ചോദ്യപേപ്പർ തലേ ദിവസം സൈറ്റിൽ എന്ന വാർത്ത വസ്തുതാ വിരുദ്ധമെന്ന് പി.എസ്.സി
text_fieldsതിരുവനന്തപുരം : ചോദ്യ പേപ്പർ തലേ ദിവസം പി.എസ്.സി വെബ്സൈറ്റിൽ എന്ന തലക്കെട്ടോടെ ഒരു പത്രത്തിൽ വന്ന വാർത്ത വസ്തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പി.എസ്.സി വാർത്താക്കുറിപ്പിൽ അറിയിച്ചു. പരീക്ഷ കഴിഞ്ഞാൽ ചോദ്യപേപ്പറും താൽക്കാലിക ഉത്തരസൂചികയും ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ട്. ഒക്ടോബർ അഞ്ചിന് ഉച്ചക്ക് 1.30 മുതൽ 3.30 വരെ നടന്ന വയനാട്, എറണാകുളം ജില്ലകളിലേക്കുള്ള ക്ലാർക്ക് പരീക്ഷയുടെ ചോദ്യപേപ്പറും താൽക്കാലിക ഉത്തരസൂചികകയും പരീക്ഷാ നടപടികൾ പൂർത്തികരിച്ചതിനു ശേഷമാണ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.
ഗൂഗിൾ സെർച്ചിൽ ചോദ്യപേപ്പർ പ്രസിദ്ധീകരിച്ച സമയം തെറ്റായി കാണപ്പെട്ടത് സംബന്ധിച്ച് കമീഷൻറെ സാങ്കേതിക വിഭാഗം പരിശോധിച്ചു. ഗൂഗിളിൻറെ സെർച്ചിൽ കാണുന്ന ടൈം സ്റ്റാമ്പിൽ കൃത്യതയില്ലാതെ വരുമെന്നും പ്രസിദ്ധീകരിച്ച തീയതിയിൽ അക്കാരണത്താൽ മാറ്റം സംഭവിക്കാമെന്നും ഗൂഗിൾ മുൻപ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാരണത്താലാണ് ചോദ്യപേപ്പർ പ്രസിദ്ധീകരിച്ച യഥാർഥ സമയത്തിൽ മാറ്റം സംഭവിച്ചത്. ഈ വിഷയം ഗൂഗിളിൻറെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.
ഗൂഗിളിൽ സെർച്ച് ചെയ്താൽ തന്നെ ടൈം സ്റ്റാമ്പിൽ ഇത്തരത്തിൽ കൃത്യതയില്ലാതെ വരാം എന്ന കാര്യം ആർക്കും ലഭ്യമാണെന്നിരിക്കെ അത്തരം പരിശോധന പോലും നടത്താതെയും വസ്തുതകൾ അന്വേഷിക്കാതെയും ചോദ്യപേപ്പർ തലേനാൾ പി.എസ്.സി സൈറ്റിൽ എന്ന സ്തോഭജനകമായ വാർത്ത നൽകിയത് അതീവ ഗൗരവമായാണ് കമീഷൻ കാണുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം കമ്മീഷൻ പരിശോധിക്കുമെന്നും അറിയിച്ചു,
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.