‘ആയുഷ്’ ആശങ്കകൾ ശേഷിക്കെ പൊതുജനാരോഗ്യ ബിൽ നിയമമായി
text_fieldsതിരുവനന്തപുരം: ആയുഷ് വിഭാഗങ്ങൾ ഉന്നയിച്ച ആശങ്കകൾ വലിയ അളവോളം ശേഷിക്കെ, ഗവർണർ ഒപ്പിട്ടതോടെ പൊതുജനാരോഗ്യ ബിൽ നിയമമായി. ആയുഷിനെ അപ്രസക്തമാക്കുന്ന വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചതിനെ തുടർന്ന് നിയമസഭയുടെ പരിഗണനയിലിരിക്കെതന്നെ ബിൽ വിവാദമായിരുന്നു. നിയമസഭ പാസാക്കിയ ശേഷം 2023 ഏപ്രിൽ ആറിന് ഗവർണറുടെ പരിഗണനക്കായി ബിൽ സമർപ്പിച്ചെങ്കിലും ആയുഷ് സംഘടനകളുടെ നിവേദനങ്ങളെ തുടർന്ന് ഒപ്പുവെച്ചിരുന്നില്ല.
ആയുഷ് വിഭാഗങ്ങൾക്ക് ആശ്വാസമേകുന്ന ചെറിയ വ്യവസ്ഥകൾ ബിൽ പാസാക്കുന്ന അവസാന നിമിഷം സർക്കാർ ഉൾപ്പെടുത്തിയെങ്കിലും ചികിത്സ പ്രോട്ടോകോളും സുപ്രധാന പ്രതിരോധ നടപടികളുമടക്കം നിശ്ചയിക്കാനുള്ള അധികാരം അലോപ്പതി വിഭാഗത്തിൽ മാത്രം നിലനിർത്തുന്നതാണ് ബില്ലിന്റെ ഘടനയും ഉള്ളടക്കവും. കരടിൽനിന്ന് വ്യത്യസ്തമായി സാംക്രമികരോഗ ചികിത്സക്കുള്ള അനുവാദം ആയുഷ് വിഭാഗങ്ങൾക്ക് നൽകിയതാണ് ഏക ആശ്വാസം.
അതേസമയം, പബ്ലിക് ഹെൽത്ത് അതോറിറ്റി എന്ന നിലയിൽ അധികാരങ്ങൾ മുഴുവൻ അലോപ്പതി വിഭാഗത്തിനാണ്. വിവിധ രോഗങ്ങൾക്ക് ചികിത്സാ പ്രോട്ടോകോൾ നിശ്ചയിക്കാനുള്ള അധികാരം അലോപ്പതി ഡോക്ടർ പബ്ലിക് ഹെൽത്ത് ഓഫിസറും മെംബർ സെക്രട്ടറിയുമായുള്ള സംസ്ഥാന ആരോഗ്യസമിതിക്കും. ഗ്രാമപഞ്ചായത്ത്- മുനിസിപ്പാലിറ്റി കോർപറേഷൻ തലങ്ങളിലും ജില്ല സംസ്ഥാന തലങ്ങളിലും കൂടുതൽ അധികാരങ്ങളോടെ രൂപവത്കരിക്കുന്ന ആരോഗ്യസമിതികളിലും അലോപ്പതി വിഭാഗത്തിനാണ് മേൽക്കൈ. ഇത്തരത്തിലുള്ള സംസ്ഥാന തല പബ്ലിക് ഹെൽത്ത് ഓഫിസർ പുറപ്പെടുവിക്കുന്ന പ്രോട്ടോകോൾ പകർച്ചവ്യാധികളെയും സാംക്രമികേതര രോഗങ്ങളെയും ചികിത്സിക്കാൻ ആയുഷ് വിഭാഗങ്ങളെ എത്രത്തോളം അനുവദിക്കുമെന്ന് കണ്ടറിയണം. പൊതുജനാരോഗ്യ വിഷയങ്ങളിലെ ഇടപെടലുകൾക്ക് അലോപ്പതി മേഖലയിലെ വിദഗ്ധരെ മാത്രം കേന്ദ്രീകരിക്കുന്നതാണ് പുതിയ നിയമത്തിന്റെ ഘടന. ആയുർവേദവും ഹോമിയോയും യുനാനിയുമടക്കം ആറോളം ചികിത്സ വിഭാഗങ്ങളാണ് ആയുഷിൽ ഉൾപ്പെടുന്നത്.
ആയുഷ് സെക്രട്ടറിക്ക് കസേരയില്ല
സംസ്ഥാന തല ആരോഗ്യ സമിതിയിൽ ആരോഗ്യ സെക്രട്ടറിയെ ഉപാധ്യക്ഷനായി ഉൾപ്പെടുത്തിയപ്പോൾ ആയുഷ് സെക്രട്ടറിയെ അംഗം പോലുമാക്കിയില്ല. ആരോഗ്യ സെക്രട്ടറിക്ക് സമാനമായി ആയുഷ് മേഖലയുടെ ചുമതലയുള്ളത് ആയുഷ് സെക്രട്ടറിക്കാണ്. സംസ്ഥാനത്തെ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്ന ഈ ഉന്നതാധികാര സമിതിയുടെ പബ്ലിക് ഹെൽത്ത് ഓഫിസറും മെംബർ സെക്രട്ടറിയുമായി ആരോഗ്യ ഡയറക്ടറെ ഉൾക്കൊള്ളിക്കുമ്പോഴാണ് ആയുഷ് സെക്രട്ടറിയെ അവഗണിച്ചത്.
നിയമം വന്ന വഴി ഇങ്ങനെ
സംസ്ഥാനത്ത് രണ്ടു നിയമങ്ങളാണ് നിലവിലുണ്ടായിരുന്നത്. 1955ലെ ട്രാവന്‍കൂര്‍ കൊച്ചിന് ആക്ടും മദ്രാസ് മേഖലയിലെ 1939 ലെ മദ്രാസ് ഹോസ്പിറ്റല്‍ ആക്ടും. ഇവ രണ്ടും ഉൾപ്പെടുന്ന ഏകീകൃത നിയമം വേണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് 2021 ഫെബ്രുവരിയില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.
2021 ഒക്ടോബര്‍ നാലിന് അസാധാരണ ഗസറ്റായി കേരള പൊതുജനാരോഗ്യ ബില്‍ പ്രസിദ്ധീകരിച്ചു. തുടർന്ന് 2021 ഒക്ടോബര്‍ 27 ന് സഭയില്‍ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.