മികവിെൻറ മുഖചിത്രമായി പൊതുവിദ്യാഭ്യാസ മേഖല
text_fieldsഎൽ.ഡി.എഫ് ഭരണം ഒരു പാഠപുസ്തകമായിരുന്നെങ്കിൽ മുഖചിത്രമായി അച്ചടിക്കാവുന്നതാണ് പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ. സർക്കാറിെൻറ പദ്ധതികളിൽ പ്രധാനപ്പെട്ടതായിരുന്നു പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകളെപ്പോലും വെല്ലുന്ന അടിസ്ഥാനസൗകര്യ വികസനം യാഥാർഥ്യമാണ്. നിതി ആയോഗിെൻറ ഉൾപ്പെടെ മികവിെൻറ സാക്ഷ്യപത്രങ്ങൾ പൊതുവിദ്യാഭ്യാസമേഖലയെ തേടിയെത്തി.
മുഖം മാറിയ പൊതുവിദ്യാലയങ്ങൾ
കിഫ്ബി സഹായത്തോടെ ഒാരോ നിയോജക മണ്ഡലത്തിലെയും ഒരു സർക്കാർ സ്കൂൾ അഞ്ച് കോടി ചെലവിൽ നവീകരിക്കുന്ന പദ്ധതിയാണ് മികവിെൻറ കേന്ദ്രം.
ഇതിനകം 88 സ്കൂളുകളുടെ ഉദ്ഘാടനം കഴിഞ്ഞു. കിഫ്ബി ഫണ്ടിൽനിന്നുതന്നെ മൂന്ന് കോടി ചെലവഴിച്ച് അടിസ്ഥാന സൗകര്യവികസനം നടത്തുന്ന പദ്ധതിയിൽ 379 സ്കൂളാണുള്ളത്. 65 എണ്ണം ഉദ്ഘാടനം നടന്നു. ഒരു കോടിയുടെ കെട്ടിട നവീകരണ പദ്ധതിയിൽ 966 സ്കൂളുള്ളതിൽ നൂറിലധികം ഉദ്ഘാടനം കഴിഞ്ഞു.
ഹൈടെക് സ്കൂളുകൾ
പൊതുവിദ്യാഭ്യാസ മേഖലയിൽ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനം എന്ന പദവിയും കേരളം നേടി. 16,027 സർക്കാർ, എയ്ഡഡ് സ്കൂളുകളില്‍ 3,74,274 ഡിജിറ്റല്‍ ഉപകരണങ്ങളാണ് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) വിന്യസിച്ചത്. ആദ്യഘട്ടത്തിൽ എട്ട് മുതല്‍ 12 വരെ ക്ലാസുകളിലെ 45,000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്ന പദ്ധതി പൂർത്തിയാക്കി.
സാങ്കേതികവിദ്യ ക്ലാസ്മുറികളില്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനായി 'സമഗ്ര' വിഭവ പോര്‍ട്ടലും കൈറ്റ് ഒരുക്കി. ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ ഹൈടെക് ലാബ് ഒരുക്കുന്നതായിരുന്നു മറ്റൊരു പദ്ധതി. 11,275 ഹൈടെക് ലാബാണ് ഇങ്ങനെ ഒരുക്കിയത്.
മഹാമാരിക്കാലത്തെ സ്കൂൾ വിദ്യാഭ്യാസം
കോവിഡിനെ തുടർന്ന് ക്ലാസ് റൂം വിദ്യാഭ്യാസം നിലച്ചപ്പോൾ ബദൽ വിദ്യാഭ്യാസ മാർഗമില്ലാതെ ഇതര സംസ്ഥാനങ്ങൾ പകച്ചുനിന്നപ്പോൾ ഡിജിറ്റൽ/ ഒാൺലൈൻ മാതൃകയിലൂടെ കേരളം മുന്നിൽ നടന്നു. വിക്ടേഴ്സ് വഴിയും ഒാൺലൈൻ പ്ലാറ്റ്ഫോമിലൂടെയുമായി ജൂൺ ഒന്നിന് തന്നെ അധ്യയനം ആരംഭിക്കാനായി.
