പി.എസ്.എൽ.വി ഇനി സ്വകാര്യ കമ്പനികൾ നിർമിക്കും
text_fieldsതിരുവനന്തപുരം: രാജ്യത്തെ ബഹിരാകാശ മേഖല സ്വകാര്യ കമ്പനികൾക്ക് കേന്ദ്രസർക്കാർ തുറന്നുകൊടുത്തതോടെ ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനം പി.എസ്.എൽ.വിയുടെ നിർമാണം ഇനി ഐ.എസ്.ആർ.ഒയുടെ പുറത്തേക്ക്.
പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡ് (ഹാൽ), സ്വകാര്യമേഖലയിലെ വമ്പനായ ലാർസൻ ആന്‍ഡ് ട്യൂബ്രോ (എൽ ആൻഡ് ടി) ലിമിറ്റഡ് സഖ്യമായിരിക്കും ചരിത്രത്തിലാദ്യമായി ഐ.എസ്.ആർ.ഒക്കുവേണ്ടി അഞ്ച് പി.എസ്.എൽ.വി റോക്കറ്റുകൾ നിർമിക്കുക. ഇതുസംബന്ധിച്ച കരാർ നടപടികൾ രണ്ടുമാസത്തിനകം പൂർത്തിയാകുമെന്ന് ഐ.എസ്.ആർ.ഒ വൃത്തങ്ങൾ അറിയിച്ചു. ബഹിരാകാശ മന്ത്രാലയത്തിനു കീഴിൽ സ്വയംഭരണാവകാശ സ്ഥാപനമായ ഇൻ- സ്പേസിനായിരിക്കും നിർമാണ മേൽനോട്ടം.
നേരത്തേ റോക്കറ്റ് നിർമാണത്തിന് സ്വകാര്യ മേഖലയെ ക്ഷണിച്ചു പുറത്തിറക്കിയ വിജ്ഞാപനത്തിൽ മൂന്ന് കമ്പനികളാണ് താൽപര്യമറിയിച്ച് രംഗത്തെത്തിയത്. ഇതിൽ ഹാൽ- എൽ ആൻഡ് ടി സഖ്യം അഞ്ച് റോക്കറ്റുകൾക്കായി 825 കോടി ക്വോട്ട് ചെയ്തപ്പോൾ, ബെൽ - അദാനി ഡിസൈൻ - ബി.ഇ.എം.എൽ കൺസോർട്ടിയം 1218 കോടിയും ഭെൽ 1129 കോടിയും മുന്നോട്ടുവെച്ചതാണ് സൂചന. കുറഞ്ഞ തുക ക്വാട്ട് ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് ഹാൽ-എൽ ആൻഡ് ടി സഖ്യത്തിന് കരാർ ലഭിക്കുന്നത്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും എൽ ആൻഡ് ടിയും വർഷങ്ങളായി ഐ.എസ്.ആർ.ഒയുമായി ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്.
പി.എസ്.എൽ.വിയുടെ പലഭാഗങ്ങളും ഇരുസ്ഥാപനങ്ങളും നിലവിൽ നിർമിച്ച് നൽകുന്നുമുണ്ട്. ഈ സാഹചര്യത്തിൽ 'പുതിയ സംഖ്യം'ഐ.എസ്.ആർ.ഒക്ക് തലവേദനയാകില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. കരാർ ഒപ്പിട്ട് 24 മാസത്തിനുള്ളിൽ ആദ്യ റോക്കറ്റ് പുറത്തിറങ്ങും. 2025-26കളിലായിരിക്കും മറ്റ് നാല് റോക്കറ്റുകളുടെയും നിർമാണം പൂർത്തീകരിക്കുക.
ഐ.എസ്.ആർ.ഒ ഇതുവരെ വികസിപ്പിച്ച വിക്ഷേപണ വാഹനങ്ങളിൽ ഏറ്റവും മികച്ച ട്രാക്ക് റെക്കോഡുള്ള റോക്കറ്റാണ് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ ( പി.എസ്.എൽ.വി). ലോകത്തെ ചെലവു കുറഞ്ഞതും ഏറ്റവും മികച്ചതുമായ വിക്ഷേപണ റോക്കറ്റാണിത്. ഈ വർഷം ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് 54 പി.എസ്.എൽ.വി വിക്ഷേപണങ്ങൾ നടന്നിട്ടുണ്ട്.
ഇതിൽ 1993 ലെ ആദ്യ പറക്കലും 2017 ലെ 41ാം പറക്കലുമൊഴികെ 51 വിക്ഷേപണങ്ങളും സമ്പൂർണ വിജയമായിരുന്നു. ഒരു ദൗത്യം ഭാഗിക വിജയമായിരുന്നു. ഗതിനിർണയത്തിനുള്ള ഇന്ത്യയുടെ ഏഴ് ഐ.ആർ.എൻ.എസ്.എസ് ഉപഗ്രഹങ്ങളെ ബഹിരാകാശ പഥങ്ങളിലെത്തിച്ചത് പി.എസ്.എൽ.വികളാണ്. ചന്ദ്രയാൻ 1-ഉം മംഗൾയാനും വിക്ഷേപിച്ച ഈ 'ആകാശക്കുതിര'2017 ഫെബ്രുവരി 15ന് ഒറ്റക്കുതിപ്പിന് 104 ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിച്ച് ലോക റെക്കോഡ് സൃഷ്ടിച്ചിരുന്നു.
പി.എസ്.എൽ.വിക്ക് പുറമെ, സ്വകാര്യ മേഖലയുമായി സഹകരിച്ച് ചെറുകിട ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്‍റെ (എസ്.എസ്.എൽ.വി) നിർമാണവും സ്വകാര്യമേഖലയെ ഏൽപ്പിക്കാൻ ഐ.എസ്.ആർ.ഒ ലക്ഷ്യമിടുന്നുണ്ട്. താഴ്ന്ന ഭ്രമണപഥങ്ങളിൽ 500 കിലോയും ഉയർന്ന ഭ്രമണപഥങ്ങളിൽ 300 കിലോയും വരെ എത്തിക്കാൻ എസ്.എസ്.എൽ.വിക്ക് കഴിയും. ഉപഗ്രഹ വിക്ഷേപണത്തിലൂടെ രാജ്യത്തിന് കോടികൾ നേടിത്തരുന്ന ഈ റോക്കറ്റിന്‍റെ (എസ്.എസ്.എൽ.വി-ഡി1) ആദ്യവിക്ഷേപണം മേയിൽ സാധ്യമാകുന്ന പ്രതീക്ഷയിലാണ് ഐ.എസ്.ആർ.ഒ. അതിനു ശേഷമാകും സ്വകാര്യ കമ്പനികൾക്ക് സാങ്കേതികവിദ്യ കൈമാറുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.