പ്രിയ ഇടങ്ങളിൽ പി.ടി വീണ്ടുമെത്തി
text_fieldsകൊച്ചി: ഇനി ഒരു വരവില്ലെന്ന് അറിയിക്കാൻ വിണ്ടും പി.ടിയെത്തി, ഈ മനോഹര ഭൂമിയിൽ പി.ടിക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമായിരുന്നു പാലാരിവട്ടത്തെ വയലാശേരി വീട്. 'നിലപാടുകളുടെ രാജകുമാരന് വിട'യെന്നെഴുതിയ അലങ്കരിച്ച വാഹനത്തിൽ പി.ടി തോമസിെൻറ മൃതദേഹം എത്തുമ്പോൾ കേരള രാഷ്ട്രീയത്തിൽ ആദർശ നിലപാടുകൾകൊണ്ട് സ്വയം അടയാളപ്പെടുത്തിയ ആ നേതാവിനെ കാണാൻ നൂറുകണക്കിന് ആളുകളാണ് വീട്ടുമുറ്റത്ത് തടിച്ചുകൂടിയിരുന്നത്.
മനുഷ്യരുടെ വേദനകളിലേക്ക്, നാടിെൻറ പ്രശ്നങ്ങളിലേക്ക് പി.ടി ഇറങ്ങിയോടിയത് ആ വീട്ടിൽനിന്നായിരുന്നു. ആൾക്കൂട്ടങ്ങൾക്കിടയിലെ മനുഷ്യർക്കെല്ലാം പി.ടിയുടെ സനേഹം നിറഞ്ഞ ഹസ്തദാനങ്ങളുണ്ടായിരുന്നു ഇന്നലെവരെ. ആ ശൂന്യതയെ വിശ്വസിക്കാൻ ഒരു രാപകൽ കഴിഞ്ഞിട്ടും പി.ടിയെന്ന പച്ചയായ രാഷ്ട്രീയക്കാരനെ ഇരുകൈയും നീട്ടി സ്വീകരിച്ച എറണാകുളത്തിനായിട്ടില്ല.
വയലാശേരി വീട്ടിൽ 15 മിനിറ്റാണ് പൊതുദർശനത്തിന് വെച്ചത്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും മാത്രമായിരുന്നു അന്ത്യോപചാരം അർപ്പിക്കാൻ അവസരമുണ്ടായിരുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ചലച്ചിത്രതാരം മമ്മൂട്ടി തുടങ്ങിയവരടക്കം മുതിർന്ന കോൺഗ്രസ് നേതാക്കൾ വീടുകളിലെത്തിയാണ് അന്ത്യോപചാരമർപ്പിച്ചത്. തുടർന്ന് ഡി.സി.സി ഓഫിസിലെത്തിച്ച ഭൗതിക ശരീരത്തിൽ മുതിർന്ന നേതാക്കൾ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു. തെൻറ രാഷ്ട്രീയക്കളരിയിൽ ഏറെ ഓർമകളുള്ള ഇടംകൂടിയാണ് പി.ടിക്ക് എറണാകുളത്തെ ഇന്ദിര ഭവനെന്ന ഡി.സി.സി ഓഫിസ്. സംസ്ഥാന നേതാക്കൾക്ക് മാത്രമാണ് ഡി.സി.സി ഓഫിസിൽ കാണാനവസരമൊരുക്കിയത്. 15 മിനിറ്റ് മാത്രമാണ് ഡി.സി.സി ഓഫിസിലും പ്രദർശനത്തിന് വെച്ചത്. തുടർന്ന് വൻ ജനാവലിയോടെ ടൗൺഹാളിലേക്ക് കൊണ്ടുപോയി.
ആയിരങ്ങളുടെ അന്ത്യാഞ്ജലി
കൊച്ചി: പി.ടി. തോമസിെൻറ അന്ത്യാഭിലാഷം പോലെ വയലാറിെൻറ ഗാനങ്ങൾ പതിഞ്ഞ താളത്തിൽ പശ്ചാത്തലത്തിൽ നിറഞ്ഞുനിൽക്കെ രാഷ്ട്രീയ കേരളം ഒന്നാകെ പി.ടി. തോമസിന് അന്ത്യാഞ്ജലി നേർന്നു. കേരളത്തിെല പ്രമുഖ രാഷ്ട്രീയ നേതാക്കളും സാമൂഹിക -സാംസ്കാരിക മേഖലകളിലെ പ്രമുഖരും ആയിരക്കണക്കിന് സാധാരണ ജനങ്ങളം നിലപാടുകളുടെ തീക്ഷ്ണത കൊണ്ട് വ്യത്യസ്തനായിനിന്ന പ്രിയ നേതാവിനെ അവസാനമായി കാണാൻ തിക്കിത്തിരക്കി.
വ്യാഴാഴ്ച ഉച്ചക്ക് 12.30ഓടെ എറണാകുളം ടൗൺ ഹാളിലേക്ക് പൊതുദർശനത്തിന് മൃതദേഹം കൊണ്ടുവരുമ്പോഴേക്കും പരിസരമാകെ ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരെ കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു.
പ്രത്യേകം അലങ്കരിച്ച കെ.എസ്.ആർ.ടി.സി ബസിൽ കോൺഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം. സുധീരൻ, കെ. സുധാകരൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ.സി. ജോസഫ് എന്നിവരും പി.ടിയുടെ ഭാര്യ ഉമ, മക്കളായ ഡോ. വിഷ്ണു, വിവേക് എന്നിവർ മൃതദേഹത്തോടൊപ്പവും ഉണ്ടായിരുന്നു. ഷാഫി പറമ്പിൽ എം.എൽ.എ, ചാണ്ടി ഉമ്മൻ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോഴേക്കും മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ പൊതിഞ്ഞു.
ഉച്ചക്ക് ഒന്നോടെ രാഹുൽ ഗാന്ധിയെത്തി. പി.ടിയുടെ ഭൗതികശരീരത്തിന് മുന്നിൽ കൈകൂപ്പി നിന്ന അദ്ദേഹം കുടുംബാംഗങ്ങളുടെ സമീപത്ത് ഇരുന്നു. പി.ടിയുടെ മക്കളായ ഡോ. വിഷ്ണു, വിവേക്, ഭാര്യ ഉമ എന്നിവരോട് സംസാരിച്ച അദ്ദേഹം ചേർത്തണച്ചു. എന്നും കോൺഗ്രസ് കൂട്ടിനുണ്ടാകുമെന്നും എപ്പോൾ വേണെമങ്കിലും എന്ത് ആവശ്യത്തിനും തന്നെ വിളിക്കാമെന്നും രാഹുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.