വിദ്യാർഥികൾക്കിടയിലുള്ള സാമൂഹികഅന്തരം സർക്കാറിനെ ബോധ്യപ്പെടുത്തുന്നത് കൂടിയായിരുന്നു ഒാൺലൈൻ വിദ്യാഭ്യാസം. ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ഒാൺലൈൻ പഠനമാർഗമില്ലാത്തതും ഒരു വിദ്യാർഥിനി ആത്മഹത്യ ചെയ്തതും സർക്കാറിന് പ്രതിസന്ധിയായി. സർക്കാർ ഏജൻസികളും വ്യക്തികളും സന്നദ്ധ സംഘടനകളും ഒത്തുചേർന്നതോടെ തടസ്സങ്ങൾ നീങ്ങി.
എങ്ങുമെത്താതെ പാഠ്യപദ്ധതി പരിഷ്കരണം
എൽ.ഡി.എഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു സ്കൂൾ പാഠ്യപദ്ധതിയിലെ മാറ്റം. സ്കൂളുകൾ ഹൈടെക്കാവുകയും അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്തപ്പോൾ വിദ്യാർഥികൾക്ക് പാഠ്യപദ്ധതി പരിഷ്കരണത്തിെൻറ ഗുണം ലഭ്യമാക്കുന്നതിൽ വിദ്യാഭ്യാസ വകുപ്പ് പരാജയപ്പെട്ടു.
പാഠ്യപദ്ധതി പരിഷ്കരണത്തിന് സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി തീരുമാനമെടുത്തെങ്കിലും യു.ഡി.എഫ് കാലത്ത് പരിഷ്കരിച്ച പാഠപുസ്തകങ്ങൾ തന്നെയാണ് ഇപ്പോഴും. പാഠപുസ്തകങ്ങളിൽ നിന്ന് ചിലഭാഗങ്ങൾ ഒഴിവാക്കാനും ചിലത് കൂട്ടിേച്ചർക്കാനും എസ്.സി.ഇ.ആർ.ടി നടത്തിയ ശ്രമം വിവാദവുമായി.
തൊലിപ്പുറത്തെ ഏകീകരണം
മൂന്ന് ഡയറക്ടറേറ്റുകൾക്ക് കീഴിലായിരുന്ന സ്കൂൾ വിദ്യാഭ്യാസത്തെ ഒരു ഡയറക്ടറേറ്റിന് കീഴിലാക്കാൻ ഡയറക്ടർ ഒാഫ് ജനറൽ എജുക്കേഷൻ എന്ന തസ്തിക സൃഷ്ടിച്ചു. ഹൈസ്കൂളും ഹയർ സെക്കൻഡറിയും ഒന്നിച്ച് പ്രവർത്തിക്കുന്നിടത്ത് സ്ഥാപനമേധാവിയായി ഹയർ സെക്കൻഡറി പ്രിൻസിപ്പലിനെ നിശ്ചയിക്കുകയും ഹെഡ്മാസ്റ്ററെ വൈസ് പ്രിൻസിപ്പലാക്കുകയും ചെയ്ത ആശയക്കുഴപ്പങ്ങളും തർക്കങ്ങളും തുടരുന്നു.
ലയനത്തിനൊപ്പം ഭരണ, ഉദ്യോഗസ്ഥതലത്തിലുള്ള ഘടനാമാറ്റവും ശിപാർശ ചെയ്തെങ്കിലും ഒറ്റ ഡയറക്ടർ എന്നതിനപ്പുറത്തേക്ക് സർക്കാർ കടന്നില്ല. ഉള്ളടക്കം ഉൾപ്പെടെ കാര്യങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ട് രണ്ടാംഭാഗം സമർപ്പിച്ചിട്ടില്ല.
