പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു; പാപ്പിനിശ്ശേരി-പിലാത്തറ റോഡ് ഇനി സൂപ്പറാകും
text_fieldsപാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു. പാപ്പിനിശ്ശേരി, താവം മേൽപാലങ്ങളൊഴികെയുള്ള ഭാഗമാണ് പൊതുമരാമത്ത് റോഡ് വിഭാഗം ഏറ്റെടുത്തത്. പാലം നിർമാണത്തിലെ അപാകത കാരണം വിജിലൻസ് അന്വേഷണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പാലങ്ങൾ ഏറ്റെടുക്കാത്തതെന്നാണ് അറിയുന്നത്.
കെ.എസ്.ടി.പി കരാറുകാർക്ക് റോഡ്,പാലം നവീകരണത്തിനുൾപ്പെടെ ഒരു വർഷത്തെ ഉത്തരവാദിത്ത കാലാവധിയുണ്ടായിരുന്നു. അക്കാരണത്താൽ റോഡിന്റെയും പാലത്തിന്റെയും അറ്റകുറ്റ പ്രവൃത്തികൾ നടത്താൻ പൊതുമരാമത്ത് വകുപ്പിന് അധികാരമില്ലായിരുന്നു.
നിലവിൽ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതോടെ ഇനിയുള്ള എല്ലാ നവീകരണ പ്രവൃത്തികളും താമസിയാതെ നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് എൻജിനീയർ കെ. ശ്രീരാഗ് 'മാധ്യമ'ത്തെ അറിയിച്ചു. ഇതിന്റെ ഭാഗമായി റോഡിലെ അറ്റകുറ്റ പ്രവൃത്തി നടത്താനായി വകുപ്പിന് 25 ലക്ഷം സർക്കാർ അനുവദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
റോഡ് സുരക്ഷയുടെ ഭാഗമായി റോഡിലെ കുഴികളും ഓവുചാലുകളുടെ അടപ്പും സ്ഥാപിക്കാനാണ് ഈ തുക ചെലവഴിക്കുക. കൂടാതെ വാഹനാപകടത്തിൽ തകർന്ന കണ്ണപുരത്തെ ക്രാഷ് ബാരിയർ പുനഃസ്ഥാപിക്കും. ഇതോടൊപ്പം റോഡിൽ ആവശ്യമായ ദിശാ വരകളും നടത്തും.
പാപ്പിനിശ്ശേരി മുതൽ പിലാത്തറ വരെയുള്ള റോഡിലെ കുഴികൾ സെൽ മാക്സ് മിശ്രിതം ഉപയോഗിച്ചാണ് അടച്ചുവരുന്നത്. നാട്ടുകാരുടെ നിരവധി പരാതിയുണ്ടായിട്ടും കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ ഇതുവരെ ഓവുചാലുകൾക്ക് അടപ്പ് ഇടാത്തതിനാൽ ഒരാളുടെ മരണമടക്കം നിരവധി റോഡപകടങ്ങളുണ്ടായി. പലർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
ഇപ്പോൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതോടെ റോഡ് സുരക്ഷയുടെ ഭാഗമായാണ് റോഡിലെ കുഴികളടക്കുന്നതും ഓടകൾ അടച്ചുവരുന്നതും. 1400ഓളം സ്ലാബുകൾ ഓടകൾ അടക്കുന്ന ആവശ്യത്തിനായി എത്തിച്ചു. ഇതോടെ പ്രദേശത്തെ ജനങ്ങളുടെ ദീർഘകാലത്തെ പരാതിക്കാണ് പരിഹാരമാകുന്നത്.
ഇതോടൊപ്പം പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് കവലയിൽ സിഗ്നൽ സംവിധാനം ഏർപ്പെടുത്തണമെന്നും വാഹനങ്ങളുടെ കടന്നുകയറ്റവും വാഹനക്കുരുക്കും ഒഴിവാക്കാനാവശ്യമായ നടപടിയും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
ഇതിനിടെ പൊതുമരാമത്ത് ഏറ്റെടുത്തതോടെ റോഡിൽ 20 കിലോമീറ്റർ മെക്കാഡം ടാറിങ്ങടക്കമുള്ള നവീകരണ പ്രവൃത്തിക്ക് 25 കോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം. വിജിൻ എം.എൽ.എ സർക്കാറിന് കത്തയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.