കലോത്സവത്തിലെ പരസ്യ പ്രതിഷേധങ്ങൾ ഒഴിവാക്കണം -മന്ത്രി വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: കലോത്സവത്തിലെ പരസ്യ പ്രതിഷേധങ്ങൾ ഒഴിവാക്കണമെന്ന് വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്‌കൂൾ കലോത്സവ വേദികളിലുണ്ടാവുന്ന അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്നും പരസ്യമായ പ്രതിഷേധ പ്രകടനങ്ങൾ കലോത്സവത്തിന്റെ അന്തസ്സിന് കളങ്കമുണ്ടാക്കുന്നതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കലോത്സവ മത്സരങ്ങളിലെ വിധി നിർണയവുമായി ബന്ധപ്പെട്ട് പരസ്യമായ പ്രതിഷേധ പ്രകടനങ്ങളും ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുന്ന സ്ഥിതിയും ചിലയിടങ്ങളിലുണ്ടായി. ആരോഗ്യകരമായ കലോത്സവ അന്തരീക്ഷത്തിന് തടസ്സമുണ്ടാക്കുന്ന രീതിയാണിത്. മത്സര ഫലത്തെ ചൊല്ലി ഭിന്നാഭിപ്രായമുണ്ടായാൽ വിദ്യാർത്ഥികൾക്ക് സ്‌കൂൾതലം മുതൽതന്നെ അപ്പീൽ നൽകുന്നതിന് അവസരം നൽകിയിട്ടുണ്ട്.
മത്സരഫലം പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകം 1000 രൂപ ഫീസോടെ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ, പ്രിൻസിപ്പൽ, ഹെഡ് മാസ്റ്റർ എന്നിവർക്ക് പരാതി നൽകാം. തീർപ്പ് അനുകൂലമായാൽ അപ്പീൽ ഫീസ് തിരികെ നൽകും.
ഉപജില്ലാതല മത്സരത്തിലെ പരാതികൾ തീർപ്പാക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ അധ്യക്ഷതയിൽ അഞ്ച് അംഗ സമിതിയുണ്ട്. മത്സരഫലം പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകം 2000 രൂപ ഫീസോടെ പരാതി നൽകാം. റവന്യൂ ജില്ലാ കലോത്സവ മത്സരങ്ങളുടെ പരാതികൾ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ജോയിന്റ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ അധ്യക്ഷനായ ഒൻപത് അംഗസമിതി പരിശോധിക്കും.
അപ്പീൽ തീർപ്പാക്കുന്നതിന് മത്സരാർഥികൾ കോടതിയെയും സമീപിക്കുന്നുണ്ട്. നിലവിൽ ഇത്തരം സൗകര്യങ്ങൾ ഉള്ളപ്പോൾ പരസ്യമായ പ്രതിഷേധ പ്രകടനങ്ങൾ ഒഴിവാക്കേണ്ടതാണ്. കലോത്സവ മാനുവൽ പാലിക്കപ്പെടണമെന്നും പ്രതിഷേധ പ്രകടനങ്ങളിൽ നിന്നും വിദ്യാർഥികളെ പിന്തിരിപ്പിക്കാൻ അധ്യാപകർ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.