തീപിടിച്ച് അടുക്കളകൾ; ഇങ്ങനെ പോയാൽ എങ്ങനെ ജീവിക്കും
text_fieldsപമ്പിൽ കയറുമ്പോൾ ഒരു വില, പെട്രോൾ അടിച്ചു തുടങ്ങുമ്പോൾ മറ്റൊരു വില, പണം കൊടുക്കാൻ നേരം മറ്റൊരുവില.. ഇത് അടിക്കടി വർധിക്കുന്ന ഇന്ധനവിലയെ കുറിച്ചിറങ്ങിയ ട്രോൾ ആണെങ്കിലും യാഥാർഥ്യം ഇല്ലാതില്ല. പാചകവാതകമാണെങ്കിൽ ഈ വർഷം മാത്രം ഗാർഹിക സിലിണ്ടറിന് നാലുവട്ടമായി വർധിച്ചത് 125 രൂപയാണ്. സമൂഹത്തിെൻറ സർവമേഖലയെയും ബാധിക്കും വിധമുള്ള വിലവർധനയെ കുറിച്ച് വിവിധ രംഗത്തുള്ളവർ പ്രതികരിക്കുന്നു
കൊച്ചി: ഇരുട്ടടിയെന്നു പറഞ്ഞാൽ കുറഞ്ഞുപോകും, അതിനപ്പുറം വല്ല വാക്കുമുണ്ടെങ്കിൽ അതാകും പ്രയോഗിക്കാൻ നല്ലത്. പറഞ്ഞുവരുന്നത് നിത്യേന കത്തിക്കയറുന്ന ഇന്ധന-പാചകവാതക വിലയെ കുറിച്ചാണ്.
സെഞ്ച്വറിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന പെട്രോൾ വിലയും ആയിരത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന പാചകവാതക വിലയും സാധാരണക്കാരോടും പാവപ്പെട്ടവരോടും ചെയ്യുന്ന ദ്രോഹം ചില്ലറയൊന്നുമല്ല.
അടുക്കളകളിൽ നിന്നുയരുന്ന നെടുവീർപ്പുകളും നിരത്തുകളിൽ നിറയുന്ന പിറുപിറുക്കലുകളുമെല്ലാം കൈ ചൂണ്ടുന്നത് കേന്ദ്രസർക്കാറിെൻറ ക്രൂരതക്കു നേരെയാണ്. ഇന്ധന, പാചകവാതക വിലവർധനക്ക് പിന്നാലെ നിത്യോപയോഗ സാധനങ്ങൾക്കും വില കൂടുന്നത് ഇടിവെട്ടേറ്റവനെ പാമ്പുകടിച്ച അവസ്ഥയിലാക്കുകയാണ് കാര്യങ്ങൾ.
ഞങ്ങൾ സാധാരണക്കാർ എന്തുചെയ്യും?
സിലിണ്ടറിന് ഇങ്ങനെ വില കൂട്ടിയാൽ ഞങ്ങൾ സാധാരണക്കാർ എന്തുചെയ്യും. കുടുംബ ബജറ്റ് ആകെ താളം തെറ്റുകയാണ്. എല്ലാ സാധനങ്ങൾക്കും വിലകൂടുതലാണ്, അതിെൻറ കൂടെ ഗ്യാസ് വില ഇങ്ങനെ നാൾക്കുനാൾ കൂടി വരുന്നത് വലിയ കഷ്ടമാണ്.
പഴയ പോലെയല്ല, ഇന്ന് ഫ്ലാറ്റിലും മറ്റും താമസിക്കുമ്പോൾ വിറകൊന്നും ഉപയോഗിക്കാൻ പറ്റില്ല. എല്ലാത്തിനും ഗ്യാസ് വേണം. ഇനിയിപ്പോ 1000 രൂപയൊക്കെ സിലിണ്ടറിന് കൊടുക്കേണ്ടി വന്നാൽ എന്താ ചെയ്യുക.
ഫാസില ,വീട്ടമ്മ, പടമുഗൾ, കാക്കനാട്
'കേന്ദ്ര സർക്കാറിെൻറ കഴിവുകേട്'
ആലപ്പുഴ ജില്ലയിലെ വീട്ടിൽനിന്ന് പള്ളുരുത്തിയിലെ ജോലി സ്ഥാപനംവരെ നിത്യേന 32 കി.മീ. ദൂരം ബൈക്കിൽ സഞ്ചരിക്കുന്നയാളാണ് ഞാൻ. ഇന്ധനവില ക്രമാതീതമായി വർധിച്ചതിനെ തുടർന്ന് നിത്യേന 240 രൂപക്കെങ്കിലും െപട്രോൾ നിറക്കേണ്ട ദുരവസ്ഥയാണ്.
