ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമം തുടരുന്നു; കൂടുതൽ ട്രെയിനുകൾ റദ്ദാക്കി, സർവീസുമായി കെ.എസ്.ആർ.ടി.സി
text_fieldsതൃശൂർ: പുതുക്കാട് ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. രാവിലെ 10 മണിയോടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കാനുള്ള ശ്രമമാണ് റെയില്‍വെ അധികൃതര്‍ നടത്തുന്നത്.
ഒമ്പത് ട്രെയിനുകൾ പൂർണമായും അഞ്ച് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. രണ്ട് ട്രെയിനുകൾ വൈകിയോടുന്നു. നിലവിൽ ഒരു പാളത്തിലൂടെ മാത്രമാണ് ട്രെയിനുകൾ കടന്നു പോകുന്നത്. നിലവിൽ പാളം തെറ്റിയ ചരക്ക് ട്രെയിനിന്‍റെ എന്‍ജിനുകളും നാല് ബോഗികളും അപകടസ്ഥലത്തു നിന്നും മാറ്റി. അവസാന ബോഗി മാറ്റാനുള്ള ശ്രമം തുടരുകയാണ്.
പൂർണമായി റദ്ദാക്കിയവ
- തിരുവനന്തപുരം^ഷൊർണൂർ വേണാട് എക്സ്പ്രസ്
- ഷൊർണൂർ-എറണാകുളം മെമു
- കോട്ടയം-നിലമ്പൂർ എക്സ്പ്രസ്
- എറണാകുളം-പലക്കാട് മെമു
- എറണാകുളം-കണ്ണൂർ ഇന്റർസിറ്റി
- ഗുരുവായൂർ-എറണാകുളം എക്സ്പ്രസ്
- എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്
- തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്സ്പ്രസ്
- എറണാകുളം ആലപ്പുഴ എക്സ്പ്രസ്
ഭാഗികമായി റദ്ദാക്കിയവ
- കണ്ണൂർ- ആലപ്പുഴ ഇന്റർസിറ്റി (ഷൊർണൂർ വരെ)
- ഗുരുവായൂർ-തിരുവനന്തപുരം എക്സ്പ്രസ് (എറണാകുളത്ത് നിന്ന്)
- ഗുരുവായൂർ-പുനലൂർ എക്സ്പ്രസ് (തൃപ്പൂണിത്തുറയിൽ നിന്ന്)
- പുനലൂർ-ഗുരുവായൂർ എക്സ്പ്രസ് (തൃപ്പൂണിത്തുറയിൽ നിന്ന്)
- തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ് (കൊല്ലം വരെ)
വൈകിയോടുന്നവ
- തിരുവനന്തപുരം-നിസാമുദ്ദീൻ എക്സ്പ്രസ് (രണ്ട് മണിക്കൂർ)
- തിരുവനന്തപുരം-മംഗലാപുരം ഏറനാട് എക്സ് (ഒന്നര മണിക്കൂർ)
കെ.എസ്.ആർ.ടി.സി കൂടുതൽ സർവിസുകൾ നടത്തും
ചരക്ക് വണ്ടി പാളം തെറ്റിയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ട സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി കൂടുതൽ സർവിസുകൾ നടത്തുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് അഞ്ചും എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്ന് ആറും അധിക ബസുകൾ സർവിസ് നടത്തി. എറണാകുളത്തു നിന്ന് തിരുവനന്തപുരം, കോഴിക്കോട് ഭാഗങ്ങളിലേക്ക് ആവശ്യത്തിന് ബസുകൾ സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് കൂടുതൽ സർവിസ് നടത്താനും നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. കൺട്രോൾ റൂം: 0471-2463799, 9447071021, 1800 599 4011.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.