പുല്ലാട് ജി ആൻഡ് ജി ഫിനാൻസ് പൂട്ടി ഉടമകള്‍ മുങ്ങി; വഴിയാധാരമായി നിക്ഷേപകർ
text_fieldsപത്തനംതിട്ട/കോഴഞ്ചേരി: നിക്ഷേപ തട്ടിപ്പ് വാർത്തകളിൽ മലയോര ജില്ല വീണ്ടും നിറയുന്നു. 150ഓളം പരാതികൾ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ എത്തിയതോടെ പുല്ലാട് തെള്ളിയൂർ ആസ്ഥാനമായ ജി ആന്‍ഡ് ജി ഫിനാന്‍സ് ഉടമകള്‍ കുടുംബസമേതം മുങ്ങി.
300 കോടിയില്‍പരം നിക്ഷേപം സ്വീകരിച്ചതായാണ് ലഭിക്കുന്ന കണക്കുകൾ. അരലക്ഷം മുതല്‍ ഒന്നരക്കോടിവരെ നിക്ഷേപത്തട്ടിപ്പില്‍ നഷ്ടമായവര്‍ എന്തു ചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുന്നു.
തെള്ളിയൂര്‍ ആസ്ഥാനമായ ജി ആന്‍ഡ് ജി ഫിനാന്‍സിയേഴ്സിന്റെ ഉടമ ശ്രീരാമസദനത്തില്‍ ഡി. ഗോപാലകൃഷ്ണന് നായര്‍, ഭാര്യ സിന്ധു, മകന് ഗോവിന്ദ്, മരുമകള്‍ ലക്ഷ്മി നായർ എന്നിവരാണ് ഒളിവിൽപോയത്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാണെന്ന് കോയിപ്രം എസ്.എച്ച്.ഒ പറഞ്ഞു. കോയിപ്രം സ്റ്റേഷനിൽ 90 കേസുകൾ രജിസ്റ്റർ ചെയ്തു. ഇവരുടെ തട്ടിപ്പ് സംബന്ധിച്ച് ഒരു വർഷം മുമ്പ് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ജനുവരി അവസാന ആഴ്ചയാണ് ഇവര്‍ കുടുംബസമേതം മുങ്ങിയത്. ഡിസംബര്‍ വരെ നിക്ഷേപകര്‍ക്ക് പലിശ നല്‍കിയിരുന്നു.
ഇതിന് മുമ്പുള്ള മാസങ്ങളില്‍ നിക്ഷേപ കാലാവധി പൂര്‍ത്തിയായവര്‍ തുക മടക്കി കിട്ടാൻ ഉടമകളെ സമീപിച്ചിരുന്നു. ഇവരോട് ഫണ്ട് വരാനുണ്ടെന്ന് പറഞ്ഞ് നീട്ടുകയായിരുന്നു. സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാര്‍ത്ത പരന്നതോടെ നിക്ഷേപകര്‍ കൂട്ടമായെത്തി. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന അവസ്ഥ വന്നതോടെ ഉടമകള്‍ നിക്ഷേപകരുടെ യോഗം വിളിച്ചു.
സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും പണം ഘട്ടങ്ങളിലായി മടക്കി നല്‍കാമെന്നും ജനുവരി 13ന് ചേര്‍ന്ന യോഗത്തില്‍ പറഞ്ഞു. നിക്ഷേപത്തിന്റെ ഒരു ശതമാനംവെച്ച് 100 മാസംകൊണ്ട് നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇത് നിക്ഷേപകര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് പ്രതിമാസം മുതലിന്റെ രണ്ടു ശതമാനം വീതം തിരികെ നല്‍കാമെന്ന ധാരണയിലെത്തി. എന്നാല്‍, ഒരാഴ്ചക്കുശേഷം ഉടമകള്‍ നാലുപേരും മുങ്ങി. രണ്ടു ജോലിക്കാര്‍ മാത്രം അവശേഷിച്ചു. ദിവസങ്ങള്‍ക്ക് ശേഷം ഇവരും അപ്രത്യക്ഷരായി. ഗോപാലകൃഷ്ണന് നായരുടെ കുടുംബവീടും ചുറ്റുമുള്ള അഞ്ചേക്കറും ഒരു ചിട്ടിക്കമ്പനി ഉടമക്ക് വിറ്റശേഷമാണ് മുങ്ങിയതെന്ന് നിക്ഷേപകര്‍ പറയുന്നു. പണം നഷ്ടമായവർ ചേർന്ന് സമരസമിതി രൂപവത്കരിച്ചിട്ടുണ്ട്.
ബഡ്സ് ആക്ടും ചുമത്തി
ജില്ലയില്‍ അഞ്ചു പോലീസ് സ്റ്റേഷനുകളിലായി നൂറിലധികം കേസുകളാണ് പുല്ലാട് ജി ആന്‍ഡ് ജി ഉടമകള്‍ക്കെതിരെ ചുമത്തിയത്. കോയിപ്രം -90, പന്തളം -16, കീഴ്വായ്പൂര് -5, ആറന്മുള -31, തിരുവല്ല -രണ്ട് എന്നിങ്ങനെയാണ് കേസുകള്‍. ഓരോ സ്റ്റേഷനിലും നിരവധി പരാതികളാണ് എത്തുന്നത്.
