പുല്ലാട് രമാദേവി കൊലക്കേസ്: 17 വർഷം നീണ്ട ദുരൂഹത, പ്രതീക്ഷിച്ച സത്യം പുറത്തുവന്നെന്ന് നാട്ടുകാർ
text_fieldsകോഴഞ്ചേരി: പുല്ലാട് രമാദേവി കൊലക്കേസിലെ പ്രതി ഇവരുടെ ഭർത്താവാണെന്ന് അറിഞ്ഞപ്പോൾ നാട്ടുകാർ മാത്രം ഞെട്ടിയില്ല. രമാദേവിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ 17 വർഷം നീണ്ട ദുരൂഹതക്കാണ് അവസാനമായത്. അന്നേ നാട്ടുകാർ പറഞ്ഞിരുന്നു, രമാദേവിയുടെ കൊലപാതകത്തിൽ ആദ്യം സംശയിക്കേണ്ടത് ഭർത്താവ് ജനാർദനൻ നായരെത്തന്നെയാണെന്ന്. നീണ്ട നാളത്തെ അന്വേഷണത്തിലൂടെയാണ് ക്രൈംബ്രാഞ്ചിന് മുന്നിൽ ഒടുവിൽ സത്യം വെളിവായത്. 2006 മേയ് 26ന് വൈകീട്ട് ആറോടെയാണ് പുല്ലാട് വടക്കേകവല വടക്കേച്ചട്ടക്കുളത്ത് രമാദേവിയെ (50) വീട്ടിൽ കഴുത്തിന് വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തുന്നത്.
റിട്ട. പോസ്റ്റ്മാസ്റ്ററാണ് ജനാർദനൻ നായർ. ഭാര്യയിലുള്ള സംശയമാണ് അറുകൊലയിലേക്ക് നയിച്ചത്. രമാദേവിയുടെ വീടിന് സമീപം കെട്ടിടം പണിക്ക് എത്തിയ ചുടലമുത്തുവിനെയാണ് കേസിൽ ആദ്യം സംശയിച്ചത്. ഇവിടെനിന്ന് ഏകദേശം അരകിലോമീറ്റർ മാറി ഒരു വീട്ടിൽ തമിഴ്നാട്ടുകാരിയായ സ്ത്രീയുമൊന്നിച്ച് താമസിച്ചു വരുകയായിരുന്നു ഇയാൾ.
ചുടലമുത്തു വീട്ടിൽ വരുന്നത് ജനാർദനൻ നായർക്ക് ഇഷ്ടമല്ലായിരുന്നു. സംഭവദിവസം ഉച്ചക്ക് ശേഷം വീട്ടിലേക്ക് വിളിച്ച് രമാദേവി ഗീതാജ്ഞാന യജ്ഞത്തിന് പോകുന്നുണ്ടോയെന്ന് അന്വേഷിച്ചു. പോകരുതെന്ന് കർശനമായി വിലക്കി. വൈകീട്ട് വീട്ടിലെത്തിയ ജനാർദനൻ രമാദേവിയുമായി വഴക്ക് തുടങ്ങി. പിടിവലിയും അടിപിടിയും നടന്നു. പിന്നാലെ ഇവരെ വെട്ടിക്കൊലപ്പെടുത്തി. മോഷണമായിരുന്നു ലക്ഷ്യമെന്ന് അറിയിക്കാൻ ഇവരുടെ രണ്ടുപവന്റെ മാലയും എടുത്തുമാറ്റി. എന്നാൽ, അവരുടെ മറ്റ് സ്വർണാഭരണങ്ങൾ യഥാസ്ഥാനത്തുതന്നെ ഉണ്ടായിരുന്നു. വീട്ടിലെ അലമാരയിലുണ്ടായിരുന്ന 12 പവനും പണവും നഷ്ടപ്പെട്ടില്ല.
അന്വേഷണ സംഘത്തെ വട്ടംചുറ്റിക്കുകയായിരുന്നു ജനാർദനൻ നായർ ചെയ്തത്. കൊല നടത്തിയത് ചുടലമുത്തുവാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. പൊലീസ് ചുടലമുത്തുവിനെ സംശയിച്ച് തൊഴിലാളികളുടെ ക്യാമ്പിലെത്തിയെങ്കിലും കണ്ടെത്തിയില്ല. 27ന് രാവിലെ അയാൾ പത്തനംതിട്ട ജനറൽ ആശുപത്രി ഒ.പിയിൽ ഡോക്ടറെ കണ്ടതായി അറിഞ്ഞു. പൊലീസ് തന്നെ അന്വേഷിക്കുന്നുവെന്ന് മനസ്സിലാക്കിയ ചുടലമുത്തു ഒപ്പം താമസിച്ചിരുന്ന സ്ത്രീയെയും കൂട്ടി അന്നുതന്നെ മുങ്ങി. അയാൾ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും ഉറപ്പില്ലായിരുന്നു.
സംഭവത്തിൽ വിശദ അന്വേഷണം ആവശ്യമാണെന്ന് കാട്ടി ഹൈകോടതിയിൽ പോയതും ജനാർദനൻ നായർ തന്നെയാണ്.കേസിൽ അന്വേഷണം മന്ദഗതിയിലായതോടെ പഞ്ചായത്തംഗം പി. ഉണ്ണികൃഷ്ണൻ സെക്രട്ടറിയായി ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു.അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടി സ്ഥലം സന്ദർശിച്ചപ്പോൾ കേസ് അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നിവേദനം നൽകി. പൊലീസ് സ്റ്റേഷൻ ധർണ അടക്കം സമരപരിപാടികൾക്കും രൂപംനൽകി.
കേസ് പുനരന്വേഷണ ഭാഗമായി നാലുമാസം മുമ്പ് കൃത്യം നടന്ന വീടിന്റെ കട്ടിളയുടെ ഡമ്മി തയാറാക്കി പരീക്ഷണം നടത്തിയാണ് ജനാർദനനെ കുടുക്കിയത്. സംഭവശേഷം ഇയാൾ നൽകിയ മൊഴിയാണ് അന്വേഷണ സംഘം പരിശോധിച്ചത്. കൃത്യം നടത്തിയയാൾ പുറത്തിറങ്ങി കതക് അടച്ചശേഷം അകത്തെ കുറ്റിയിട്ടെന്നായിരുന്നു മൊഴി. സംഭവത്തിന് ഒന്നര വർഷത്തിനു ശേഷം വീട് പൊളിച്ചുമാറ്റിയിരുന്നു. അന്നത്തെ വീടിന്റെ ചിത്രവും മഹസറിലെ വിവരങ്ങളും വെച്ചാണ് കട്ടിളയുടെ പുനരാവിഷ്കരണം നടത്തിയത്.കൊലപാതകം നടന്ന വീട് പുല്ലാട് ഇല്ലെങ്കിലും നടപടിക്രമങ്ങളുടെ ഭാഗമായി ഇവിടേക്ക് കൊണ്ടുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.