ബാലാവകാശ സംരക്ഷണത്തിന് പൊതുജന പിന്തുണ അനിവാര്യമെന്ന് വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം : ബാലാവകാശ സംരക്ഷണത്തിന് പൊതുജന പിന്തുണ അനിവാര്യമെന്ന് മന്ത്രി വി ശിവൻകുട്ടി. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നേമം നിയോജക മണ്ഡലം സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ബാലാവകാശ സംരക്ഷണത്തിന്റെ കാര്യത്തിൽ കേരളം ഉണ്ടാക്കിയ മുൻകൈ പ്രത്യേകം എടുത്ത് പറയേണ്ടിയിരിക്കുന്നു. പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഏതാണ്ട് എല്ലാ കുട്ടികളും സ്കൂളിൽ പോകുന്ന സംസ്ഥാനമാണ് കേരളം. പഠനപാതയിലെ കൊഴിഞ്ഞു പോക്ക് ഏറ്റവും കുറവുള്ള സംസ്ഥാനവും കേരളം തന്നെ. കേരളത്തിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം രാജ്യത്തിനാകെ തന്നെ മാതൃകയാണ്. പല സ്‌കൂളുകളിലും പ്രഭാത ഭക്ഷണവും കുട്ടികൾക്ക് നൽകുന്നുണ്ട്.
രോഗപ്രതിരോധത്തിനായി കുട്ടികൾക്ക് കൃത്യമായി വാക്സിൻ നൽകുന്നതിനും പോഷകാഹാരം ലഭ്യമാക്കുന്നതിനും നമ്മുടെ സംവിധാനങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ശിശു മരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. കുട്ടികൾക്കുള്ള എല്ലാ സൗകര്യവും ഒരുക്കി നൽകാൻ സമൂഹം മുന്നോട്ട് വരുമ്പോൾ മാത്രമേ ബാലാവകാശ സംരക്ഷണം അതിന്റെ പൂർണതയിൽ എത്തൂ.
കളിചിരിയും കൂട്ടുകൂടലുമൊക്കെ കുട്ടികളുടെ സഹജ സ്വഭാവം ആണ്. അത് പ്രോത്സാഹിപ്പിക്കപ്പെടണം. ഒപ്പം തന്നെ മികച്ച ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനും കുട്ടികൾക്ക് അർഹതയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചടങ്ങിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ചെയർപേഴ്സൺ കെ.വി മനോജ്‌കുമാർ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.