ഓണനാളിൽ ആനന്ദം നിറച്ച് പുലികളി അരങ്ങേറി
text_fieldsതൃശൂർ: പെരുംവയർ കുലുക്കി, അരമണി കിലുക്കി ആർത്തലച്ചൊരു പുലിക്കൂട്ടം തൃശൂർ നഗരനടുവിലേക്ക്. പതിനായിരങ്ങൾ ആർത്തുവിളിച്ചു, പുലി...പുലി... നാലാം ഓണനാളിൽ കാണികളിൽ ആനന്ദം നിറച്ച് തൃശൂർ സ്വരാജ് നഗറിൽ പുലികളി അരങ്ങേറി.
ബുധനാഴ്ച വൈകുന്നേരം അഞ്ചിന് പാട്ടുരായ്ക്കൽ ദേശം സംഘം സ്വരാജ് റൗണ്ടിലെ നായ്ക്കനാൽ ജങ്ഷനിൽ ഫ്ലാഗ് ഓഫ് നൽകിയതോടെ നൂറുകണക്കിന് പുലികൾ നഗരത്തിലിറങ്ങി. വലിയ കുംഭകളിൽ വരഞ്ഞിട്ട വായ തുറന്ന് ഗർജിക്കുന്ന പുലികളെ കാണാൻ സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിനാളുകൾ അണിനിരന്നു. പുലികൾക്കൊപ്പം നിശ്ചലദൃശ്യങ്ങളും മിഴിവേകി. വയനാട് ഉരുൾപൊട്ടൽ, പ്രകൃതിചൂഷണം, മതസൗഹാർദം, ഭരണഘടന, പൗരാണിക ദൃശ്യങ്ങൾ എന്നിവയൊക്കെ നിശ്ചലദൃശ്യങ്ങളിൽ നിറഞ്ഞു.
വയനാട് ഉരുൾപൊട്ടൽ പശ്ചാത്തലത്തിൽ പുലിക്കളി നടക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നെങ്കിലും ഒടുക്കം സർക്കാർ അനുവാദം നൽകുകയായിരുന്നു. തുടർന്ന് പുലിക്കളി സംഘങ്ങൾ സജീവമായി. വ്യത്യസ്തമാർന്ന പുലികളാണ് ഇക്കുറി നഗരം വിറപ്പിക്കാൻ ഇറങ്ങിയത്. കുട്ടികളും സ്ത്രീകളും ഒക്കെ പുലികളി സംഘങ്ങളിൽ അണിനിരന്നു.
ബിനി ജങ്ഷന് വഴി യുവജനസംഘം വിയ്യൂര്‍, വിയ്യൂര്‍ ദേശം പുലികളി സംഘം എന്നിവയും നടുവിലാല്‍ ജങ്ഷനിലൂടെ സീതാറാം മില്‍ ദേശം പുലികളി സംഘാടക സമിതി, ശങ്കരംകുളങ്ങര ദേശം പുലികളി ആഘോഷകമ്മിറ്റി, ചക്കാമുക്ക് ദേശം പുലികളി, കാനാട്ടുകര ദേശം പുലികളി എന്നീ സംഘങ്ങളും സ്വരാജ് റൗണ്ടില്‍ പ്രവേശിച്ചതോടെ ആവേശം ഇരട്ടിച്ചു. ഏഴ് സംഘങ്ങളിലെയും പുലികൾ നഗരനടുവിൽ വദ്യഘോഷങ്ങളോടെ ആറാടി നടന്നു. ഓരോ പുലികളി സംഘത്തിലും 35 മുതൽ 51 വരെ പുലികളും ഒരു പുലിവണ്ടിയും ഒരു നിശ്ചലദൃശ്യവും ഉണ്ടായിരുന്നു. റവന്യൂ മന്ത്രി കെ. രാജൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മേയർ എം.കെ. വർഗീസ്, കലക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ പുലിക്കളി കാണാനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.