വിലങ്ങുമടിച്ചു. പരിക്കേറ്റ് കിടന്നവരെ ആശുപത്രിയിലേക്ക് മാറ്റാനെത്തിയ ആംബുലൻസ് ജീവനക്കാരും സമരക്കാരുടെ പ്രതിഷേധത്തിനിരയായി.
ഇതിനിടെ മറുഭാഗത്ത് നിലയുറപ്പിച്ച പ്രവർത്തകൻ വലിച്ചെറിഞ്ഞ കല്ല് ദേഹത്ത് കൊണ്ടതിനെ തുടർന്ന് പൊലീസുകാരൻ നിലത്തുവീണു. പി.എസ്.സി ആസ്ഥാനത്തുനിന്ന് പ്രകടനമായെത്തിയ എ.ബി.വി.പി പ്രവർത്തകർ സെക്രേട്ടറിയറ്റിന് മുന്നിൽ മന്ത്രിമാരുടെ കോലം കത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.