ഉദ്യോഗാർഥിയുടെ ആത്മഹത്യ: എക്സൈസ് ഓഫിസർ റാങ്ക് പട്ടിക നീട്ടിയിരുന്നതായി പി.എസ്.സി
text_fieldsതിരുവനന്തപുരം: സിവിൽ എക്സൈസ് ഓഫിസർ റാങ്ക് പട്ടികയിലെ ഉദ്യോഗാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി പി.എസ്.സി. ഏപ്രിൽ ഏഴാം തീയതി കാലാവധി അവസാനിക്കേണ്ട റാങ്ക് ലിസ്റ്റ് ജൂൺ 19 വരെ നീട്ടി നൽകിയതാണെന്ന് പി.എസ്.സി അധികൃതർ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിവിൽ എക്സൈസ് ഓഫിസർ റാങ്ക് ലിസ്റ്റിലെ 72 പേർക്ക് അഡ്വൈസ് മെമ്മോ നൽകിയതാണെന്നും അധികൃതർ അറിയിച്ചു.
ഒാപ്പൺ വിഭാഗത്തിൽ 68 പേർക്ക് നിയമനം നൽകിയിട്ടുണ്ട്. യൂണിഫോം തസ്തികയിലേക്കുള്ള റാങ്ക് പട്ടിക ഒരു വർഷത്തിൽ കൂടുതൽ ദീർഘിപ്പിക്കാറില്ല. എന്നാൽ, കോവിഡ് സാഹചര്യത്തിലാണ് രണ്ടു മാസം കൂടി ദീർഘിപ്പിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
ജോലി ഇല്ലായ്മ മാനസികപ്രയാസം സൃഷ്ടിക്കുന്നതായി കുറിപ്പെഴുതിവെച്ച ശേഷമാണ് പി.എസ്.സി റാങ്ക് ജേതാവായ തിരുവനന്തപുരം കാരക്കോണം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു (28) ആത്മഹത്യ ചെയ്തത്. സിവിൽ എക്സൈസ് ഓഫിസർ പരീക്ഷയില്‍ 77ാം റാങ്കുകാരനായിരുന്ന അനു എം.കോം ബിരുദധാരിയാണ്. എന്നാൽ, ഈ ലിസ്റ്റ് പി.എസ്.സി റദ്ദാക്കിയതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറയുന്നു.
ജോലി ഇല്ലാത്തത് മാനസികമായി തളര്‍ത്തിയെന്ന് അനുവിന്‍റെ ആത്മഹത്യാ കുറിപ്പിലുണ്ട്. ''കുറച്ചുദിവസമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദന പോലെ. എന്ത് ചെയ്യണമെന്നറിയില്ല. കുറച്ചുദിവസമായി ആലോചിക്കുന്നു. ആരുടെ മുമ്പിലും ചിരിച്ച് അഭിനയിക്കാന്‍ വയ്യ, എല്ലാത്തിനും കാരണം, ജോലി ഇല്ലായ്മ' എന്ന് എഴുതിയ ആത്മഹത്യാകുറിപ്പാണ് കണ്ടെടുത്തത്.
ഞായറാഴ്ച രാവിലെയാണ് മരണവിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി റാങ്ക്‍ലിസ്റ്റ് റദ്ദാക്കപ്പെട്ടതില്‍ മനംനൊന്ത് അനു വീടിന് പുറത്തുപോലും ഇറങ്ങാറില്ലായിരുന്നു എന്ന് അയല്‍വാസികള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.