പി.എസ്.സി നിയമനം: മുസ്ലിം ടേണുകളിലെ വെട്ടിക്കുറവ് തിരുത്താൻ പ്രത്യേക ഉത്തരവിറക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാർ സർവിസിൽ നാല് ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കിയപ്പോൾ മുസ്ലിം സംവരണ ടേണുകളിലും ഓപൺ ക്വോട്ടയിലും വന്ന കുറവ് പരിഹരിക്കാൻ പുതിയ ഉത്തരവിറക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിൽ പുറത്തിറക്കിയ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട സമഗ്ര ഉത്തരവിൽ സംവരണം മൂന്നിൽനിന്ന് നാല് ശതമാനമാക്കുന്നതായും കൂടുതൽ തസ്തികകൾ ഇതിലേക്ക് കൊണ്ടുവരുന്നതായും വ്യക്തമാക്കിയിരുന്നെങ്കിലും ടേണുകളിൽ തിരുത്തലുണ്ടായില്ല. സംവരണ ടേണുകളുടെ കാര്യത്തിൽ വ്യക്തത വരുത്തിയാകും പുതിയ ഉത്തരവ്.
സംവരണനഷ്ടം പരിഹരിക്കാൻ വിവിധ നിർദേശങ്ങൾ സർക്കാറിന് മുന്നിലുണ്ട്. വിഷയം പരിശോധിച്ച വിദഗ്ധ സമിതി ഇതുസംബന്ധിച്ച് സർക്കാറിന് റിപ്പോർട്ട് നൽകിയെങ്കിലും തീരുമാനമായിട്ടില്ല. നിർദേശങ്ങൾ പൊതുഭരണ വകുപ്പ്, നിയമവകുപ്പ്, സാമൂഹികനീതി വകുപ്പ് എന്നിവ വിശദമായി പരിശോധിക്കും. ഇതിനുശേഷം പുതിയ നിർദേശങ്ങൾ പി.എസ്.സിക്ക് വിടും. കമീഷന്റെ അഭിപ്രായംകൂടി പരിഗണിച്ച ശേഷമാകും അന്തിമ തീരുമാനം. തുടർന്ന് പുതിയ ഉത്തരവിറക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതേസമയം പി.എസ്.സി നാല് ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കി. ഔട്ട് ഓഫ് ടേണായി സംവരണം നൽകുന്നതിനാൽ ആരുടെയും ടേൺ നഷ്ടപ്പെടുന്നില്ല. ജൂൺ ഒന്നിന് ഇക്കാര്യം വ്യക്തമാക്കി പി.എസ്.സി സർക്കാറിന് കത്ത് നൽകി.
ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോൾ ടേണുകളിൽ വരുന്ന മാറ്റം സംബന്ധിച്ച് പി.എസ്.സി സർക്കാറിന് നിരവധി കത്തുകൾ നൽകിയിരുന്നു. 2019 നവംബർ 13, 2021 ഡിസംബർ 21, 2022 ഏപ്രിൽ അഞ്ച്, 2022 ജൂൺ 21, 2022 ഒക്ടോബർ 29 തീയതികളിൽ നൽകിയ കത്തുകളിൽ വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി. 100 പോയന്റ് നിയമന റോസ്റ്ററിലെ ഒന്ന്, 26, 51, 76 ടേണുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കിയാൽ ഓപൺ ക്വോട്ട, പിന്നാക്ക സംവരണം എന്നിവക്കായി മാറ്റിവെച്ച ടേണുകളിൽ മാറ്റംവരുത്തണമെന്ന് ഇതിൽ ചൂണ്ടിക്കാണിച്ചിരുന്നു. കത്തുകൾക്ക് സർക്കാറിൽനിന്ന് മറുപടിയോ മറ്റ് ഉത്തരവുകളോ പി.എസ്.സിക്ക് ലഭിച്ചില്ല.
സർക്കാറിൽനിന്ന് വ്യക്തത ലഭിക്കാത്തതിനാൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച തസ്തികകളിൽ നാല് ശതമാനം ഭിന്നശേഷി സംവരണം പ്രാവർത്തികമാക്കാൻ കമീഷന് ആയില്ല. ജൂണിൽ സർക്കാറിന് നൽകിയ കത്തിൽ തിരശ്ചീനമായ സംവരണരീതിയിൽ 100 പോയന്റ് നിയമന റോസ്റ്ററിൽ മാറ്റംവരുത്തുന്നതുവരെ ഒന്ന്, 26, 51, 76 ടേണുകളിൽ ഔട്ട് ഓഫ് ടേണായി ഭിന്നശേഷി സംവരണം നടപ്പാക്കുമെന്ന് പി.എസ്.സി സെക്രട്ടറി സാമൂഹികനീതി വകുപ്പ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വ്യക്തമാക്കി. ഔട്ട് ഓഫ് ടേണായി നാലുപേർക്ക് ഭിന്നശേഷി സംവരണം ഉറപ്പാക്കും. അപ്പോൾ ആകെ 104 തസ്തിക വരും. ഇതടക്കം സാഹചര്യങ്ങളും വകുപ്പുകൾ പരിശോധിക്കും. ടേണുകളിൽ മാറ്റംവരുത്തുന്നത് സംബന്ധിച്ച് ടി.വി. ഇബ്രാഹിം എം.എൽ.എയുടെ ചോദ്യത്തിന് വിഷയം പരിശോധിക്കുമെന്ന് മന്ത്രി ആർ. ബിന്ദു നിയമസഭയിൽ മറുപടി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.