പൊതുപ്രവർത്തകൻ ജി. ഗിരീഷ് ബാബു മരിച്ച നിലയിൽ
text_fieldsകളമശ്ശേരി: പൊതുപ്രവർത്തകനും പല വിവാദ കേസുകളിലെ ഹരജിക്കാരനുമായ ഗിരീഷ് ബാബുവിനെ (48) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊച്ചിൻ യൂനിവേഴ്സിറ്റിക്ക് സമീപം കാരുവള്ളി റോഡിൽ പുന്നക്കാട്ട് വീട്ടിലെ കിടപ്പുമുറിയിലാണ് തിങ്കളാഴ്ച രാവിലെ ഏഴരയോടെ മരിച്ച നിലയിൽ കണ്ടത്. പരേതനായ ഗോപാലകൃഷ്ണന്‍റെ മകനാണ്. ഭാര്യ: ലത (കളമശ്ശേരി നഗരസഭ ജീവനക്കാരി). മക്കൾ: അളകനന്ദ, അരുന്ധതി, ആദിത്യ ലക്ഷ്മി (മൂവരും തൃക്കാക്കര സെന്‍റ ജോസഫ് സ്കൂൾ വിദ്യാർഥിനികൾ).
കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്േമാർട്ടത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹം ചൊവ്വാഴ്ച രാവിലെ 10ന് കാക്കനാട് അത്താണി ശ്മശാനത്തിൽ സംസ്കരിക്കും. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടെന്ന് പൊലീസ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ ടി. വീണ, യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹീംകുഞ്ഞ് തുടങ്ങിയവർ ഉൾപ്പെട്ട വിവാദ മാസപ്പടി ആരോപണം, പാലാരിവട്ടം മേൽപാലം അഴിമതി, പ്രളയഫണ്ട് തട്ടിപ്പ്, നടൻ ജയസൂര്യ തീരദേശ പരിപാലന നിയമം ലംഘിച്ച് കടവന്ത്രയിലെ ചിലവന്നൂർ കായൽ കൈയേറി വീടും ചുറ്റുമതിലും ബോട്ട് ജെട്ടിയും നിർമിച്ചത് തുടങ്ങി നിരവധി കേസുകളിലെ ഹരജിക്കാരനാണ് ഗിരീഷ് ബാബു. മാസപ്പടി വിവാദക്കേസ് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് മരണം. മരണത്തെ തുടർന്ന് കേസ് ഹൈകോടതി മാറ്റിവെച്ചിരുന്നു.
രാവിലെ വിളിച്ചെഴുന്നേൽപിക്കണമെന്ന് വീട്ടുകാരോട് പറഞ്ഞ ശേഷമാണ് ഗിരീഷ് ഞായറാഴ്ച രാത്രി ഉറങ്ങാൻ കിടന്നത്. രാത്രി 11.15 വരെ ഓൺലൈനിൽ സജീവമായിരുന്ന ഗിരീഷ് മാസപ്പടി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ സുഹൃത്തുക്കളും മാധ്യമപ്രവർത്തകരുമായി പങ്കുവെച്ചിരുന്നു. രാവിലെ ഏഴിന് ഭാര്യ വാതിലിൽ തട്ടിയപ്പോൾ പ്രതികരണം ഉണ്ടായില്ല. തുടർന്ന്, അയൽവാസികളുടെ സഹായത്തോടെ വാതിൽ തള്ളിത്തുറന്ന് നോക്കുമ്പോൾ കട്ടിലിൽ നെഞ്ചിൽ ഒരു കൈ അമർത്തിപ്പിടിച്ച് മരിച്ചനിലയിലായിരുന്നു. കളമശ്ശേരി പൊലീസ് തുടർനടപടി സ്വീകരിച്ചു.
വൈകീട്ട് നാലരയോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ രാഷ്ട്രീയ, സാമൂഹിക മേഖലയിലെ നിരവധിപേർ അന്ത്യോപചാരം അർപ്പിച്ചു. സിനിമ മേഖലയുമായി ബന്ധമുള്ള ഗിരീഷ് മാക്ടയിലും പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.