പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; പ്രതിപക്ഷ നേതാവിനെതിരായ കേസ് ഹൈകോടതി സ്‌റ്റേ ചെയ്തു
text_fieldsകൊച്ചി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കാലത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് ചാനലിന് മുന്നില്‍ സംസാരിച്ചതിന് മൃഗാശുപത്രി ജീവനക്കാരിയെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടതിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈകോടതി സ്‌റ്റേ ചെയ്തു.
എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എഫ്.ഐ.ആറില്‍ പ്രതിപക്ഷ നേതാവിനെ പ്രതിയാക്കാവുന്ന തരത്തിലുള്ള ഒരു കുറ്റവും കാണുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
അന്യായമായി സംഘം ചേരല്‍, അതിക്രമിച്ചു കയറല്‍, കലാപം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിപക്ഷ നേതാവും എം.പിമാരും ഉള്‍പ്പെടെ 25 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് നല്ലതു പറഞ്ഞതിനു കൈതേപ്പാലം മൃഗാശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരി പി.ഒ.സതിയമ്മയെയാണ് ജോലിയില്‍നിന്നു പുറത്താക്കിയത്.
ജോലിയില്‍നിന്നു പുറത്താക്കിയെന്ന വിവരം പുറത്തുവന്നതോടെ മൃഗാശുപത്രിയുടെ പുതുപ്പള്ളി സബ് സെന്ററിനു മുന്നില്‍ സതിയമ്മ ഭര്‍ത്താവ് രാധാകൃഷ്ണനോടൊപ്പം ഉപരോധസമരം നടത്തി. ഇവരെ സന്ദര്‍ശിച്ച് വിവരങ്ങള്‍ തേടുന്നതിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാവും എം.പിമാരും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്തെത്തിയത്. പ്രതിപക്ഷ നേതാവിന് വേണ്ടി അഭിഭാഷകരായ അനൂപ് വി. നായര്‍, തനൂഷ പോള്‍, രോഹിത്, അവന്തിക എന്നിവര്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.