ഉമ്മയുടെ മകനാണെങ്കിൽ രാജ്യദ്രോഹി തന്നെ; ഇതെന്താ പുരാതന കലാ സംഘമാണോയെന്ന് ട്രോളൻമാർ
text_fieldsഎൽ.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പുരോഗമന കലാ സാഹിത്യ സംഘം (പു.ക.സ) പുറത്തിറക്കിയ വിഡിയോയിലെ പുരോഗമന വിരുദ്ധത കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. വംശീയമായ മുൻവിധിയോടെ തയാറാക്കിയ വിഡിയോക്കെതിരായ വിമർശനങ്ങളും ട്രോളും നിറയുകയാണ് അവിടെ.
ക്ഷേമ പെൻഷൻ ഗുണഭോക്താവായ ഒരു മുസ്ലിം സ്ത്രീയാണ് വിഡിയോയിലെ പ്രധാന കഥാപാത്രം. തന്നോട് പിണങ്ങിപ്പിരിഞ്ഞു കഴിയുന്ന മകന്‍റെ കുടുംബത്തിന് ഈ ക്ഷേമ പെൻഷനിൽ നിന്ന് തുക നൽകി സഹായിക്കാൻ പോകുകയാണ് അവർ. ഇതിനിടെ ഒരു വിദൂഷക കഥാപാത്രവുമായി അവർ നടത്തുന്ന സംസാരമാണ് വിഡിയോയിൽ ചിത്രീകരിച്ചിട്ടുള്ളത്.
ആ ഉമ്മയുടെ ഒരു മകൻ നേരത്തെ രാജ്യദ്രോഹിയാണ്. അവന്‍റെ മൃതദേഹം പോലും കാണേണ്ടെന്ന് പറഞ്ഞ ഉമ്മയുടെ രണ്ടാമത്തെ മകനും അവരോട് വഴക്കിട്ട് വേറെ കഴിയുകയാണ്. മുസ്ലിം ഉമ്മയുടെ മകനാകുേമ്പാൾ മിനിമം രാജ്യദ്രോഹിയെങ്കിലും ആകണമെന്ന വാശി പു.ക.സക്കും കയ്യൊഴിയാനാകുന്നില്ലെന്നാണ് വിമർശകർ ചൂണ്ടികാട്ടുന്നത്.
കേരളത്തിൽ ഒരിടത്തും നിലനിൽക്കുന്നില്ലാത്ത അപരിഷ്കൃത ഭാഷയാണ് ഉമ്മ സംസാരിക്കുന്നത്. ഭാഷയിലും വേഷത്തിലുമെല്ലാം പണ്ടെന്നോ നിർമിച്ച മുസ്ലിം വാർപ്പു മാതൃകകൾ അതേപോലെ പിന്തുടരുകയാണ് വിഡിയോയിൽ. വിഡിയോയുടെ പിന്നണിയിലുള്ളവർ 'പുരോഗമനം' എന്ന് സ്വന്തം പേരിൽ നിന്ന് ഉടനെ ഒഴിവാക്കണമെന്നാണ് വിമർശകർ ഉന്നയിക്കുന്നത്.
ഇടതുപ്രവർത്തകരും വിഡിയോക്കെതിരെ കമന്‍റ് ചെയ്യുന്നുണ്ട്. ഇടതുപക്ഷത്തെ ജയിപ്പിക്കാൻ ഇത്തരം വിഡിയോകളുടെ ആവശ്യമില്ലെന്നാണ് ഇടതുപ്രവർത്തകർ പറയുന്നത്.
പു.ക.സ എറണാകുളം ജില്ലാ കമ്മിറ്റി തയാറാക്കിയ വിഡിയോയിൽ വേഷമിട്ടിട്ടുള്ളത് തസ്നി ഖാനും കലാഭവൻ റഹ്മാനുമാണ്. പിണറായി സർക്കാറിന്‍റെ കരുതലിൽ ദാരിദ്ര്യം മറികടക്കുന്ന ഒരു പൂജാരിയുടെ വിഡിയോയും ഇതോടൊപ്പം പു.ക.സ പുറത്തിറക്കിയിട്ടുണ്ട്. ആ വിഡിയോയും സമാനമായ വിമർശനം നേരിടുന്നുണ്ട്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.