പി.ടിയുടെ നിലപാടുകൾ പിന്തുടരും, ജനാഭിപ്രായം മാനിച്ച് മുന്നോട്ടു പോകും -ഉമ തോമസ്
text_fieldsതിരുവനന്തപുരം: പി.ടി തോമസിന്‍റെ നിലപാടുകൾ പിന്തുടരുമെന്ന് നിയുക്ത തൃക്കാക്കര എം.എൽ.എ ഉമ തോമസ്. സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകും. ജനങ്ങളുടെ അഭിപ്രായം മാനിച്ച് മുന്നോട്ടു പോകുമെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ 11ന് നിയമസഭ സമുച്ചയത്തിലെ സ്പീക്കറുടെ ചേംബറിൽ നടക്കുന്ന ചടങ്ങിൽ ഉമ തോമസ് എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്യും.
പി.ടിയുടെ ഓർമ്മകൾ തളംകെട്ടി നിൽക്കുന്ന തൃക്കാക്കരയുടെ മണ്ണിൽ നിന്നും പി.ടി. പകർന്നു നൽകിയ നീതിയുടെയും നിലപാടിന്‍റെയും രാഷ്ട്രീയം ഉയർത്തി പിടിക്കാൻ പ്രതിജ്ഞാബദ്ധയാണെന്ന് ഉമ തോമസ് ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ആറ് വർഷക്കാലം നിങ്ങളേവരും പി.ടിക്ക് നൽകിയ അളവില്ലാത്ത സ്നേഹവും പിന്തുണയും തുടർന്നും എനിക്കും നൽകണമെന്ന് ഈ അവസരത്തിൽ അഭ്യർഥിക്കുകയാണ്.
ഇക്കാലയളവിൽ മണ്ഡലത്തിന്‍റെ ജനപ്രതിനിധി എന്ന നിലയിൽ പി.ടിക്ക് വികസനത്തിനും ജനക്ഷേമത്തിനും ഊന്നൽ നൽകി കൊണ്ട് ഒട്ടേറെ പദ്ധതികൾ പൂർത്തീകരിക്കാനും തുടങ്ങിവെക്കാനും സാധിച്ചിട്ടുണ്ട്. വരുന്ന നാലു വർഷക്കാലവും ജനങ്ങളോടൊപ്പം ചേർന്നു കൊണ്ട് നാടിന്റെ സമഗ്രമായ വികസനത്തിനും ജനക്ഷേമത്തിനും മുൻഗണന നൽകി പ്രവർത്തിക്കുമെന്ന് ഉമ തോമസ് വ്യക്തമാക്കി.
കോൺഗ്രസ് സിറ്റിങ് എം.എൽ.എ പി.ടി. തോമസ് അന്തരിച്ച ഒഴിവിലാണ് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. വാശിയേറിയ തെരഞ്ഞെടുപ്പ് 25,016 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെ ഉമ തോമസ് പരാജയപ്പെടുത്തിയത്. ഉമ 72770 വോട്ടും ജോ ജോസഫ് 47754 വോട്ടും എൻ.ഡി.എ സ്ഥാനാർഥി എ.എൻ രാധാകൃഷ്ണൻ 12957 വോട്ടും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.