പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ: ഹൈകോടതി റിപ്പോർട്ട് തേടി
text_fieldsകൊച്ചി: ശബരിമല പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ നടത്തിയ സംഭവത്തിൽ ഹൈകോടതി അന്വേഷണ പുരോഗതി റിപ്പോർട്ട് തേടി. ശബരിമല സ്പെഷൽ കമീഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയ കേസെടുത്ത ജസ്റ്റിസ് അനിൽ. കെ നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചാണ് റിപ്പോർട്ട് നൽകാൻ പത്തനംതിട്ട ജില്ല പൊലീസ് മേധാവിക്കും പെരിയാർ വെസ്റ്റ് ഡിവിഷൻ വനം ഡെപ്യൂട്ടി ഡയറക്ടർക്കും നിർദേശം നൽകിയത്.
വിശദീകരണം നൽകാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും തിരുവിതാംകൂർ ദേവസ്വം ബോർഡും സമയം തേടിയതിനെ തുടർന്ന് ഹരജി ബുധനാഴ്ചത്തേക്ക് മാറ്റി.
മകരജ്യോതി തെളിയുന്ന പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ നടത്തിയത് ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ വിശ്വാസത്തെ ബാധിക്കുന്നതാണെന്നും ഹൈകോടതി ഇടപെടണമെന്നും ശബരിമല സ്പെഷൽ കമീഷണറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കും ദേവസ്വം ബോർഡിനുമൊപ്പം പത്തനംതിട്ട ജില്ല പൊലീസ് മേധാവിയെയും മൂഴിയാർ സ്റ്റേഷനിലെ എസ്.എച്ച്.ഒയെയും ഹൈകോടതി കക്ഷി ചേർത്തു. തുടർന്നാണ് റിപ്പോർട്ട് തേടിയത്.
പാലക്കാട് സ്വദേശി നാരായണ സ്വാമി ഉൾപ്പെടെ എട്ടു പേരാണ് സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളതെന്നും രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പെരിയാർ വെസ്റ്റ് ഡിവിഷനിലെ ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് നൽകി.
കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ സൂപ്പർവൈസർ രാജേന്ദ്രൻ കറുപ്പയ്യയെയും വർക്കർ സാബു മാത്യുവിനെയുമാണ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ പൊന്നമ്പലമേട്ടിലെ കൽത്തറയിൽ എത്തിച്ചത് ഇവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.