കുട്ടികളുടെ എണ്ണവും കണക്കിലെ കളിയും
എൽ.ഡി.എഫ് സർക്കാർ വന്ന ശേഷം പൊതുവിദ്യാലയങ്ങളിൽ 6.79 ലക്ഷം വിദ്യാർഥികൾ പുതുതായി എത്തിയെന്ന അവകാശവാദം കണക്കിലെ കളിയെന്നാണ് പുതിയ വിവാദം. പൊതുവിദ്യാലയങ്ങൾക്ക് ലഭിച്ച പരിഗണനയും ശ്രദ്ധയും വഴി കുട്ടികൾ കുറയുന്ന പ്രവണതക്ക് തടയിടാനായി എന്നത് യാഥാർഥ്യമാണെങ്കിലും 6.79 ലക്ഷത്തിെൻറ വർധന കണക്കുകളിലൂടെ തെളിയിക്കാൻ കഴിയില്ലെന്നതാണ് യാഥാർഥ്യം.
2017-18 മുതൽ സർക്കാർ അവലംബിച്ച പുതിയ വിശകലനരീതിയാണ് കണക്ക് പെരുപ്പിച്ചതെന്നാണ് വിമർശനം. മുൻ സർക്കാറിെൻറ കാലത്തെ അവസാന അധ്യയനവർഷമായ 2015-16ൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 33,67,732 കുട്ടികളാണ് ഉണ്ടായിരുന്നത്. 2019-20ൽ 33,27,038 കുട്ടികളും. 40694 കുറവ്. എന്നാൽ വർഷങ്ങളായി കുട്ടികൾ കുറയുന്ന പ്രവണതക്ക് തടയിടാനായത് നേട്ടമാണ്. ഒന്നാം ക്ലാസിൽ കുട്ടികൾ വർധിക്കുന്ന പ്രവണതയും ഉണ്ടായി.
ശമ്പളമില്ലാതെ അധ്യാപകർ
എയ്ഡഡ് മേഖലയിലെ അധ്യാപകരുടെ നിയമന അംഗീകാര പ്രതിസന്ധി പരിഹരിക്കാൻ സാധിച്ചില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുേമ്പ പുറപ്പെടുവിച്ച ഉത്തരവ് അവ്യക്തത നിറഞ്ഞതുമായി. കുട്ടികൾ വർധിച്ചുണ്ടാകുന്ന അധിക തസ്തികകളിൽ 1:1 എന്ന അനുപാതത്തിൽ അധ്യാപക ബാങ്കിൽ ഉൾപ്പെടുന്ന സംരക്ഷിത അധ്യാപകരെ നിയമിക്കണമെന്ന കെ.ഇ.ആർ ഭേദഗതി മാനേജ്മെൻറുകൾ കോടതിയിൽ ചോദ്യം ചെയ്തു.
ഇതോടെ 2016 മുതൽ അധിക തസ്തികകളിൽ നിയമിക്കപ്പെട്ട നാലായിരത്തോളം അധ്യാപകരുടെ നിയമനാംഗീകാരം തടസ്സപ്പെട്ടു. മാനേജ്മെൻറുകൾക്ക് അനുകൂലമായി ലഭിച്ച വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ പോയതോടെ ആയിരക്കണക്കിന് അധ്യാപകർ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയുമുണ്ടായി.
കുട്ടികൾ കൂടിയെന്ന് സർക്കാർ അവകാശപ്പെടുേമ്പാഴും അതിനനുസൃതമായി പൊതുവിദ്യാഭ്യാസമേഖലയിൽ അധ്യാപകരുടെ എണ്ണം കൂടിയില്ലെന്ന് മാത്രമല്ല; കുറയുകയും ചെയ്തു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2015-16ൽ 1,49,231 അധ്യാപകർ ഉണ്ടായിരുന്നപ്പോൾ 2019 -20ൽ ഇത് 1160 കുറഞ്ഞ് 1,48,071 ആയി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.