പൊതുമരാമത്ത് സോഷ്യൽ ഒാഡിറ്റിങ്: ജില്ല-മണ്ഡലംതല സമിതികൾ ഉടൻ
text_fieldsതിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിൽ നടപ്പാക്കുന്ന സോഷ്യൽ ഒാഡിറ്റിങ്ങിനായുള്ള ജില്ല- നിയോജക മണ്ഡലംതല സമിതികളുടെ രൂപവത്കരണം ഉടൻ. 140 മണ്ഡലത്തിലും രണ്ടുമാസത്തിനകം സമിതികൾ രൂപവത്കരിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. മണ്ഡലംതല സമിതിക്ക് മുകളിലായി ജില്ല-സംസ്ഥാന സമിതികളുമുണ്ടാകും. റിട്ട. ചീഫ് എൻജിനീയർമാർ ഉൾപ്പെടുന്നതാണ് സംസ്ഥാനതല കമ്മിറ്റി.
പൊതുമരാമത്ത് വകുപ്പിന് കീഴിലെ മുഴുവൻ പ്രവൃത്തികളിലും പൊതുജനങ്ങളുടെ നിർദേശം ഉറപ്പാക്കുകയാണ് സോഷ്യൽ ഒാഡിറ്റിങ്ങിെൻറ ലക്ഷ്യം. എതിർപ്പുകളും സമ്മർദങ്ങളും മറികടന്ന് മന്ത്രി നേരിട്ടാണ് സോഷ്യൽ ഒാഡിറ്റിങ് വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നത്. റോഡ്, പാലം, കെട്ടിടം തുടങ്ങിയവയുടെ പ്രവൃത്തിവേളയിലും ശേഷവും പൊതുജനങ്ങൾക്ക് സമിതിക്ക് മുമ്പാകെ പരാതിപ്പെടാൻ കഴിയുമെന്നതാണ് ഇതിെൻറ പ്രയോജനം. സമിതികൾക്കുള്ള അധികാരം തുടങ്ങിയ കാര്യങ്ങളിൽ വിശദമായ രൂപരേഖ ഉടൻ തയാറാക്കും. സമിതികളിലെ അംഗങ്ങളുടെ എണ്ണം, കൺവീനർ തുടങ്ങിയ കാര്യങ്ങളും ഇതോടൊപ്പമുണ്ടാവും.
മണ്ഡലം സമിതികൾക്കാണ് പൊതുജനങ്ങൾ പരാതി സമർപ്പിക്കേണ്ടത്. ജനപ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പിൽനിന്ന് വിരമിച്ച എൻജിനീയർമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ഉൾപ്പെടുന്നതാണ് മണ്ഡലസമിതികൾ. പരാതി ലഭിച്ചാൽ സമിതിയംഗങ്ങൾ പദ്ധതി പ്രദേശം സന്ദർശിക്കും. പരാതി ബോധ്യപ്പെട്ടാൽ വിശദമായ റിപ്പോർട്ട് തയാറാക്കി ജില്ലതല സമിതിക്ക് കൈമാറണം. ജില്ല സമിതി പൊതുമരാമത്ത് വകുപ്പിന് റിപ്പോർട്ട് കൈമാറുന്നതോടെ പരാതികൾ പരിഹരിക്കപ്പെടുന്നവിധമാണ് പദ്ധതി. മേജർ േപ്രാജക്ടുകൾ ആണെങ്കിൽ സംസ്ഥാന കമ്മിറ്റിക്കും റിപ്പോർട്ട് നൽകണം.
മരാമത്ത് പ്രവൃത്തിയുടെ വിശ്വാസ്യത വർധിപ്പിക്കാൻ സോഷ്യൽ ഒാഡിറ്റിങ് ഉപകരിക്കുമെന്നാണ് വകുപ്പിെൻറ നിഗമനം. ആലപ്പുഴ, വയനാട് ജില്ലകളിൽ താൽക്കാലികമായി രൂപവത്കരിച്ച സമിതികളുടെ ഇടപെടൽ ഫലം കണ്ടതായും മന്ത്രിയുടെ ഒാഫിസ് വ്യക്തമാക്കി. അതേസമയം, സോഷ്യൽ ഒാഡിറ്റിങ് മറ്റൊരു അഴിമതിക്ക് കളമൊരുക്കുമെന്ന ആശങ്കയാണ് കരാറുകാർ മുന്നോട്ടുവെക്കുന്നത്. ഒാവർസിയർ, അസി.എൻജിനീയർ, അസി.എക്സി. എൻജിനീയർ, എക്സി. എൻജിനീയർ, സൂപ്രണ്ടിങ് എൻജിനീയർ തുടങ്ങിയ വൻനിരയുടെ പരിശോധനകൾക്കുശേഷമാണ് ബില്ലുകൾ പാസാവുന്നത്.
ഫിനാൻസ് വിഭാഗത്തിലെ ടെക്നിക്കൽ എക്സാമിനർ, പി.ഡബ്ല്യു.ഡി വിജിലൻസ്, പൊലീസ് വിജിലൻസ് എന്നിവയുടെ പരിശോധന വേറെയുമുണ്ട്. ഇതിനെല്ലാം പുറമെ സോഷ്യൽ ഒാഡിറ്റിങ് വരുന്നത് എത്രമാത്രം പ്രായോഗികമാണെന്ന് ആലോചിക്കണമെന്ന് ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജന. സെക്രട്ടറി സണ്ണി ചെന്നിക്കര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.