പൊതുഗതാഗതം തുടങ്ങി; ആദ്യദിനം 1528 സർവിസ് നടത്തി
text_fieldsതിരുവനന്തപുരം: ലോക്ഡൗൺ നിയന്ത്രണങ്ങൾ അയവുവരുത്തിയതോടെ സംസ്ഥാനത്ത് പൊതുഗതാഗതം പരിമിത തോതിൽ ആരംഭിച്ചു. ബസുകളും ഒാേട്ടാകളും ടാക്സികളും മറ്റ് വാഹനങ്ങളും ഒാടിത്തുടങ്ങി. കെ.എസ്.ആർ.ടി.സി 1528 സർവിസുകൾ നടത്തി. വടക്കൻ കേരളത്തിൽ സ്വകാര്യബസുകളും ഒാടി. പൊതുവെ ബസുകളിൽ യാത്രക്കാർ കുറവായിരുന്നു.
തെക്കൻ മേഖലയിൽ 712 ഉം മധ്യമേഖലയിൽ 451 ഉം വടക്കൻ മേഖലയിൽ 365 സർവിസുകളുമാണ് കെ.എസ്.ആർ.ടി.സി നടത്തിയത്. അതേസമയം സ്വകാര്യബസുകളുടെ സർവിസ് പല ജില്ലകളിലും 10 ശതമാനത്തിൽ താഴെയായിരുന്നു. യാത്രക്കാരില്ലാത്തതും ഡീസൽവിലയും കണക്കിലെടുത്ത് പല ബസുടമകളും സർവിസ് നടത്താൻ തയാറായില്ല. തെക്കൻ മേഖലയിൽ പ്രധാനമായും ഗ്രാമീണ സർവിസുകളാണ് സ്വകാര്യബസുകൾക്കുള്ളത്. തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പലയിടങ്ങളും കണ്ടെയ്ൻമെൻറ് സോണായി. ഇവിടെ യാത്രക്കാരെ കയറ്റാനോ ഇറക്കാനോ പാടില്ലാത്തതിനാലാണ് സ്വകാര്യബസുകൾ നിരത്തിലിറങ്ങാൻ മടിക്കുന്നത്.
യാത്രക്കാർ ഏറെയുള്ള റൂട്ടുകളിലാണ് കെ.എസ്.ആർ.ടി.സി അധികവും സർവിസ് നടത്തിയത്. തിങ്കൾ, വെള്ളി ദിവസങ്ങളിൽ യാത്രക്കാർ കൂടുതലുണ്ടാകാൻ സാധ്യതയുള്ളതിനാൽ ആവശ്യാനുസരണം സർവിസുകൾ നടത്താൻ ഡിപ്പോകൾക്ക് നിർദേശം നൽകി. സമ്പൂർണ ലോക്ഡൗണുള്ള ശനി, ഞായർ ദിവസങ്ങളിൽ സാധാരണ സർവിസുകൾ ഉണ്ടാകില്ല. ഞായറാഴ്ച ഉച്ച കഴിഞ്ഞ് ദീർഘദൂര സർവിസുകൾ പുനരാരംഭിക്കും. കൂടുതൽ ട്രെയിൻ സർവിസുകളും കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.