പി.ടി -7 ഇനി മര്യാദരാമൻ; ഒരുനാട് മുഴുവൻ ഒരാനയെ പേടിച്ച് ജീവിച്ചത് മാസങ്ങൾ
text_fieldsപാലക്കാട്: നാലുവർഷമായി ധോണിയിലും പരിസരത്തും ജനവാസ മേഖലകളെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ പാലക്കാട് ടസ്കർ സെവൻ (പി.ടി -7) ഒടുവിൽ കൂട്ടിലേക്ക്. ഒരുനാട് മുഴുവൻ ഒരാനയെ പേടിച്ച് ജീവിതരീതി പോലും ക്രമീകരിച്ച മാസങ്ങളാണ് കടന്നുപോയത്.
മേഖലയിൽ രാത്രി വൈകി യാത്രചെയ്യാനും വൈകി വീട്ടിലെത്തുന്ന തരത്തിലുള്ള ജോലി ചെയ്യാനും ആളില്ലാതെയായി. തോട്ടങ്ങളിൽ പണിക്കിറങ്ങാൻ ഭയമേറി. പുലർച്ച വീടുവിട്ടിറങ്ങിയാൽ ആനയുടെ മുന്നിൽപെടുമോ എന്ന ഭയത്തിൽ ടാപ്പിങ് പോലും മാറ്റിവെച്ചു. പി.ടി -7 തട്ടിയെറിഞ്ഞ ടാപ്പിങ് തൊഴിലാളി കോർമ സ്വദേശി ബേബിച്ചൻ ഇതുവരെ പൂർണാരോഗ്യം വീണ്ടെടുത്തിട്ടില്ല.
2022 ജൂലൈ എട്ടിന് പ്രഭാത സവാരിക്കിടെ പി.ടി -7 ചവിട്ടിക്കൊന്ന മായാപുരം സ്വദേശി ശിവരാമന്‍റെ വീട്ടിൽ ദുഃഖവും വിഷാദവും ഇനിയും വിട്ടുമാറിയിട്ടില്ല. പി.ടി -7 മതിൽ തകർത്ത് എത്തിയ വീട്ടുകാരിൽ ചിലർക്ക് ഇപ്പോഴും നടുക്കത്തോടെയേ അത് വിവരിക്കാനാവൂ. ഒരുപരിധിവരെ ആശ്വാസമായെങ്കിലും പതിവായി നാട്ടിലിറങ്ങുന്ന ആനകളിൽ ഒന്നുമാത്രമാണിതെന്ന് നാട്ടുകാർ ഓർമിപ്പിക്കുന്നു. പി.ടി -7 പോയാലും കൃഷിയിടങ്ങളിലെ കാവൽമാടങ്ങളിൽ ഉറക്കമിളച്ച് ഇനിയും ഇരിക്കേണ്ടി വരുമെന്ന് അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.