സാമ്പത്തിക ശേഷി ഉള്ളവരെയൊഴികെ ഭൂരിപക്ഷം വരുന്ന ഇടത്തരക്കാരെയും പാവപ്പെട്ടവരെയും പിഴിഞ്ഞൂറ്റുകയാണ് കേന്ദ്രം. സർക്കാറിെൻറ കഴിവുേകടെന്നല്ലാെത മറ്റൊന്നും പറയാനില്ല. ഇത്രയും മോശമായ ഒരു സർക്കാർ ജീവിതത്തിൽ കണ്ടിട്ടില്ല. വിലവർധനയിൽ വിഷമവും പ്രതിഷേധവും രേഖപ്പെടുത്താൻ സത്യത്തിൽ വാക്കുകളില്ല. അത്രക്ക് ദുരിതമാണ് ഞങ്ങളനുഭവിക്കുന്നത്.
ബിനു സെബാസ്റ്റ്യൻ , ബൈക്ക് യാത്രികൻ
പിടിച്ചുനിൽക്കാനാകുന്നില്ല
ഇന്ധനവില വർധന ഏറ്റവുമധികം ബാധിക്കുന്നത് സാധാരണക്കാരെയും സാധാരണക്കാർ കൂടുതലായി ആശ്രയിക്കുന്ന ഓട്ടോകളെയുമാണ്. ഒരു പരിധിയിൽ കൂടുതൽ ഇനി നമുക്ക് പിടിച്ചുനിൽക്കാനാകുമെന്ന് തോന്നുന്നില്ല.
സാമ്പത്തികശേഷി കുറഞ്ഞവരാണ് ഓട്ടോ ഓടിക്കുന്നവരെല്ലാം. പാവപ്പെട്ടവെൻറ കഞ്ഞിയിൽ മണ്ണുവാരിയിടുന്ന പരിപാടി കേന്ദ്രം അവസാനിപ്പിക്കണം. ക്രൂഡോയിൽ വില കൂടുമ്പോൾ നാട്ടിൽ ഇന്ധനവില കൂടുന്നത് സ്വാഭാവികമാണ്. എന്നാൽ, ക്രൂഡോയിൽ വില കുറഞ്ഞിരിക്കുന്ന സമയത്തും ഇവിടെ വിലകൂടുന്നത് വഞ്ചനയല്ലാതെ മറ്റൊന്നുമല്ല.
ബിൻസാദ് , ഓട്ടോ ഡ്രൈവർ, മുടിക്കൽ, പെരുമ്പാവൂർ
ബസ് സർവിസ് വലിയ നഷ്ടം; സബ്സിഡി വേണം
കിട്ടുന്ന വരുമാനത്തിൽ 60 ശതമാനത്തിലേറെ ബസിന് ഡീസൽ നിറക്കാൻ തന്നെ ചെലവഴിക്കേണ്ടി വരുകയാണ്.
ഒരു മാനദണ്ഡവുമില്ലാെതയാണ് വിലവർധന. കോവിഡിനു പിന്നാലെ യാത്രക്കാരുടെ എണ്ണത്തിൽ 40 ശതമാനത്തോളം കുറഞ്ഞു. ആളുകളെല്ലാം ഇരുചക്രവാഹനങ്ങളിലേക്കും കാറിലേക്കും മാറി.
ഇന്ധനമടിക്കുന്നത് മുതലാവുന്നില്ലെന്നു മാത്രമല്ല, വലിയ നഷ്ടത്തിലാണ് സർവിസ് മുന്നോട്ടുപോകുന്നത്. 100 കണക്കിന് ബസുകൾ നിർത്തി. നേരേത്ത 1200വരെ തൊഴിലാളികൾക്ക് നൽകിക്കൊണ്ടിരുന്നിടത്ത് 500ഓ അതിൽ താഴെയോ ആണ് ഇന്ന് കൊടുക്കുന്നത്. പൊതുഗതാഗത മേഖലയിൽ ഇന്ധനത്തിന് സബ്സിഡി അനുവദിക്കണമെന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്.
എം.ബി. സത്യൻ , സംസ്ഥാന പ്രസിഡൻറ്, ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ
ഹോട്ടൽ മേഖല പ്രതിസന്ധിയിൽ
ഇടത്തരം ഹോട്ടലുകൾക്ക് നിത്യേന മൂന്ന് ഗ്യാസ് സിലിണ്ടറെങ്കിലും വേണം. വില വർധനമൂലം എന്നും 1500 രൂപയെങ്കിലും അധികമായി ഗ്യാസിനു തന്നെ ചെലവാകുന്നു. വലിയ ഹോട്ടലുകൾക്ക് ഇതിലുമധികം വരും.
ഇതിനൊപ്പം പച്ചക്കറി ഉൾെപ്പടെയുള്ള സാധനങ്ങൾക്കും വില കൂടി വരുന്നു. ലോറിവാടക കൂട്ടി, ഇതുമൂലം ഹോട്ടൽ മേഖലയിലെ പ്രതിസന്ധി ചെറുതല്ല. വലിയ കഷ്ടത്തിലാണ് കാര്യങ്ങളുടെ പോക്ക്. നഷ്ടം നികത്താനായി മറ്റൊരു വഴിയും മുന്നിലില്ല. സർക്കാർ വില കുറക്കണം.
അസീസ് മൂസ ,കെ.എച്ച്.ആർ.എ ജില്ല പ്രസിഡൻറ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.