നഴ്സിങ് അസി. പ്രഫസർ, എ.എം.വി.ഐ പരീക്ഷകൾക്ക് പി.എസ്.സിയുടെ ‘ക്ലീൻ ചിറ്റ്’
text_fieldsതിരുവനന്തപുരം: സ്വകാര്യ ഗൈഡിൽനിന്ന് ചോദ്യങ്ങൾ അതേപടി പകർത്തിയെഴുതിയെന്ന പരാതിയിൽ ചോദ്യകർത്താക്കളെ സംരക്ഷിച്ച് കേരള പബ്ലിക് സർവിസ് കമീഷൻ. നഴ്സിങ് അസി. പ്രഫസർ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷകളിലാണ് ചോദ്യപേപ്പർ തയാറാക്കിയവർക്ക് പി.എസ്.സിയുടെ വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത്. ഇതോടെ ഇരുപരീക്ഷകളുടെയും മൂല്യനിർണയം ആരംഭിക്കാൻ പി.എസ്.സി കമീഷൻ നിർദേശം നൽകി. മേയ് 25നാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്ക് നഴ്സിങ് അസി. പ്രഫസർമാർക്കും 26ന് മോട്ടോർ വാഹന വകുപ്പിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തസ്തികയിലേക്കും പി.എസ്.സി പരീക്ഷ നടത്തിയത്. നഴ്സിങ് അസി. പ്രഫസർ ഓൺലൈൻ പരീക്ഷക്ക് വന്ന ചോദ്യങ്ങളിൽ 30 എണ്ണവും സ്വകാര്യ ഗൈഡിൽനിന്ന് അതേപടി പകർത്തിയെന്നായിരുന്നു ഉദ്യോഗാർഥികളുടെ പരാതി. ഭൂരിഭാഗം ഉത്തരങ്ങളുടെ ഓപ്ഷനും സമാനമായിരുന്നു.
എന്നാൽ, ഉദ്യോഗാർഥികൾ ആരോപിക്കുന്ന ചോദ്യങ്ങളെല്ലാം പലപ്പോഴും പി.എസ്.സി പരീക്ഷകളിൽ ആവർത്തിക്കുന്നവയാണെന്നും പല ഗൈഡുകളിലും ഇത്തരം ചോദ്യങ്ങൾ ഉണ്ടെന്നുമായിരുന്നു വിജിലൻസ് റിപ്പോർട്ട്. ഇതോടെയാണ് നഴ്സിങ് അസി. പ്രഫസർ പരീക്ഷക്കെതിരായ പരാതികൾ തള്ളാൻ പി.എസ്.സി തീരുമാനിച്ചത്. നാലായിരത്തോളം ഉദ്യോഗാർഥികളാണ് ഈ പരീക്ഷ എഴുതിയത്.
അതേസമയം 9,000 ഓളം പേർ പരീക്ഷയെഴുതിയ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തസ്തികയിലെ 80 ചോദ്യങ്ങളിൽ 36 എണ്ണം സ്വകാര്യ ഓണ്ലൈന് ആപ്പിൽനിന്ന് അപ്പാടെ പകർത്തിയെന്നായിരുന്നു ഉദ്യോഗാർഥികളുടെ പരാതി. തെറ്റായ ഉത്തരങ്ങളും അതേപോലെ ചോദ്യകർത്താവ് പകർത്തി. ഒമ്പത് ചോദ്യങ്ങളിൽ ചെറിയ വ്യത്യാസം മാത്രമാണ് വരുത്തിയത്. ഈ പരാതിയിലും സമാന നിലപാടാണ് വിജിലൻസ് സ്വീകരിച്ചത്. തെറ്റായ ഉത്തരം രേഖപ്പെടുത്തിയ ഒമ്പത് ചോദ്യങ്ങൾ ഒഴിവാക്കി 91 മാർക്കിന് മൂല്യനിർണയം നടത്താനാണ് തീരുമാനം. എട്ടുവർഷത്തിന് ശേഷമാണ് അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷ പി.എസ്.സി നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.