വസ്തുകച്ചവടത്തിനിടെ പണം പിടികൂടിയ സംഭവം: അന്വേഷണം തുടരുന്നു
text_fieldsകൊച്ചി: വസ്തുകച്ചവടത്തിനിടെ രേഖയില്ലാത്ത 80 ലക്ഷം പിടിച്ച കേസിൽ ആദായ നികുതി വകുപ്പ് അന്വേഷണം തുടരുന്നു. റിയൽ എസ്റ്റേറ്റ് ഏജൻറായ രാമകൃഷ്ണനിൽ നിന്നാണ് പണം പിടിച്ചത്. ഇടപ്പള്ളിയിൽ മൂന്ന് സെൻറ് സ്ഥലവും കെട്ടിടവും സംബന്ധിച്ച ഇടപാടിെൻറ കരാറിനാണ് ഇയാൾ പണവുമായി എത്തിയത്. ഇതിനിടെയാണ് ഉദ്യോഗസ്ഥരെത്തി പണം പിടികൂടിയത്. രാമകൃഷ്ണനോട് ഉറവിടം വ്യക്തമാക്കാനും ആദായ നികുതിയും പിഴയും ഒടുക്കാനും ആവശ്യപ്പെടുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കുടികിടപ്പ് ഭൂമിയുമായി ബന്ധപ്പെട്ട തർക്കം പരിഹരിച്ച് സ്ഥലം കൈമാറുന്നതിനിടെ വ്യാഴാഴ്ചയായിരുന്നു സംഭവം. ഈ സമയം പി.ടി.തോമസ് എം.എൽ.എയും സ്ഥലത്തുണ്ടായിരുന്നു. മധ്യസ്ഥ ചർച്ചക്ക് എത്തിയതായിരുന്നുവെന്നാണ് അദ്ദേഹത്തിെൻറ വിശദീകരണം.
പോയത് മധ്യസ്ഥ ചർച്ചക്ക്- പി.ടി. തോമസ്
ഇടപ്പള്ളി സ്റ്റേഷൻ ആക്രമണ കേസ് പ്രതിയായിരുന്ന കമ്യൂണിസ്റ്റുകാരൻ ദിനേശെൻറ കുടുംബവുമായി ബന്ധപ്പെട്ട ഭൂമി വിൽപന തർക്കം പരിഹരിക്കാനാണ് താനും സി.പി.എം ബ്രാഞ്ച് െസക്രട്ടറിയുമടക്കം പോയെതന്ന് പി.ടി. തോമസ് എം.എൽ.എ പറഞ്ഞു.
സി.പി.എം നേതാക്കൾ പലതവണ ചർച്ച നടത്തിയെങ്കിലും പരിഹാരമാകാത്ത പ്രശ്നം പരിഹരിക്കാനാണ് പോയത്. ഒക്ടോബർ രണ്ടിന് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഗിരിജൻ, വാർഡ് കൗൺസിലർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി ഉണ്ടാക്കിയ തീർപ്പ് പ്രകാരമാണ് 80 ലക്ഷം നൽകിയത്. ബ്രാഞ്ച് സെക്രട്ടറി, െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹി, കുടുംബം തുടങ്ങി 15ഓളം പേർ ഈ സമയം അവിടെ ഉണ്ടായിരുന്നു.
തുടർന്ന് താൻ മടങ്ങുമ്പോഴാണ് ആദായ നികുതി ഉദ്യോഗസ്ഥരെത്തിയത്. താൻ മടങ്ങുകയും ഉദ്യോഗസ്ഥർ കയറുകയും ചെയ്തു. താൻ ഓടി രക്ഷപ്പെട്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ദുരൂഹതയെന്ന് സി.പി.എം ബ്രാഞ്ച് സെക്രട്ടറി
പി.ടി. തോമസ് എം.എൽ.എയുടെ ഇടപെടലിൽ ദുരൂഹതയുണ്ടെന്ന് സി.പി.എം ബ്രാഞ്ച് സെക്രട്ടറി കെ.വി. ഗിരിജൻ. പണം വെണ്ണല സഹകരണ ബാങ്കിൽ നിക്ഷേപിക്കണമെന്നാണ് കുടുംബവും മധ്യസ്ഥരും ആവശ്യപ്പെട്ടതെങ്കിലും രാമകൃഷ്ണൻ പണവുമായാണ് എത്തിയത്. 10 മണിക്ക് പറഞ്ഞ കൂടിക്കാഴ്ച 11.50 വരെ എം.എൽ.എ വൈകിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്നും മധ്യസ്ഥരിൽ ഒരാളായ ഗിരിജൻ 'മാധ്യമ'ത്തോട് പറഞ്ഞു.
കരാർ വായിച്ച എം.എൽ.എ ഉടൻ പോകാനിറങ്ങി. എന്നാൽ, പണം കൈമാറുന്നത് എം.എൽ.എയുടെ മുന്നിൽ വെച്ച് വേണമെന്ന് തങ്ങൾ പറഞ്ഞു. കൈമാറി എം.എൽ.എ പുറത്തിറങ്ങിയ ഉടൻ ആദായ നികുതി വകുപ്പുകാരെത്തി. എന്തിനാണ് വന്നതെന്ന് പോലും അന്വേഷിക്കാതെ എം.എൽ.എ മടങ്ങി. ഈ സമയം പോകാൻ ഇറങ്ങിയ രാമകൃഷ്ണനെ തിരികെ വിളിച്ചുകൊണ്ടുവരികയായിരുന്നു. ഇൻകം ടാക്സുകാർ വരുന്ന കാര്യം ഇവർക്ക് അറിയാമെന്ന് വേണം കരുതാൻ. ചതി സംശയിക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.