പൊതുമേഖല ഓഹരി വിൽപന അവസാനിപ്പിക്കണം -സി.ഐ.ടി.യു
text_fieldsകോഴിക്കോട്: കേന്ദ്ര പൊതുമേഖല ഓഹരി വിൽപനയും സ്വകാര്യവത്കരണവും അവസാനിപ്പിക്കണമെന്ന് സി.ഐ.ടി.യു സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ആണവോർജം, പ്രതിരോധം, ബഹിരാകാശം, വാർത്താവിനിമയം, ഊർജം, പെട്രോളിയം, കൽക്കരി, ബാങ്ക്, ധാതുസമ്പത്ത്, ഗതാഗതം, ഇൻഷുറൻസ് എന്നിവ തന്ത്രപ്രധാന മേഖലയാക്കിയും മറ്റുള്ളവയെ തന്ത്രപ്രധാന മേഖലയിൽ നിന്നൊഴിവാക്കിയും പൊതുമേഖലകളെ വിഭജിച്ചിരിക്കുകയാണ്.
തന്ത്രപ്രധാന മേഖലയിലല്ലാത്ത സ്ഥാപനങ്ങൾ വിൽക്കാനും അല്ലാത്തവ അടച്ചുപൂട്ടാനുമാണ് തീരുമാനം. എൽ.ഐ.സിയുടെ മൂന്നു ശതമാനം ഓഹരി വിൽപന പൂർത്തീകരിച്ചു. ഇന്ത്യയിലെ പൊതുമേഖലകൾ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഉണ്ടാക്കിയതാണ്. 70 വർഷം കൊണ്ട് ഉണ്ടാക്കിയെടുത്ത ഈ സമ്പത്താണ് വിൽക്കാനും പൂട്ടാനും തീരുമാനിച്ചത്. യഥാർഥ മൂല്യത്തിന്റെ പത്തിലൊന്നു പോലും ലഭിക്കാത്ത വിൽപനയിലൂടെ പൊതുമുതൽ കൊള്ളയാണ് ഇതുവഴിയുണ്ടാകുകയെന്ന് സമ്മേളനം പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
ഇ.പി.എഫ് പെൻഷൻ കാര്യത്തിൽ കേന്ദ്ര സർക്കാർ മൗനം വെടിഞ്ഞ് കാലോചിത മാറ്റത്തിന് തയാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 9,000 രൂപ മിനിമം പെൻഷൻ വേണമെന്ന ഇ.പി.എഫ്.എയുടെ ആവശ്യം മുഴുവൻ ട്രേഡ് യൂനിയനുകളുടെയും ആവശ്യമായി ഉയരണം. റെയിൽവേ സ്വകാര്യവത്കരണം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.