പൊതുമരാമത്ത് വകുപ്പ് പ്രവൃത്തി; മന്ത്രി മുതൽ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർവരെ ഫീൽഡിൽ ഇറങ്ങണം -മന്ത്രി മുഹമ്മദ് റിയാസ്
text_fieldsകുണ്ടറ: പൊതുമരാമത്ത് വകുപ്പിന്‍റെ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെങ്കിൽ മന്ത്രി മുതൽ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥർ വരെ ഓഫിസിൽനിന്ന് ഫീൽഡിലേക്ക് ഇറങ്ങണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
കുണ്ടറയിലെ പൊതുമരാമത്ത് നിർമാണ പ്രവൃത്തികൾ പരിശോധിക്കാൻ എത്തിയതാണ് അദ്ദേഹം. 16 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ സമയബന്ധിതമായി നടപ്പാക്കണം.
മുഴുവൻ ഉദ്യോഗസ്ഥരും ഓഫിസിൽനിന്നിറങ്ങി ഫീൽഡിൽ പ്രവർത്തിക്കണം. ഉദ്യോഗസ്ഥരിൽ വലിയൊരു ശതമാനം പേരും പുറത്ത് ഇറങ്ങുന്നവരാണ്. എന്നാൽ, ചിലർ ഓഫിസിലിരുന്നുതന്നെ ഫീൽഡിലിറങ്ങിയത് പോലെ വരുത്തി തീർക്കുകയാണ്. ഇത് അനുവദിച്ചു കൊടുക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിമുക്ക്-പെരുമ്പുഴ റോഡിന്‍റെ വശങ്ങളിലുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും നിർമാണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും എം.എൽ.എ, കലക്ടർ എന്നിവരുമായി ചർച്ച നടത്തും. പൂർത്തീകരിച്ച റോഡ് മുറിച്ച് പൈപ്പ് ഇട്ടശേഷം അതേ നിലവാരത്തിൽ ശരിയാക്കി നൽകണമെന്ന് വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകാൻ വകുപ്പു മന്ത്രിയുമായി ചർച്ച നടത്തി.
കൊല്ലം-ചെങ്കോട്ട റോഡിനായി സ്ഥലമെടുക്കുന്നതിന് തുകയുടെ 25 ശതമാനം സംസ്ഥാനം ചെലവഴിക്കുന്നത് പരിഗണനയിലാണ്. കുണ്ടറ ആശുപത്രി മുക്ക് - കൊട്ടിയം റോഡിന്‍റെ വശങ്ങളിലായി നിർമിക്കുന്ന നടപ്പാതയുടെ നിർമാണ പ്രവർത്തനങ്ങൾ മന്ത്രി പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.