‘പി.ടി ഏഴി’നെ കോർമ്മയിൽ കണ്ടെത്തി; കൂടൊരുങ്ങിയാൽ പിടികൂടൽ ദൗത്യം തുടങ്ങും
text_fieldsഅകത്തേത്തറ: പ്രത്യേക ദൗത്യസംഘം രാത്രി നടത്തിയ പരിശോധനയിൽ പി.ടി ഏഴ് എന്ന കാട്ടുകൊമ്പനെ കണ്ടെത്തി. ധോണിക്കടുത്ത് കോർമ്മ ഭാഗത്താണ് കാട്ടാനയുള്ളത്. കഴിഞ്ഞ ദിവസം അർധരാത്രി ദ്രുതപ്രതികരണ സേനയും ദൗത്യസംഘവും കാട്ടാനയുടെ നീക്കം പരിശോധിക്കുന്നതിനിടയിലാണ് സാന്നിധ്യം മനസ്സിലാക്കിയതെന്ന് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങാതിരിക്കാനുള്ള പ്രവർത്തനങ്ങളാണ് വെള്ളിയാഴ്ച പുലർച്ച വരെ നടത്തിയത്. ആനയുടെ രാത്രികാല സഞ്ചാരവഴികൾ പഠിച്ച് ദൗത്യം സുഗമമാക്കാനാണ് പരിശോധന.
ഭൂമിശാസ്ത്ര പരമായ പ്രത്യേകതകൾ പരിഗണിച്ച് മയക്കുവെടിവെക്കാൻ സുരക്ഷിത സ്ഥലത്ത് എത്തിക്കുകയെന്നതാണ് വെല്ലുവിളിയെന്ന് ദൗത്യസംഘം കരുതുന്നു. കൂട് നിർമാണം പൂർത്തിയാക്കി ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കിയശേഷമാണ് ആനയെ പിടികൂടുന്ന ദൗത്യം ആരംഭിക്കുക. വനംവകുപ്പ് ആനക്കൂട് നിർമാണത്തിനുള്ള ഒരുക്കം തുടങ്ങിയിട്ടുണ്ട്. മുണ്ടൂർ ഒടുവൻകാട്ട്, നെന്മാറ പോത്തുണ്ടി എന്നിവിടങ്ങളിൽ കൂടിന് പറ്റിയ മരങ്ങൾ തെരഞ്ഞെടുത്ത് മുറിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു.
രണ്ട് ദിവസത്തിനകം മുറിച്ച മരങ്ങൾ ധോണിയിലെത്തിക്കും. കൂട് തകർക്കാൻ ശ്രമിച്ചാൽ പരിക്കേൽക്കാതിരിക്കാൻ യൂക്കാലിപ്സ് മരങ്ങൾ ഉപയോഗിച്ചാണ് നിർമിക്കുക.ഇതിന് 18 അടി ഉയരവും 15 അടി നീളവും ഉണ്ടാകും. ധോണി വനമേഖലയിൽ ആനക്കൂട് നിർമിക്കുന്ന സ്ഥലത്ത് പശ്ചാത്തല സൗകര്യമൊരുക്കുന്ന പ്രവൃത്തി കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. മണ്ണുമാന്തി ഉപയോഗിച്ച് ആനക്കൂടിനടുത്ത് കുഴിയും കീറി. ബുധനാഴ്ചക്കകം കൂട് നിർമാണം പൂർത്തിയാക്കാനാണ് ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.