പുതുക്കാട് ട്രെയിൻ പാളം തെറ്റൽ: ശനിയാഴ്ചയും മൂന്ന് ട്രെയിനുകൾ റദ്ദാക്കി
text_fieldsതിരുവനന്തപുരം: തൃശൂർ പുതുക്കാട് ചരക്കുവണ്ടി പാളം തെറ്റിയതിനെ തുടർന്ന് ശനിയാഴ്ചയും നിയന്ത്രണങ്ങൾ. തിരുവനന്തപുരം-ഷൊർണൂർ വേണാട് (16302), ഷൊർണൂർ ജങ്ഷൻ-എറണാകുളം മെമു (06017), കോട്ടയം-നിലമ്പൂർ എക്സ്പ്രസ് (16326) എന്നിവ പൂർണമായും റദ്ദാക്കി. ഗുരുവായൂർ-തിരുവനന്തപുരം ഇൻറർസിറ്റി (16341) എറണാകുളത്തുനിന്നാകും ശനിയാഴ്ച യാത്ര ആരംഭിക്കുക. ഗുരുവായൂർ -പുനലൂർ എക്സ്പ്രസ് (16328) തൃപ്പൂണിത്തുറയിലും തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ് കൊല്ലത്തും യാത്ര അവസാനിപ്പിക്കും.
തൃശൂരിൽ ചരക്കുവണ്ടി പാളം തെറ്റി; റെയിൽ യാത്ര താളം തെറ്റി
തൃശൂർ/തിരുവനന്തപുരം: തൃശൂർ പുതുക്കാട്ട് ചരക്കുതീവണ്ടി പാളം തെറ്റിയതിനെ തുടർന്ന് സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം താളംതെറ്റി. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടേകാലോടെയാണ് പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപം തെക്കേ തൊറവ് ഭാഗത്ത് അപകടമുണ്ടായത്. ഇരുമ്പനം ബി.പി.സി.എല്ലില്‍നിന്ന് ഇന്ധനം നിറക്കാന്‍ പോയ ചരക്കുതീവണ്ടിയുടെ എന്‍ജിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. അപകടത്തെതുടര്‍ന്ന് നാല് ട്രെയിനുകൾ പൂർണമായും നാല് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. ദീർഘദൂര ട്രെയിനുകളടക്കം മണിക്കൂറുകൾ വൈകി. ഇരുദിശയിലേക്കുമുള്ള യാത്രാ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിലും ഔട്ടറുകളിലും പിടിച്ചിട്ടു. ഷൊർണൂർ-തിരുവനന്തപുരം വേണാട് എക്സ്പ്രസ് (16301), എറണാകുളം-ഷൊർണൂർ മെമു എക്സ്പ്രസ് (06018), എറണാകുളം-ഗുരുവായൂർ സ്പെഷൽ എക്സ്പ്രസ് (06448 ), പാലക്കാട്-തിരുനെൽവേലി പാലരുവി എക്സ്പ്രസ് (16792) എന്നിവയാണ് പൂർണമായും റദ്ദാക്കിയത്.
എറണാകുളം-പാലക്കാട് മെമു (06798) ആലുവയിലും നിലമ്പൂർ-കോട്ടയം (16325) എക്സ്പ്രസ് ഷൊർണൂരിലും തിരുവനന്തപുരം -ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് (16342) എറണാകുളത്തും കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ഷൊർണൂരിലും (16306) യാത്ര അവസാനിപ്പിച്ചു. കോഴിക്കോട് -തിരുവനന്തപുരം ജനശതാബ്ദി ഷൊര്‍ണൂരിലും വേണാട് എക്സ്പ്രസ് വടക്കാഞ്ചേരിയിലും പിടിച്ചിട്ടു. വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടെ ഗതാഗതം ഒറ്റ വരിയിൽ കൂടി പുനഃസ്ഥാപിച്ചതായി റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു. വിവിധയിടങ്ങളിൽ ട്രെയിനുകൾ നിർത്തിയിട്ടതോടെ യാത്രക്കാരും വെട്ടിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.