പ്രചാരണ ചൂടിലേക്ക് പുതുപ്പള്ളി
text_fieldsകോട്ടയം: പുതുപ്പള്ളിയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയെന്ന മേൽക്കൈ യു.ഡി.എഫ് അവകാശപ്പെടുമ്പോൾ നിറഞ്ഞ ആത്മവിശ്വാസത്തിൽ എൽ.ഡി.എഫും. യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ വോട്ട് ചോദിച്ച് രംഗത്തിറങ്ങിയപ്പോൾ രണ്ട് ദിവസത്തിനുള്ളിൽ സ്ഥാനാർഥി പ്രഖ്യാപനത്തിനൊരുങ്ങുകയാണ് എൽ.ഡി.എഫും ബി.ജെ.പിയും.
സംസ്ഥാന നേതാക്കളെ തന്നെ പ്രചാരണ ചുമതലകൾ ഏൽപിച്ചാണ് മുന്നണികൾ സജീവമാകുന്നത്. ചാണ്ടി ഉമ്മന്റെ ചുവരെഴുത്തുകൾ മണ്ഡലത്തിൽ വന്നുതുടങ്ങി. സ്ഥാനാർഥിയുടെ പേരെഴുതാതെ എൽ.ഡി.എഫും ചുവരെഴുത്ത് ആരംഭിച്ചു. മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെയുള്ളവരെ വരും ദിവസങ്ങളിൽ മണ്ഡലത്തിൽ എത്തിക്കാനുള്ള നീക്കങ്ങളും മുന്നണികൾ ആരംഭിച്ചു.
പുതുപ്പള്ളി മണ്ഡലത്തെ രണ്ട് ബ്ലോക്കുകളായി തിരിച്ചാണ് കോൺഗ്രസ് പ്രചാരണം. പുതുപ്പള്ളി ബ്ലോക്കിന് തിരുവഞ്ചൂർ രാധാകൃഷ്ണനും അകലക്കുന്നം ബ്ലോക്കിന് കെ.സി. ജോസഫുമാണ് മേൽനോട്ടം വഹിക്കുന്നത്. ഇവർക്ക് കീഴിൽ എട്ട് മണ്ഡലം കമ്മിറ്റികളും പ്രവർത്തിക്കുന്നുണ്ട്. അകലക്കുന്നം മണ്ഡലം കമ്മിറ്റി- ടോമി കല്ലാനി, പി.ആർ. സോന എന്നിവരാണ് നേതൃത്വം നൽകുന്നത്. അയർക്കുന്നം- ഫിലിപ്പ് തോമസ്, മണർകാട് -കുര്യൻ ജോയി, ഫിൽസൺ മാത്യൂസ്, കൂരോപ്പട-പി.എ സലിം, തോമസ് കണ്ണാടൻ, പാമ്പാടി-ജോസഫ് വാഴക്കൻ, മീനടം-പി.എസ്. രഘുറാം, വാകത്താനം-ജോസി സെബാസ്റ്റ്യൻ, ജോഷി ഫിലിപ്പ് എന്നിവരാണ് നേതൃത്വം.
സി.പി.എമ്മാകട്ടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കും മണ്ഡലത്തിലെ പഞ്ചായത്തുകളുടെ ചുമതല വിഭജിച്ച് നൽകി. മന്ത്രി വി.എൻ. വാസവനാണ് പ്രധാന ചുമതല. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജുവിനാണ് വാകത്താനം പഞ്ചായത്തിന്റെ ചുമതല. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. ജയചന്ദ്രൻ - പാമ്പാടി, മീനടം, ജില്ലയിലെ മുതിർന്ന നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ (പ്രത്യേക ക്ഷണിതാവ്) കെ.ജെ. തോമസ്- അകലക്കുന്നം, അയർകുന്നം, സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാർ- മണർകാട്, പുതുപ്പള്ളി, സംസ്ഥാന കമ്മിറ്റി അംഗം എ.വി. റസൽ- കൂരോപ്പട എന്നിങ്ങനെ പഞ്ചായത്തുകളുടെയും ചുമതല വീതിച്ച് നൽകിയിട്ടുണ്ട്.
വാർഡ് കണക്കിൽ ഇരുമുന്നണികളും ഏറക്കുറെ ഒപ്പത്തിനൊപ്പം
കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എട്ടുപഞ്ചായത്തുകളിൽ ആറിടത്ത് എൽ.ഡി.എഫിനാണ് ഭരണമെങ്കിലും വാർഡ് തിരിച്ചുള്ള കണക്കുകളിൽ ഇരുമുന്നണികളും ഏറക്കുറെ ഒപ്പത്തിനൊപ്പം. എട്ടുപഞ്ചായത്തുകളിലായി 140 വാര്‍ഡുകളാണുള്ളത്. ഇതിൽ 69 വാര്‍ഡില്‍ എല്‍.ഡി.എഫിനും 59 വാര്‍ഡുകളില്‍ യു.ഡി.എഫിനുമാണ് പ്രാതിനിധ്യം. പത്തിടങ്ങളില്‍ ബി.ജെ.പി അംഗങ്ങളാണ്. രണ്ടിടങ്ങളിൽ സ്വതന്ത്രന്മാരാണ് പ്രതിനിധികൾ.
വാകത്താനം, പാമ്പാടി, കൂരോപ്പട, അകലക്കുന്നം, മണര്‍കാട്, പുതുപ്പള്ളി പഞ്ചായത്തുകളാണ് എല്‍.ഡി.എഫ് ഭരിക്കുന്നത്. യു.ഡി.എഫ് ഭരണം മീനടം, അയര്‍ക്കുന്നം പഞ്ചായത്തുകളിലാണ്. പുതുപ്പള്ളിയില്‍ എല്‍.ഡി.എഫ് -ഒമ്പത്, യു.ഡി.എഫ് -ഏഴ്, ബി.ജെ.പി -രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. മീനടത്ത് എല്‍.ഡി.എഫ് -അഞ്ച്, യു.ഡി.എഫ് -ഏഴ്, സ്വത-ഒന്ന്, വാകത്താനം - എല്‍.ഡി.എഫ് - 12, യു.ഡി.എഫ് - 7, സ്വത - ഒന്ന്, പാമ്പാടിയില്‍ എല്‍.ഡി.എഫ് - 12, യു.ഡി.എഫ് -എട്ട്, കൂരോപ്പടയില്‍ എല്‍.ഡി.എഫ് -ഏഴ്, യു.ഡി.എഫ് -ആറ്, ബി.ജെ.പി -നാല്, അകലക്കുന്നം എല്‍.ഡി.എഫ് - 10, യു.ഡി.എഫ് -അഞ്ച്, അയര്‍ക്കുന്നം എല്‍.ഡി.എഫ് - നാല്, യു.ഡി.എഫ് -14, ബി.ജെ.പി -രണ്ട്, മണര്‍കാട് എല്‍.ഡി.എഫ് -10, യു.ഡി.എഫ് -അഞ്ച്, ബി.ജെ.പി-രണ്ട് എന്നിങ്ങനെയാണ് കക്ഷി നില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.