ഉഷ സ്കൂളിന്റെ സ്ഥലത്ത് അനധികൃത നിർമാണമെന്ന് പി.ടി. ഉഷ
text_fieldsന്യൂഡൽഹി: ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിന്റെ സ്ഥലത്ത് പനങ്ങാട് പഞ്ചായത്തിന്റെ അറിവോടെ അനധികൃത നിർമാണം നടക്കുന്നതായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ. സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് സഹായം വേണമെന്നും വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും ഉഷ ആവശ്യപ്പെട്ടു.
എം.പിയായ ശേഷം തുടർച്ചയായി അതിക്രമങ്ങൾക്ക് ഇരയാകുകയാണെന്നും ഉഷ ആരോപിച്ചു. 2010ൽ കോഴിക്കോട് ബാലുശ്ശേരി കിനാലൂരിൽ ഉമ്മൻ ചാണ്ടി സർക്കാറാണ് 30 ഏക്കർ സ്ഥലം പാട്ടത്തിന് അനുവദിച്ചത്. സ്ഥലത്ത് പഞ്ചായത്തിന് അവകാശമുള്ളതായി രേഖപ്പെടുത്തിയിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ട് കാരണം മുമ്പ് ഭൂമി മതിൽ കെട്ടി വേർതിരിച്ചിരുന്നില്ല. ഈ സ്ഥലത്ത് ഇപ്പോൾ തുടർച്ചയായി കൈയേറ്റവും അതിക്രമവും നടക്കുന്നു.
വെള്ളിയാഴ്ച നിർമാണപ്രവർത്തനങ്ങൾ കണ്ട് ബന്ധപ്പെട്ടപ്പോൾ പഞ്ചായത്തിന്റെ അനുമതിയോടെയാണെന്ന് അറിഞ്ഞു. ഭൂമിയുടെ ഉടമകളായ കെ.എസ്.ഐ.ഡി.സി അധികൃതരെയും ജില്ല കലക്ടർ, റൂറൽ എസ്.പി എന്നിവരെയും അറിയിച്ചപ്പോൾ താൽക്കാലികമായി നിർമാണം നിർത്തിവെച്ചിരിക്കുകയാണ് -ഉഷ പറഞ്ഞു.
ഉഷ സ്കൂളിന്റെ സ്വകാര്യ റോഡിലൂടെ രാത്രി അന്യരെ പ്രവേശിപ്പിക്കുന്ന സാഹചര്യം അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. സ്ഥാപനത്തിന് സുരക്ഷിതമായ ഗേറ്റ് സ്ഥാപിക്കാൻ ആവശ്യമായ നടപടി അധികൃതർ സ്വീകരിക്കണമെന്നും ഉഷ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.