കോവിഡിനിടയിലും 30,000 പേർക്ക് നിയമന ശിപാർശ നൽകി; ലിസ്റ്റുകൾ നീട്ടില്ലെന്ന് പി.എസ്.സി
text_fieldsതിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നേരത്തേ നിശ്ചയിച്ച പ്രകാരമാണുള്ളത്. ചട്ടങ്ങൾ അനുസരിച്ച് മാത്രമേ പി.എസ്.സിക്ക് പ്രവർത്തിക്കാൻ കഴിയൂ. പൊലീസ് പട്ടിക ഒരു വർഷം കഴിഞ്ഞാൽ നീട്ടാനാകില്ല. മറ്റു പട്ടികകൾക്ക് പരമാവധി നൽകാവുന്ന കാലപരിധി മൂന്നു വർഷമാണ്. പുതിയ പട്ടിക വരാത്തതിനാൽ നിലവിലേത് നീട്ടണമെന്ന് വ്യവസ്ഥയില്ല.
കോവിഡ് നാടിനെയാകകെ ബാധിച്ചെങ്കിലും പി.എസ്.സി ഓഫിസുകൾ പ്രവർത്തിച്ചിരുന്നു. അതിനാൽ തന്നെ ഉദ്യോഗാർഥികൾക്ക് അഡ്വൈസ് മെമോ നൽകുന്നതിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന കാര്യത്തിലും പ്രശ്നം നേരിട്ടിട്ടില്ല.
കോവിഡ് കാലത്ത് 30,000 പേർക്ക് അഡ്വൈസ് മെമോ നൽകി. 2000 പേർക്ക് കൂടി ഇനി നൽകും. ഇത് മുൻകാലങ്ങളേക്കാൾ അധികമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗസ്റ്റ് നാലിന് അവസാനിക്കുന്ന പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മൂന്ന് വർഷത്തെ കാലാവധി കഴിഞ്ഞ പട്ടികയാണ് റദ്ദാക്കുന്നതെന്നും ഇതിൽ കൂടുതൽ നീട്ടണമെങ്കിൽ പ്രത്യേക നിബന്ധനകളുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
കോവിഡ് കാലമായിട്ടും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ല. റാങ്ക് പട്ടികയിലെ എല്ലാവരെയും എടുക്കണമെന്ന് വാദം ശരിയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.