ആരോഗ്യ വകുപ്പിൽ സ്വന്തക്കാർക്കായി ചട്ടങ്ങൾ കാറ്റിൽപറത്തി പി.എസ്.സി
text_fieldsതിരുവനന്തപുരം: ഇടത് അനുഭാവികളായ ഡോക്ടർമാരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താനായി ചട്ടങ്ങളും കീഴ്വഴക്കങ്ങളും കാറ്റിൽപറത്തി കേരള പബ്ലിക് സർവിസ് കമീഷൻ.
ഉദ്യോഗാർഥികളെ നേരിട്ട് ഇൻറർവ്യൂ നടത്തി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ നിലനിൽക്കെ, അതു മറികടന്ന് കമീഷെൻറ അനുമതിയും ഉദ്യോഗസ്ഥരുടെ അറിവുമില്ലാതെ മൂന്നുപേരെ വിഡിയോ കോളിലൂടെ അഭിമുഖം നടത്തി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി.
ആരോഗ്യവകുപ്പിലെ അസിസ്റ്റൻറ് സർജൻ കാഷ്വൽറ്റി/ മെഡിക്കൽ ഓഫിസർ എൻ.സി.എ എസ്.ടി തസ്തികയിലാണ് ഒരുവിഭാഗം പി.എസ്.സി അംഗങ്ങളുടെ നിയമവിരുദ്ധ നടപടി.
40 പേരടങ്ങുന്ന അഭിമുഖ ലിസ്റ്റിൽ 37 പേരും പി.എസ്.സിയുടെ വിദഗ്ധ സമിതിക്ക് മുന്നിൽ നേരിട്ട് ഹാജരായിരുന്നു. എന്നാൽ, ഇടത് അനുഭാവികളായ മൂന്നുപേർ, കെണ്ടയ്ൻമെൻറ് സോണിലായ തങ്ങൾക്ക് അഭിമുഖ പരീക്ഷ വിഡിയോ കോൺഫറൻസ് വഴി നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇതു പരീക്ഷ വിഭാഗം തള്ളി.
റാങ്ക് പട്ടിക വൈകിയതോടെ ആരോഗ്യ മന്ത്രിയുടെ ഓഫിസ് ഇടപെട്ട് മൂന്നുപേരെയും അടിയന്തരമായി ഓൺലൈൻ വഴി ഇൻറർവ്യൂ നടത്തി പട്ടിക പുറത്തിറക്കണമെന്ന് ചെയർമാൻ എം.കെ. സക്കീറിനോട് ആവശ്യപ്പെടുകയായിരുന്നു.
തുടർന്നാണ് ഭൂരിഭാഗം കമീഷൻ അംഗങ്ങളോടും ആലോചിക്കാതെ ജൂലൈ 28ന് ഒരു അംഗത്തിെൻറ നേതൃത്വത്തിൽ മൂന്നുപേർക്കായി പി.എസ്.സിയുടെ ചരിത്രത്തിൽ ആദ്യമായി വിഡിയോ കോളിലൂടെ അഭിമുഖ പരീക്ഷ നടത്തിയത്. തുടർന്ന് ഒരു രേഖപരിശോധനയും ഇല്ലാതെ അന്ന് വൈകീട്ടുതന്നെ റാങ്ക് ലിസ്റ്റും പുറത്തിറക്കി.
മൂന്നുപേർക്കു മാത്രമായി ഓൺലൈൻ ഇൻറർവ്യൂ നടത്തിയതിനെതിരെ അംഗങ്ങൾക്കിടയിൽതന്നെ അതൃപ്തി ശക്തമാണ്. അതിനാൽ മൂന്നുപേരെയും റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തിയ നടപടിക്ക് കമീഷൻ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല.
അതേസമയം നിരവധി ഒഴിവുകൾ ഉള്ളതിനാൽ പട്ടികയിൽ ഉൾപ്പെട്ട എല്ലാവർക്കും നിയമനം ഉറപ്പായിരുന്നെന്നാണ് ചില കമീഷൻ അംഗങ്ങളുടെ വിശദീകരണം. എന്നാൽ, വാർത്തയോട് പ്രതികരിക്കാൻ പി.എസ്.സി ചെയർമാൻ തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.