വിശ്വാസവഞ്ചന, ചതി എന്നിവക്ക് പുറമെ സാമ്പത്തിക തട്ടിപ്പിനുള്ള ബഡ്സ് ആക്ട് കൂടി ചുമത്തിയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ജീവനക്കാരെയും ഉൾപ്പെടുത്തിയാണ് നിക്ഷേപകർ പരാതി നൽകിയത്. ഇതിനിടെ സ്ഥാപനമുടമകള്ക്കെതിരെ ജീവനക്കാരും രംഗത്തുണ്ട്. ഉടമകള്‍ വിശ്വാസ വഞ്ചന നടത്തി മുങ്ങിയെന്ന് കാണിച്ച് എല്ലാ ജീവനക്കാരും ചേര്‍ന്ന് എസ്.പിക്ക് പരാതി നല്കി. ഓരോ ബ്രാഞ്ചിലെയും ജീവനക്കാര്‍ പ്രത്യേകമായി അതത് സ്റ്റേഷനുകളിലും പരാതി നല്കി.
മുമ്പ് പി.ആര്.ഡി; പൊട്ടിയപ്പോള്‍ ജി ആന്‍ഡ് ജി
ഗോപാലകൃഷ്ണന് നായരും സഹോദരന് ഡി. അനില്‍കുമാറും ചേര്‍ന്ന് പി.ആര്.ഡി ഫിനാന്‍സിയേഴ്സ് എന്ന സ്ഥാപനം വര്‍ഷങ്ങളായി നടത്തി വരുകയായിരുന്നു. ഇതില്‍ നിക്ഷേപിച്ച പണമെല്ലാം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ അനില്‍കുമാര്‍ മുടക്കി. പി.ആര്.ഡി ഫിനാന്‍സിയേഴ്സ്, പി.ആര്.ഡി ചിട്ടിഫണ്ട്, പി.ആര്.ഡി നിധി എന്നിങ്ങനെ പലതായി സ്ഥാപനം വളര്‍ന്നു. അവസാനം പി.ആര്.ഡി നിധി ഗോപാലകൃഷ്ണന്റെ ഉടമസ്ഥതയിലായി.
2022 ഒക്ടോബറില്‍ അനില്‍കുമാറിന്റെ പി.ആര്.ഡി പൊട്ടി. അപകടം മണത്ത ഗോപാലകൃഷ്ണന് നായര്‍ തന്റെ സ്ഥാപനത്തിന്റെ പേര് മാറ്റി ജി ആന്‍ഡ് ജി എന്നാക്കി മാറ്റി. ഗോപാലകൃഷ്ണന്, മകന് ഗോവിന്ദന് എന്നിവരുടെ പേരിന്റെ ആദ്യ ഇംഗ്ലീഷ് അക്ഷരം ചേര്‍ത്താണ് പേരിട്ടത്. പി.ആര്.ഡിയുമായി ബന്ധമില്ലെന്നും ജി ആന്‍ഡ് ജി വേറെ കമ്പനിയാണെന്നും ചൂണ്ടിക്കാട്ടി ഇവർ പത്തനംതിട്ട പ്രസ് ക്ലബിൽ വാർത്തസമ്മേളനം നടത്തി.
നിക്ഷേപകര്‍ക്ക് ഇത് ആശ്വാസ വാര്‍ത്തയായിരുന്നു. ഡി. അനില്‍കുമാറിനെയും കുടുംബത്തെയും സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തു. എട്ടു മാസത്തോളം ജയിലില്‍ കഴിഞ്ഞ ഇവര്‍ കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്.
ജി ആന്‍ഡ് ജി ഫിനാൻസ് ഉടമകൾ ആഡംബരജീവിതമാണ് നയിച്ചിരുന്നത്. 12 വീട്ടുജോലിക്കാര്‍, വിലകൂടിയ വാഹനങ്ങള്‍ ആറെണ്ണം. അഞ്ചേക്കര്‍ വരുന്ന വസ്തുവില്‍ കുടുംബവീടും മറ്റൊരു ആഡംബര വീടും. ഇതെല്ലാം വിറ്റുകിട്ടിയ പണവുമായാണ് ഉടമകള്‍ മുങ്ങിയത് എന്നാണ് വിവരം.
16 ശതമാനം പലിശ: പണം ഒഴുകിയെത്തി
നിക്ഷേപങ്ങൾക്ക് 16 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് ചിട്ടികമ്പനി ഉടമകൾ പണം സ്വീകരിച്ചത്. ദേശസാത്കൃത ബാങ്കിലെ നിക്ഷേപങ്ങള്‍ അടക്കം പിന്‍വലിച്ചാണ് പണം നൽകിയത്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലായി 50 ശാഖകൾ പ്രവർത്തിച്ചിരുന്നു. സ്ഥിരനിക്ഷേപത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല. പകരം, കാഷ് റെസീപ്റ്റാണ് നിക്ഷേപകരുടെ കൈവശമുള്ളത്. ഇതില്‍ ഉടമകള്‍ നേരിട്ട് കൈപ്പറ്റിയ പണത്തിന് പേഴ്സനല്‍ എന്നും ബ്രാഞ്ചുകളില്‍ നിക്ഷേപിച്ചാല്‍ അതിന്റെ പേരുമാണ് എഴുതിയിരുന്നത്. തങ്ങള്‍ക്ക് കിട്ടിയത് സ്ഥിരനിക്ഷേപത്തിനുള്ള സര്‍ട്ടിഫിക്കറ്റാണെന്നാണ് നിക്ഷേപകര്‍ കരുതിയിരുന്നത്. എന്നാല്‍, ഇത് കാഷ് റസീപ്റ്റാണെന്ന് സ്റ്റേഷനില്‍ പരാതിയുമായി ചെന്നപ്പോഴാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.