അമ്മയുടെ കല്ലറയിൽ, ഇടുക്കിയുടെ മണ്ണിലലിഞ്ഞ് പി.ടി; സഭാചരിത്രത്തിലെ അപൂർവ സംഭവം
text_fieldsചെറുതോണി: പി.ടി. തോമസ് എം.എൽ.എയുടെ ചിതാഭസ്മത്തിന്‍റെ ഒരുഭാഗം അദ്ദേഹത്തിന്‍റെ അന്ത്യാഭിലാഷംപോലെ തന്‍റെ കർമഭൂമിയായ ഇടുക്കിയുടെ മണ്ണിൽ അലിഞ്ഞു. എറണാകുളത്തുനിന്ന് എത്തിച്ച ചിതാഭസ്മം തിങ്കളാഴ്ച വൈകീട്ട് 5.15ന് ഉപ്പുതോട് സെന്‍റ് ജോസഫ് ദേവാലയത്തിൽ പി.ടി. തോമസിന്‍റെ അമ്മയുടെ കല്ലറയിൽ അടക്കംചെയ്തു. കത്തോലിക്ക സഭയുടെ ചരിത്രത്തിൽതന്നെ അപൂർവമായ ചടങ്ങിന് പി.ടിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരും സാക്ഷ്യംവഹിച്ചു.
ഉച്ചമുതൽ ഉപ്പുതോട് പള്ളിയിലേക്ക് നാട്ടുകാർ ഒഴുകിയെത്തിക്കൊണ്ടിരുന്നു. വൈകീട്ട് 4.10നാണ് ചിതാഭസ്മ പ്രയാണം ഉപ്പുതോടിലെത്തിയത്. തുടർന്ന് കോൺഗ്രസ് നേതാക്കൾ പി.ടിയുടെ കുടുംബാംഗങ്ങൾക്ക് ചിതാഭസ്മമടങ്ങിയ പേടകം കൈമാറി. പി.ടി ബാല്യ-കൗമാരങ്ങൾ ചെലവഴിച്ച ഉപ്പുതോട് ഗ്രാമത്തിൽ പേടകവുമായി വാഹനമെത്തിയപ്പോൾ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പണിപ്പെട്ടു. സഹപാഠികൾ, നാട്ടുകാർ, മുതിർന്ന കോൺഗ്രസ് പ്രവർത്തകർ തുടങ്ങി നൂറുകണക്കിനാളുകൾ ദേവാലയ മുറ്റത്ത് തയാറാക്കിയ പന്തലിലെത്തി ആദരാഞ്ജലിയർപ്പിച്ചു. പി.ടി. തോമസിന്‍റെ സഹോദരിമാരായ റോസക്കുട്ടി, ചിന്നമ്മ എന്നിവർ ഉച്ചമുതൽ പള്ളി വരാന്തയിൽ കാത്തിരിപ്പുണ്ടായിരുന്നു. പേടകം അവസാനമായി കല്ലറയിലേക്ക് എടുത്തപ്പോൾ ഭാര്യ ഉമയും മക്കളായ വിഷ്ണുവും വിവേകും വിങ്ങിപ്പൊട്ടി. മൃതദേഹം എറണാകുളം രവിപുരം ശ്മശാനത്തിൽ ദഹിപ്പിച്ചശേഷം ചിതാഭസ്മത്തിൽ ഒരുഭാഗം അമ്മയുടെ കല്ലറയിൽ സംസ്കരിക്കണമെന്നാണ് പി.ടി. തോമസ് അവസാനമായി സുഹൃത്തിനെ പറഞ്ഞേൽപിച്ചിരുന്നത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.ഐ.സി.സി അംഗം ഐവാൻ ഡിസൂസ, എറണാകുളം ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, ഡീൻ കുര്യാക്കോസ് എം.പി, കെ. ബാബു എം.എൽ.എ, വി.പി. സജീന്ദ്രൻ, ഇബ്രാഹിംകുട്ടി കല്ലാർ, ഇ.എം. ആഗസ്തി, സി.പി. മാത്യു, ഫ്രാൻസിസ് ജോർജ്, റോയ് കെ. പൗലോസ്, ഇന്ദു സുധാകരൻ, മാത്യു കുഴൽനാടൻ എം.എൽ.എ, എസ്. അശോകൻ, ചാണ്ടി ഉമ്മൻ തുടങ്ങിയവർ സംബന്ധിച്ചു. പി.ടിയുടെ ഭാര്യക്കും മക്കൾക്കുമൊപ്പം സഹോദരൻ പി.ടി. ജോർജും ചിതാഭസ്മത്തെ അനുഗമിച്ചു.
രാവിലെ ഏഴിന് എറണാകുളത്തെ പി.ടിയുടെ വീട്ടിൽനിന്ന് പുറപ്പെട്ട ചിതാഭസ്മപ്രയാണം നേര്യമംഗലം, അടിമാലി വഴിയാണ് ഉപ്പുതോടിലെത്തിയത്. ചടങ്ങിനുശേഷം ഉപ്പുതോട് ടൗണിൽ നടന്ന അനുശോചന സമ്മേളനം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു.
മതവികാരം വ്രണപ്പെടുത്തരുതെന്ന് രൂപത
തൊടുപുഴ: പി.ടി. തോമസിന്‍റെ ചിതാഭസ്മം ഉപ്പുതോട് ഇടവകയിലെ അമ്മയുടെ കല്ലറയിൽ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങിൽ ക്രൈസ്തവ വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തരുതെന്ന് ഇടുക്കി രൂപതയുടെ മാർഗനിർദേശം. രൂപത മുഖ്യവികാരി ജനറാൾ ജോസ് പ്ലാച്ചിക്കലാണ് മാർഗനിർദേശം പുറപ്പെടുവിച്ചത്.
ക്രൈസ്തവ വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്ന പെരുമാറ്റം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കാൻ ചടങ്ങിൽ പങ്കെടുക്കുന്നവരും നേതൃത്വം നൽകുന്നവരും ശ്രദ്ധിക്കണമെന്നായിരുന്നു നിർദേശം. ദേവാലയത്തിന്റെയും പരിസരത്തിന്റെയും പരിപാവനത കാത്തുസൂക്ഷിക്കണം, തിരുസഭയുടെ ഔദ്യോഗിക കർമങ്ങളോടെയല്ല ചടങ്ങ് നടക്കുന്നതെങ്കിലും ദേവാലയ പരിസരത്തും സെമിത്തേരിയിലും പ്രാർഥനാപൂർണമായ നിശ്ശബ്ദത പുലർത്തണം എന്നിവയായിരുന്നു മറ്റ് നിർദേശങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.