ഉയർന്ന തസ്തികകളിൽ പി.എസ്.സി എഴുത്തുപരീക്ഷക്ക്
text_fieldsതിരുവനന്തപുരം: ബിരുദം യോഗ്യതയായ ഉയർന്ന തസ്തികകളിൽ പ്രധാനപരീക്ഷകൾ വിവരണാത്മകമാക്കുമെന്ന് പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ. സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി നടത്തിയ വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രിലിമിനറിക്ക് ശേഷം നടത്തുന്ന മുഖ്യപരീക്ഷയാണ് ഈ രീതിയിലേക്ക് മാറ്റുക.
ആദ്യഘട്ടം സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പോലുള്ള തസ്തികളിലാവും എഴുത്തുപരീക്ഷ. നിലവിൽ കെ.എ.എസ്, കോളജ് അധ്യാപക തസ്തിക എന്നിവ എഴുത്തുപരീക്ഷ രീതിയിലാണ്. തസ്തികയുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികൾക്ക് അവരുടെ ഭാഷാ നൈപുണ്യം, വിഷയത്തെക്കുറിച്ച അറിവ് തുടങ്ങിയവ ബോധ്യപ്പെടാനാണിത്. ഇത്തരം ഉത്തരക്കടലാസുകൾ പരിശോധിക്കാൻ സർവകലാശാലകളിൽനിന്ന് വിരമിച്ച അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തും.
50 ശതമാനം പരീക്ഷകൾ ഇനി ഓൺലൈനായി നടത്തും. ഓരോ തസ്തികക്കും ആവശ്യപ്പെടുന്ന വിദ്യാഭ്യാസ യോഗ്യതയുടെ തത്തുല്യമായ യോഗ്യത യു.ജി.സി അംഗീകാരമുള്ളതാണെങ്കിൽ അവ പ്രൊഫൈലിൽ ചേർക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്കും മക്കൾക്കും മത്സ്യഫെഡിൽ ജോലി നൽകാൻ തസ്തിക സൃഷ്ടിച്ച് നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആറു വർഷത്തിനിടെ 1,81,647 പേർക്ക് നിയമന ശിപാർശ നൽകാനായി. ഓൺലൈൻ പരീക്ഷ കേന്ദ്രങ്ങൾ, ജില്ല ഓഫിസുകൾക്ക് സ്വന്തമായി കെട്ടിടങ്ങൾ, എക്സാമിനേഷൻ മാനേജ്മെന്റ് സിസ്റ്റം, ഓൺ സ്ക്രീൻ മാർക്കിങ് മൂല്യനിർണയം, ഡി.ജി ലോക്കർ സർട്ടിഫിക്കറ്റ് പരിശോധന, കെ.എ.എസ്, പ്രാക്തന-ഗോത്ര വിഭാഗങ്ങൾക്കുള്ള പ്രത്യേക നിയമനം, ഭരണഭാഷ, പരീക്ഷാ രീതിയിൽ മാറ്റം എന്നിവയും നടപ്പാക്കി. 2011ൽ പി.എസ്.സി അംഗമായും 2016 ഒക്ടോബർ 31ന് ചെർമാനായും ചുമതലകൾ നിർവഹിച്ച് പടിയിറങ്ങുന്നത് ആത്മസംതൃപ്തിയോടെയാണെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ പി.എസ്.സി അംഗങ്ങളായ എസ്. വിജയകുമാരൻ നായർ, പി.എച്ച്. മുഹമ്മദ് ഇസ്മയിൽ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.