പുതുപ്പള്ളിയിൽ വ്യക്തിഹത്യയില്ല, രാഷ്ട്രീയവും വികസനവും; വാക്പോരുമായി മുന്നണികൾ
text_fieldsകോട്ടയം: സ്ഥാനാർഥിചിത്രം വ്യക്തമായതോടെ വ്യക്തിഹത്യ ഒഴിവാക്കി, രാഷ്ട്രീയവും വികസനവും പറഞ്ഞ് വാക്പോരുമായി മുന്നണികൾ പുതുപ്പള്ളിയിൽ സജീവമായി. ഉമ്മൻ ചാണ്ടിയുടെ ചികിത്സ, വിശുദ്ധനാക്കാനുള്ള നീക്കം എന്നിവയുമായി ബന്ധപ്പെട്ട് ഉയർത്തിയ വിവാദങ്ങളിൽനിന്ന് സി.പി.എം പിന്നാക്കം പോയതോടെ വികസനം ചർച്ചയാക്കുകയാണ് മുന്നണികൾ. കഴിഞ്ഞ 53 വർഷം, 11 പ്രാവശ്യം തുടർച്ചയായി മണ്ഡലത്തിൽ എം.എൽ.എയായിരുന്ന ഉമ്മൻ ചാണ്ടി, എന്ത് വികസനമാണ് നടപ്പാക്കിയതെന്ന ചോദ്യം ഉന്നയിച്ചുള്ള പ്രചാരണത്തിലേക്ക് എൽ.ഡി.എഫ് നീങ്ങുമ്പോൾ വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി വിഷയങ്ങൾ ഉയർത്തിയാണ് യു.ഡി.എഫ് മറുപടി.
പുതുപ്പള്ളിയിൽ അനായാസജയം പ്രതീക്ഷിക്കുന്ന യു.ഡി.എഫ്, എന്ത് വികസനം എൽ.ഡി.എഫ് ചർച്ച ചെയ്താലും ഉമ്മൻ ചാണ്ടിയുടെ സ്വീകാര്യത അതിനൊക്കെ മുകളിലാണെന്ന വിലയിരുത്തലിലാണ്. മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ ഫലവും അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. എന്നാൽ, മുൻകാലങ്ങളിലെപ്പോലെ മുന്നണിയും വ്യക്തിയും തമ്മിെല മത്സരമല്ല ഇക്കുറി പുതുപ്പള്ളിയിലേതെന്ന് എൽ.ഡി.എഫ് ഓർമിപ്പിക്കുന്നു. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വികസന മുരടിപ്പ് ചർച്ചയാക്കുകയാണ് അവരുടെ ലക്ഷ്യം. മണ്ഡലത്തിലെ വികസന മുരടിപ്പ് വ്യക്തമാക്കുന്ന ചിത്രങ്ങളും വാർത്തകളും പങ്കുെവച്ച് സൈബറിടങ്ങളിൽ ഈ വിഷയം കൂടുതൽ ചർച്ചയാക്കുകയാണ് അവർ.
എന്നാൽ, വികസനമില്ലായിരുന്നെങ്കിൽ ഒരാൾ 11 പ്രാവശ്യം തുടർച്ചയായി ജനപ്രതിനിധിയായി തുടരുമോയെന്ന മറുചോദ്യം യു.ഡി.എഫ് ഉന്നയിക്കുന്നു. വികസനം ചർച്ച ചെയ്യാൻ യു.ഡി.എഫിനെ വെല്ലുവിളിക്കുകയാണ് എൽ.ഡി.എഫ്. സ്ഥാനാർഥി ജെയ്ക് സി. തോമസ് തന്നെ ചർച്ചക്കായി സമയവും സ്ഥലവും നിശ്ചയിച്ച് പറയാൻ യു.ഡി.എഫിനെ വെല്ലുവിളിച്ച് രംഗത്തുണ്ട്. സോളാർ കമീഷൻ റിപ്പോർട്ടിന്റെ പേരിൽ ഉമ്മൻ ചാണ്ടിക്കെതിരെ പിണറായി സർക്കാർ നടത്തിയ രാഷ്ട്രീയ നീക്കങ്ങളും സി.ബി.ഐ ഉൾപ്പെടെ ക്ലീൻ ചിറ്റ് നൽകിയതും ആവശ്യമെങ്കിൽ വിഷയമാക്കാൻ യു.ഡി.എഫ് ഉദ്ദേശിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ അതിനെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളും എൽ.ഡി.എഫ് തയാറാക്കിയിട്ടുണ്ട്. വരുംദിവസങ്ങളിൽ വാക്പോര് കൂടുതൽ രൂക്ഷമാക്കുന്ന നിലയിലാണ് പുതുപ്പള്ളിയിലെ പ്രചാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.