സഹപാഠികളൊരുക്കിയ സ്നേഹഭവനം ഇനി റിൻഷക്ക് സ്വന്തം
text_fieldsപുലാമന്തോൾ: ഗവ. ഹയർ സെക്കൻഡറി സ്കൂൾ സഹപാഠികളൊരുക്കിയ സ്നേഹഭവനം ഇനി തിരുനാരായണപുരം വടക്കേക്കരയിലെ പത്തായത്തൊടി റിൻഷക്ക് സ്വന്തം. വീടില്ലെന്ന എട്ടാം ക്ലാസുകാരി റിൻഷയുടെ ദുഃഖം സഹപാഠികൾ ഏറ്റെടുത്തതോടെ സ്കൂളിലെ സ്കൗട്ട്-എൻ.എസ്.എസ് യൂനിറ്റുകളുടെയും സാമൂഹിക സംഘാടനത്തിലൂടെയും സ്വപ്നം യാഥാർഥ്യമാവുകയായിരുന്നു. കൂലിവേല ചെയ്ത് കുടുംബം നോക്കിയിരുന്ന പിതാവ് പക്ഷാഘാതത്തിനടിമയായതോടെ വീടിലേക്കുള്ള വരുമാനം നിലച്ചു.
കഴിഞ്ഞവർഷമാണ് വീട് നിർമാണത്തിന് തുടക്കം കുറിച്ചത്. വീടുപണിയുടെ ഓരോ ഘട്ടത്തിലും ആവശ്യമായ കല്ല്, സിമൻറ് എന്നിവ കൊണ്ടുവരുന്നതടക്കമുള്ള എല്ലാ ജോലികളും വിദ്യാർഥികൾ തന്നെയാണ് ചെയ്തിരുന്നത്. പൂർവ വിദ്യാർഥികളും ഇവർക്ക് പിന്തുണയുമായെത്തിയിരുന്നു. അരോഗ്യ പ്രശ്നങ്ങളുള്ള മാതാവും പത്താംതരം വിദ്യാർഥിയായ സഹോദരനുമടങ്ങുന്നതാണ് റിൻഷയുടെ കുടുംബം. സ്കൗട്ട്-എൻ.എസ്.എസ് വളൻറിയർമാരുടെ നേതൃത്വത്തിൽ വീടിെൻറ താക്കോൽദാനം നടന്നു.
ജില്ല പഞ്ചായത്ത് അംഗം എം.കെ. റഫീഖ, ഗ്രാമപഞ്ചായത്ത് അംഗം ഖൈറുന്നിസ, കെ.ടി. ഇസ്സുദ്ദീൻ, സ്കൗട്ട് മാസ്റ്റർ ടി.പി. ശിവദാസൻ, എൻ.എസ്.എസ് പ്രോഗ്രാം കൺവീനർ ഷംസുദ്ദീൻ, സംഘാടക സമിതി ചെയർമാൻ മുഹമ്മദ് അഷ്റഫ്, പെയിൻ ആൻഡ് പാലിയേറ്റിവ് പ്രസിഡൻറ് ഇ.കെ. മുഹമ്മദ് ഹനീഫ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.