പൊതുജനാരോഗ്യ ബില്ലിന് അംഗീകാരം; തടഞ്ഞുവെച്ച എട്ടിൽ ഏഴ് ബില്ലും രാഷ്ട്രപതിക്ക് വിട്ട് ഗവർണർ
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ഹരജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കാനിരിക്കെ, മാസങ്ങളായി തടഞ്ഞുവെച്ച എട്ട് ബില്ലുകളിൽ ഏഴെണ്ണവും രാഷ്ട്രപതിക്ക് വിട്ട് ഗവർണർ. പൊതുജനാരോഗ്യ ബില്ലിൽ ഗവർണർ ഒപ്പിടുകയും ചെയ്തു. ലോകായുക്തയുടെ അധികാരങ്ങൾ കവരുന്ന ലോകായുക്ത ഭേദഗതി നിയമം, സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന സർവകലാശാല നിയമ ഭേദഗതി ബിൽ 2022, വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റിയുടെ ഘടന മൂന്നിൽ നിന്ന് അഞ്ചാക്കി മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന സർവകലാശാല നിയമ ഭേദഗതി ബിൽ 2021, മിൽമ ഭരണസമിതിയിലേക്ക് നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടവകാശം അനുവദിക്കുന്ന സഹകരണ സംഘം ഭേദഗതി ബിൽ 2022 ഉൾപ്പെടെ ഏഴ് ബില്ലുകളാണ് രാഷ്ട്രപതിക്ക് റഫർ ചെയ്തത്.
സ്വയംഭരണ കോളജുകൾക്കുമേൽ സർവകലാശാലകൾക്കുള്ള നിയന്ത്രണം വർധിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്ന സർവകലാശാല നിയമ ഭേദഗതി ബിൽ 2021, സർവകലാശാല അപ്പലറ്റ് ട്രൈബ്യൂണൽ നിയമനം സർക്കാർ നിയന്ത്രണത്തിലാക്കാൻ വ്യവസ്ഥ ചെയ്യുന്ന സർവകലാശാല നിയമ ഭേദഗതി ബിൽ 2021, എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റിന്റെ ഘടന മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന സർവകലാശാല നിയമ ഭേദഗതി ബിൽ 2021 എന്നിവയും രാഷ്ട്രപതിക്ക് അയക്കാൻ തീരുമാനിച്ച ബില്ലുകളിൽ ഉൾപ്പെടുന്നു.
ഇതിൽ മൂന്ന് ബില്ലുകൾ രണ്ടുവർഷത്തിനുമുമ്പാണ് നിയമസഭ പാസാക്കി ഗവർണറുടെ അംഗീകാരത്തിനായി കൈമാറിയത്. ബില്ലുകൾ തടഞ്ഞുവെച്ചതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹരജി ബുധനാഴ്ച വീണ്ടും സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ഏഴു ബില്ലുകളും രാഷ്ട്രപതിക്ക് അയക്കാൻ ഗവർണർ തീരുമാനിച്ചത്. സമാന സംഭവത്തിൽ പഞ്ചാബും തമിഴ്നാടും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്ത കേസിൽ പഞ്ചാബ് ഗവർണർക്കെതിരായ വിധി വായിച്ച് തുടർനടപടിയെടുക്കണമെന്ന ഇടക്കാല നിർദേശവും സുപ്രീംകോടതി രാജ്ഭവൻ സെക്രട്ടറിക്ക് നൽകിയിരുന്നു.
ബില്ലുകൾ രാഷ്ട്രപതിക്ക് റഫർ ചെയ്താൽ...
നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകുകയോ നിയമസഭക്ക് തിരിച്ചയക്കുകയോ തടഞ്ഞുവെക്കുകയോ രാഷ്ട്രപതിക്ക് അയക്കുകയോ ചെയ്യാനാണ് ഭരണഘടന വ്യവസ്ഥ. ഇതിൽ ബില്ലുകളിൽ തീരുമാനമെടുക്കാതെ തടഞ്ഞുവെക്കുന്ന രീതിയാണ് ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ചത്. എന്നാൽ, ബില്ലുകളിൽ തീരുമാനമെടുക്കാതെ എത്രകാലം തടഞ്ഞുവെക്കുമെന്നത് നിയമപ്രശ്നമായി ഉയർന്നു. ഇക്കാര്യത്തിൽ ഭരണഘടന വിദഗ്ധരിൽ നിന്നുൾപ്പെടെ ഉപദേശമെടുത്താണ് കേരളം സുപ്രീംകോടതിയിലെത്തിയത്.
കേരളത്തിനുമുമ്പേ സമാന വിഷയത്തിൽ പഞ്ചാബും തമിഴ്നാടും സുപ്രീംകോടതിയിലെത്തിയിരുന്നു. രൂക്ഷ വിമർശനമാണ് പഞ്ചാബ്, തമിഴ്നാട് ഗവർണർമാർക്ക് സുപ്രീംകോടതിയിൽ നിന്നുണ്ടായത്. പഞ്ചാബ് കേസിലെ വിധി വായിച്ച് നടപടിയെടുക്കാൻ രാജ്ഭവൻ സെക്രട്ടറിക്ക് നിർദേശവും വന്നു. മറ്റ് സംസ്ഥാനങ്ങളുടെ കേസിലുണ്ടായത് കേരളത്തിന്റെ കാര്യത്തിലും ആവർത്തിക്കുമെന്നിരിക്കെയാണ് ഗവർണറുടെ തിടുക്കത്തിലുള്ള നടപടി.
രാഷ്ട്രപതിക്ക് റഫർ ചെയ്യുന്നതോടെ ബില്ലുകളിൽ തീരുമാനം വൈകാനാണ് സാധ്യത. ബില്ലുകൾ രാഷ്ട്രപതിക്ക് റഫർ ചെയ്യുന്നതിന്റെ ഭാഗമായി രാജ്ഭവനിൽ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേക്കാണ് കൈമാറുന്നത്. ബില്ലുകളുമായി ബന്ധമുള്ള മന്ത്രാലയങ്ങളിൽ നിന്നും നിയമമന്ത്രാലയത്തിൽ നിന്നും അഭിപ്രായം ശേഖരിച്ച ശേഷമാകും ഇവ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് കൈമാറുക. വിവിധ മന്ത്രാലയങ്ങളിൽ നിന്ന് അഭിപ്രായം ലഭിക്കാൻ സാധാരണ ഗതിയിൽ ഏറെ സമയമെടുക്കും.
ബില്ലുകളിൽ രാഷ്ട്രപതി തീരുമാനമെടുക്കും വരെ സംസ്ഥാന സർക്കാറിന് തുടർനടപടികൾ സാധ്യമാകില്ല. നേരത്തേ മുൻ ഗവർണർമാർ അയച്ച ബില്ലുകളിൽ ചിലത് ഇപ്പോഴും രാഷ്ട്രപതി ഭവനിൽ തീരുമാനമെടുക്കാതെ കിടക്കുകയാണ്. ചില ബില്ലുകൾ രാഷ്ട്രപതിയുടെ നിർദേശ പ്രകാരം പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.