കോൺഗ്രസ് നേതാവും എം.എൽ.എയുമായ പി.ടി തോമസ് അന്തരിച്ചു
text_fieldsകൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റും തൃക്കാക്കര എം.എൽ.എയുമായ പി.ടി തോമസ് (70) അന്തരിച്ചു. രാവിലെ 10.15ഒാടെ വെല്ലൂർ സി.എം.സി ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു.
മൃതദേഹം വെല്ലൂർ ആശുപത്രിയിൽനിന്ന് റോഡ് മാർഗം കുമളി വഴി ഇടുക്കി ഉപ്പുതോട് കുടുംബവീട്ടിൽ ബുധനാഴ്ച രാത്രിയോടെ എത്തിക്കും. തുടർന്ന് രാവിലെ 6.30ന് എറണാകുളം പാലാരിവട്ടം - വയലാശ്ശേരി റോഡിലെ വസതിയിൽ എത്തിക്കും. അവിടെ നിന്ന് തമ്മനം - വൈറ്റില വഴി 7.30ന് എറണാകുളം ഡി.സി.സി ഓഫിസിലേക്കെത്തും. പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമായി ഒരു മണിക്കൂർ പൊതുദർശനമുണ്ടാകും. 8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയുള്ള എറണാകുളം ടൗൺഹാളിലെ പൊതുദർശനത്തിൽ സമൂഹത്തിന്‍റെ നാനാതുറകളിൽ പെട്ടവർക്ക് അന്ത്യമോപചാരമർപ്പിക്കാൻ അവസരം ഉണ്ടായിരിക്കും.
1.30 മുതൽ 4.30 വരെ അദ്ദേഹം ജനപ്രതിനിധിയായിട്ടുള്ള തൃക്കാക്കര കമ്യൂണിറ്റി ഹാളിൽ പൊതുദർശനവും തുടർന്ന് 5.30ന് എറണാകുളം രവിപുരം ശ്മശാനത്തിൽ സംസ്കാരവും നടത്തുന്നതാണെന്ന് ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. പി.ടിയുടെ കണ്ണുകൾ ദാനം ചെയ്യും. നേത്രദാനത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
നിലവിൽ കോൺഗ്രസ് നിയമസഭ കക്ഷി സെക്രട്ടറിയും എ.ഐ.സി.സി അംഗവുമാണ്. തൊടുപുഴയിൽ നിന്ന് രണ്ടു തവണ കേരള നിയമസഭയിലെത്തി. ഇടുക്കി ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിച്ച പി.ടി തോമസ്, 2016 മുതൽ തൃക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗമാണ്.
1950 ഡിസംബർ 12ന് ഇടുക്കി ഉപ്പുതോട് പുതിയാപറമ്പിൽ തോമസിന്‍റെയും അന്നമ്മയുടെയും അഞ്ച് മക്കളിൽ നാലാമനായി ജനിച്ചു. പാറത്തോട് സെന്‍റ് ജോർജ് ഹൈസ്കൂൾ, തിരുവനന്തപുരം മാർ ഇവാനിയോസ്, തൊടുപുഴ ന്യൂമാൻസ്, എറണാകുളം മഹാരാജാസ്, കോഴിക്കോട്–എറണാകുളം ലോ കോളജുകൾ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.
കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡന്‍റ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്‍റ്, കേരള സർവകലാശാല സെനറ്റ് അംഗം, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഇടുക്കി ഡി.സി.സി പ്രസിഡന്‍റ്, യുവജനക്ഷേമ ദേശീയ സമിതി ഡയറക്ടർ, കെ.എസ്.യു മുഖപത്രം കലാശാലയുടെ എഡിറ്റർ, ചെപ്പ് മാസികയുടെ എഡിറ്റർ, സാംസ്കാരിക സംഘടനയായ സംസ്കൃതിയുടെ സംസ്ഥാന ചെയർമാൻ, കേരള ഗ്രന്ഥശാലാ സംഘം എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. 90ൽ വാത്തിക്കുടി ഡിവിഷനിൽ നിന്ന് ഇടുക്കി ജില്ലാ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
1991ലും 2001ലും തൊടുപുഴ എം.എൽ.എയും 2009ൽ ഇടുക്കി എം.പിയുമായി. മികച്ച എം.എൽ.എക്കുള്ള അബൂദാബി വീക്ഷണം റീഡേഴ്സ് ഫോറത്തിന്‍റെ സി.പി. ശ്രീധരൻ അവാർഡ്, കുവൈത്ത് സി.എം. സ്റ്റീഫൻ കൾച്ചറൽ ഫോറം അവാർഡ്, തൃപ്രയാർ വെൽഫെയർ സൊസൈറ്റിയുടെ വി.കെ. ഗോപിനാഥൻ മാസ്റ്റർ പുരസ്കാരം തുടങ്ങിയവ ലഭിച്ചു.
ഒമ്പത് സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ച കേരളത്തിലെ മികച്ച പാർലമെന്‍റേറിയന്മാരിൽ ഒരാളാണ്. ഗ്രന്ഥശാല പ്രവർത്തനം നടത്തുന്ന 'മാനവ സംസ്കൃതി'യുടെ ചെയർമാനാണ്. 'വലിച്ചെറിയാത്ത വാക്കുകൾ', 'എ.ഡി.ബിയും പ്രത്യയശാസ്ത്ര ശാഠ്യങ്ങളും' എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ: ഉമ, ഭാര്യ: ഉമ, മക്കൾ: ഡോ. വിഷ്ണു തോമസ്, വിവേക് തോമസ്. മരുമകൾ: ബിന്ദു.
മൂന്നു ദിവസം കെ.പി.സി.സി ദുഃഖാചരണം, കോണ്‍ഗ്രസ് പരിപാടികള്‍ റദ്ദാക്കി
പി.ടി തോമസിന്‍റെ നിര്യാണത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്‍റെ മൂന്നു ദിവസത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. മൂന്നു ദിവസം ദുഃഖാചരണം നടത്താന്‍ തീരുമാനിച്ചതായും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ എം.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.