മുൻവാതിൽ തുറന്നിടൂ സർക്കാറേ...:സെക്രേട്ടറിയറ്റിനു മുന്നിൽ മുട്ടിലിഴഞ്ഞും യാചിച്ചും ഉദ്യോഗാർഥികൾ
text_fieldsതിരുവനന്തപുരം: പിൻവാതിൽ വഴി കയറിയ താൽക്കാലികക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുന്നതിനിടെ സെക്രേട്ടറിയറ്റിനു മുന്നിൽ പ്രതിഷേധകൊടുങ്കാറ്റ് സൃഷ്ടിച്ച് ഉദ്യോഗാർഥികൾ. താൽക്കാലികക്കാരെ ഒഴിവാക്കി നിയമനം ആവശ്യപ്പെട്ട് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികളും കുടുംബാംഗങ്ങളും മുട്ടിലിഴഞ്ഞ് യാചനസമരം നടത്തി.
പൊരിവെയിലിൽ നടത്തിയ സമരത്തിൽ സ്ത്രീകളടക്കമുള്ളവർ കുഴഞ്ഞു വീണു. ഇവരെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. സമരപ്പന്തലിലെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാൽക്കൽ വീണ് ഉദ്യോഗാർഥികൾ പൊട്ടിക്കരയുന്നതിനും തലസ്ഥാനം സാക്ഷിയായി.
35ാമത് ദേശീയ ഗെയിംസിൽ ഗെയിംസ് ഇനങ്ങളിൽ വെള്ളി, വെങ്കലം മെഡൽ നേടിയവർ വാഗ്ദാനം ചെയ്ത ജോലി നൽകിയില്ലെന്നാരോപിച്ച് മെഡൽ റോഡിലെറിഞ്ഞ് പ്രതിഷേധിച്ചു. 83 പേർക്ക് ജോലി നൽകാൻ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് 2019 ആഗസ്റ്റ് 26നാണ് സർക്കാർ ഉത്തരവിറക്കിയിത്.
ഉത്തരവ് വിശ്വസിച്ച് സെക്രേട്ടറിയറ്റിലെത്തിയ കായികതാരങ്ങൾ മുഖ്യമന്ത്രിയെയും കായികമന്ത്രി ഇ.പി. ജയരാജനെയും കണ്ട് നന്ദി അറിയിക്കുകയും ലഡുവിതരണവും നടത്തി. ലഡു കഴിക്കുന്ന കായികമന്ത്രിയുടെ ചിത്രവും ഇതുസംബന്ധിച്ച് അദ്ദേഹം ഫേസ്ബുക്ക് പേജിലിട്ട കുറിപ്പും ഉയർത്തിപ്പിടിച്ചായിരുന്നു സമരം. ഉത്തരവിറങ്ങി മാസം 16 പിന്നിട്ടിട്ടും ഫയലുകളൊന്നും നീങ്ങിയില്ലെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു.
വർഷങ്ങളായി ഒഴിഞ്ഞു കിടക്കുന്ന ഹയർ സെക്കൻഡറി ജൂനിയർ തസ്തികകളിലേക്ക് നിലവിലെ ലിസ്റ്റിൽനിന്ന് നിയമനവും മേഖലയിലെ നിയമന നിരോധനം അവസാനിപ്പിക്കണെന്നും ആവശ്യപ്പെട്ട് ഹയർ സെക്കൻഡറി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷനും തിങ്കളാഴ്ച സമരരംഗത്തെത്തി. സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടിക കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് ഉദ്യോഗാർഥികൾ റോഡിൽ കിടന്ന് പ്രതിഷേധിച്ചു.
ഉമ്മൻ ചാണ്ടിയുടെ കാൽക്കൽ വീണ് കരഞ്ഞ് ഉദ്യോഗാർഥികൾ
ഉച്ചയോടെ സെക്രേട്ടറിയറ്റിനു മുന്നിൽ സമരക്കാരെ സന്ദർശിക്കാനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാൽക്കൽ വീണ് ഉദ്യോഗാർഥികൾ പൊട്ടിക്കരഞ്ഞു. അവസാന അവസരമാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. കരഞ്ഞവരെ എഴുന്നേല്‍പ്പിച്ച് പ്രശ്നപരിഹാരത്തിന് ഇടപെടാമെന്ന് ഉറപ്പു നല്കിയ അദ്ദേഹം പരാധീനതകള്‍ മുഴുവന്‍ കേട്ടു. എല്‍.ജി.എസ്, സി.പി.ഒ കായികതാരങ്ങള്‍, എച്ച്.എസ്.എസ്.ടി റാങ്ക് പട്ടികയിലുള്ളവര്‍ എന്നിവരെയെല്ലാം ഉമ്മൻ ചാണ്ടി കണ്ടു.
'നിയമനടപടിയിലേക്ക് നീങ്ങിയിട്ടുണ്ട്. കാലാവധി അവസാനിച്ച് റാങ്ക് പട്ടികക്ക് വീണ്ടും സാധുത നല്കാന് കോടതിേക്ക സാധിക്കൂ. എന്നാല്‍, പട്ടിക കാലാവധി നീട്ടാന്‍ സര്‍ക്കാറിന് അധികാരം ഉണ്ടായിരുന്നിട്ടും ചെയ്തില്ല. കോടതിയില്‍നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെ'ന്നും ഉമ്മൻ ചാണ്ടി ഉദ്യോഗാർഥികളോട് പറഞ്ഞു. എം.എൽ.എമാരായ ഷാഫി പറമ്പിലും കെ.എസ്. ശബരീനാഥനും സെക്രേട്ടറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിനം പിന്നിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.