ഇടപ്പള്ളിയിലെ വീട്ടിൽ പോയത് മധ്യസ്ഥതക്ക്, ഒപ്പം സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും; ആരോപണം നിഷേധിച്ച് പി.ടി. തോമസ്
text_fieldsകൊച്ചി: കള്ളപ്പണ ഇടപാടിന് പോയെന്ന ആരോപണം നിഷേധിച്ച് പി.ടി. തോമസ് എം.എൽ.എ. ആദായ നികുതി റെയ്ഡിനിടെ താൻ ഇറങ്ങിയോടിയെന്നും കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നുവെന്നത് അടക്കമുള്ള പ്രചരണം തെറ്റാണ്. ഒരു കമ്യൂണിസ്റ്റ് കുടുംബത്തിലെ ഭൂമിതർക്കവുമായി ബന്ധപ്പെട്ട് മധ്യസ്ഥതക്ക് ഇടപ്പള്ളിയിലെ വീട്ടിൽ പോയിരുന്നു. തന്‍റെ ഡ്രൈവർ ബാബുവിന്‍റെ കുടുംബമാണിത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഗിരിജൻ തന്നോടൊപ്പം മധ്യസ്ഥ ചർച്ചക്ക് ഉണ്ടായിരുന്നുവെന്നും പി.ടി തോമസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മധ്യസ്ഥ ചർച്ചകൾക്ക് ശേഷം പുറത്തിറങ്ങിയപ്പോൾ അഞ്ച് പേർ വരുന്നത് കണ്ടിരുന്നു. ആദായനികുതി വകുപ്പിൽ നിന്നാണ് സംഘം പറഞ്ഞു. രാമകൃഷ്ണൻ എന്നയാൾ കൈമാറിയ പണം ആദായനികുതി ഉദ്യോഗസ്ഥർ പിടിച്ചെടുത്തെന്നും വീട്ടിൽ റെയ്ഡ് നടത്തിയെന്നും ഒാഫീസിൽ തിരികെ എത്തിയപ്പോഴാണ് അറിയുന്നത്.
സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഗിരിജൻ, വാർഡ് കൗൺസിലർ ജോസഫ് അലക്സ്, റസിഡന്‍റ് അസോസിയേഷൻ വൈസ് പ്രസിഡന്‍റ് അടക്കം 15 പേർ മധ്യസ്ഥ ചർച്ചയിൽ പങ്കെടുത്തിരുന്നു. കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നുവെന്നാണ് ആരോപിക്കുന്നത്. കള്ളപ്പണത്തിന് ആരെങ്കിലും കരാർ ഉണ്ടാക്കുമോ എന്നും പി.ടി തോമസ് ചോദിച്ചു. തർക്കത്തിലുള്ള ഭൂമി സംബന്ധിച്ച കരാറും മധ്യസ്ഥത വഹിച്ചതിന്‍റെ തെളിവും തന്‍റെ കൈവശമുണ്ടെന്നും എം.എൽ.എ വ്യക്തമാക്കി.
ഇടപ്പള്ളിയിൽ ഭൂമി കച്ചവടത്തിന്‍റെ ഭാഗമായി കൈമാറാൻ വെച്ചിരുന്ന 50 ലക്ഷം രൂപ റിയൽ എസ്റ്റേറ്റ് ഏജന്‍റിന്‍റെ കൈയിൽ നിന്ന് ആദായ നികുതി അധികൃതർ പിടിച്ചെടുത്തിരുന്നു. പണത്തിന്‍റെ ഉറവിടം രേഖാമൂലം വ്യക്തമാക്കണമെന്ന് ഏജന്‍റിനോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.